ADVERTISEMENT

കോവളം ∙ കഴക്കൂട്ടം കാരോട് - ബൈപാസിൽ തിരുവല്ലത്ത് ടോൾ പ്ലാസ പ്രവർത്തനം തുടങ്ങിയതിനു പിന്നാലെ ഇതു വഴിയുണ്ടായിരുന്ന കെഎസ്ആർടിസി ബസ് സർവീസുകളെല്ലാം ഒരു വർഷം മുൻപ് നിർത്തിയതോടെ ജനങ്ങൾ ദുരിതത്തിൽ.  അമിത ടോൾ നിരക്കു താങ്ങാനാവില്ലെന്ന പേരിലാണ് സർവീസുകൾ അവസാനിപ്പിച്ചത്. ഇക്കാരണത്താൽ   തിരുവല്ലം, പനത്തുറ, പാച്ചല്ലൂർ, വാഴമുട്ടം തുടങ്ങി മത്സ്യത്തൊഴിലാളി മേഖല ഉൾപ്പെടെ വലിയൊരു മേഖലയിലെ ജനം ബസ് സർവീസിനായി കിലോമീറ്ററുകൾ താണ്ടേണ്ട സ്ഥിതിയാണ്. ടോൾ നിരക്കുകൾ താങ്ങാൻ കഴിയില്ലെന്ന് കെഎസ്ആർടിസി അധികൃതർ ചൂണ്ടിക്കാട്ടുന്നു. സിറ്റിയെ കൂടാതെ വിഴിഞ്ഞം, പൂവാർ, പാറശാല ഡിപ്പോകളിൽ നിന്നു ഇടവിട്ട് ഇതു വഴിയുണ്ടായിരുന്ന അനേകം സർവീസുകളാണ് അടിക്കടിയുള്ള ടോൾ നിരക്കു വർധന കാരണം നിർത്തിയത്.

തുടക്കത്തിൽ 300 ൽ താഴെ രൂപ ഈടാക്കിയ സമയത്ത് സർവീസ് നടത്തിയിരുന്നു. എന്നാൽ, സർവീസ് ഒന്നിന് 510 രൂപ നൽകണം എന്ന കർശന വ്യവസ്ഥ വന്നതോടെ വരുമാനത്തിൽ നല്ലൊരു പങ്കും ടോൾ ഇനത്തിൽ നഷ്ടപ്പെടുന്നത് താങ്ങാനാകാത്ത പേരിൽ ഇതുവഴിയുള്ള സർവീസ് ഡിപ്പോ അധികൃതർ ഒഴിവാക്കി.  ഇപ്പോഴത്തെ നിരക്ക് അനുസരിച്ച് ബസ് ഒരു തവണ ടോൾ കടന്നു പോകുന്നതിന് 765 രൂപ അടയ്ക്കണം. ബൈപാസ് റൈഡർ എന്ന പേരിൽ ആറ്റിങ്ങലിലേക്കു വരെ ഇതുവഴി സർവീസ് ഉണ്ടായിരുന്നു. എല്ലാ സർവീസിലും നിറയെ യാത്രികരും ഉണ്ടായിരുന്നു. പനത്തുറ, തോപ്പടി, പാച്ചല്ലൂർ, തുടങ്ങി തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ഉൾപ്പെടുന്ന മേഖലകൾക്ക് ഈ സർവീസുകൾ യാത്രാ സൗകര്യമായിരുന്നു.

പ്രതിഷേധം കടുപ്പിക്കാൻ നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും 

കോവളം ∙ തിരുവല്ലത്തെ ടോൾ പ്ലാസയിലെ അമിത ടോൾ നിരക്കിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം. അടിക്കടിയുള്ള ടോൾ നിരക്കു വർധന എല്ലാത്തരം വിഭാഗങ്ങളെയും ബാധിച്ചതോടെ വരും നാളുകളിൽ ഇതിനെതിരെ വലിയ സമര പോരാട്ടങ്ങൾ ഉയരാനാണ് സാധ്യത. ടോൾ പ്ലാസയിലെ സമരമുഖത്തിനൊപ്പം ദേശീയ പാത അതോറിറ്റി ഓഫിസിലേക്കും സമരം വ്യാപിപ്പിച്ചേക്കും എന്നു സൂചനയുണ്ട്. കോൺഗ്രസ്, സിപിഐ, നാഷനൽ യൂത്ത് ലീഗ് തുടങ്ങിയ കക്ഷികൾ സമരം നടത്തിക്കഴിഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com