തിരുവനന്തപുരം ∙ മുൻ റേഡിയോ ജോക്കി മടവൂർ പടിഞ്ഞാറ്റേല ആശാനിവാസിൽ രാജേഷ് കുമാറിനെ(34) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ, ഏക സാക്ഷിയും രാജേഷിന്റെ അടുത്ത സുഹൃത്തുമായ കുട്ടൻ ആദ്യമൊഴി മാറ്റിയതോടെ കേസ് വഴിത്തിരിവിലേക്ക്. സംഭവദിവസം പ്രതികളുടെ ആക്രമണത്തിൽ പരുക്കേറ്റ വെളളൂർ തേവലക്കാട് തില്ല വിലാസത്തിൽ കുട്ടനാണ് നിലവിൽ കോടതിയിൽ നൽകിയിരുന്ന ആദ്യ മൊഴി മാറ്റി പ്രതികൾക്ക് അനുകൂലമായി മൊഴി നൽകിയത്.
മൊഴിമാറ്റിയ സാഹചര്യത്തിൽ കേസിലെ ഏക സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്നുള്ള പ്രോസിക്യൂഷന്റെ ആവശ്യത്തിന് അഡിഷനൽ ജില്ലാ സെഷൻസ് ജഡ്ജി കെ.പി.അനിൽകുമാർ അനുമതി നൽകി. പ്രതികൾ തന്നെയും രാജേഷിനെയും ആക്രമിക്കാൻ എത്തിയപ്പോൾ മങ്കി ക്യാപ് ആണ് ധരിച്ചിരുന്നതെന്നായിരുന്നു കുട്ടൻ ആദ്യം കോടതിയിൽ മൊഴി നൽകിയിരുന്നത്.
പ്രതികൾ പൂർണ്ണമായി മുഖം മറച്ചിരുന്നതിനാൽ ആരാണ് തങ്ങളെ ആക്രമിച്ചതെന്ന് അറിയില്ലെന്നാണ് കുട്ടൻ കോടതിയോടു പറഞ്ഞത്. ആദ്യ മൊഴി നൽകിയത് പൊലീസ് നിർദേശ പ്രകാരമായിരുന്നുവെന്നും പൊലീസിനെ ഭയന്നാണ് അന്നു മൊഴി നൽകിയതെന്നും കുട്ടൻ കോടതിയെ അറിയിച്ചു.