ഫോമാലിൻ,അമോണിയ... മാർക്കറ്റുകളിൽ വിഷമത്സ്യ വിൽപനയെന്ന് പരാതി

Mail This Article
കല്ലമ്പലം∙പൊതു സമൂഹത്തിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന വിഷ മത്സ്യ വിൽപന തടയാൻ ശക്തമായ നടപടി വേണമെന്ന് ആവശ്യം. ഇതു സംബന്ധിച്ച് പരാതിയുമായി റസിഡൻസ് അസോസിയേഷനുകളും പ്രമുഖ സംഘടനകളും നേരത്തെ രംഗത്തുണ്ടെങ്കിലും നടപടികൾ ഫലപ്രദം അല്ലെന്നാണ് പരാതി. കഴിഞ്ഞ രണ്ട് ദിവസം മുൻപാണ് കല്ലമ്പലം മാർക്കറ്റിൽ നിന്ന് 20 കിലോ കേടായ ചൂര മത്സ്യം പിടികൂടി നശിപ്പിച്ചത്. ഫോമാലിൻ,അമോണിയ തുടങ്ങിയവയാണ് പ്രധാനമായും മത്സ്യം കേടാകാതിരിക്കാൻ ഇപ്പോൾ ഉപയോഗിച്ച് വരുന്നത്. ഇതിന്റെ വീര്യം കൂടുന്നതിന് അനുസരിച്ച് മത്സ്യം കൂടുതൽ നാളുകൾ കേടാകാതെ സൂക്ഷിക്കാനാകും എന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്.
മൊബൈൽ ലാബിന്റെ സഹായത്തോടെ ആരോഗ്യവിഭാഗം മാർക്കറ്റുകളിൽ എത്തി പരിശോധന നടത്തിയാണ് മത്സ്യത്തിന്റെ ഗുണനിലവാരം തിരിച്ചറിയുന്നത്. നിത്യവും മാർക്കറ്റുകളിൽ വിഷം ചേർത്ത മത്സ്യം വിൽക്കുന്നതായി വ്യാപക പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ 6 മാസത്തിലോ,3 മാസത്തിൽ ഒരിക്കലോ മാത്രമാണ് പരിശോധന നടക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ എങ്കിലും കൃത്യമായ പരിശോധന നടത്തിയില്ലെങ്കിൽ ജനങ്ങളുടെ ആരോഗ്യത്തെ മത്സ്യം സാരമായി ബാധിക്കാൻ ആണ് സാധ്യത എന്നും ആക്ഷേപമുണ്ട്. 3 മാസം മുൻപ് കല്ലമ്പലം പള്ളിക്കൽ മാർക്കറ്റുകളിൽ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ കേടായ ചാള,ചൂര,ഞണ്ട്,മത്തി തുടങ്ങിയവ കിലോ കണക്കിന് പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.