ADVERTISEMENT

പാറശാല∙അതിർത്തി ചെക്പോസ്റ്റുകളിൽ ഇന്നലെ ആരംഭിച്ച വാഹന യാത്രക്കാരുടെ പരിശോധന കോവിഡ് കാലത്തിന്റെ ഒ‍ാർമപ്പെടുത്തലായി. ലോക്ഡൗൺ ഇളവുകൾക്കു ശേഷം ആദ്യമായിട്ടാണ് ചെക്പോസ്റ്റുകളിൽ വീണ്ടും ആരോഗ്യ വകുപ്പ് പരിശോധന ആരംഭിച്ചത്. ഇന്നലെ രാവിലെ ചെക്പോസ്റ്റിലെ പരിശോധന സംസ്ഥാനത്ത് നിന്നു തമിഴ്നാട്ടിലേക്ക് പോയ യാത്രക്കാരെ ആദ്യം ഞെട്ടിച്ചു. പനി അടക്കം പരിശോധനകൾ നടത്തിയ ശേഷം ആണ് സ്വകാര്യ വാഹനങ്ങളിൽ എത്തിയ യാത്രക്കാരെ കടത്തിവിട്ടത്. കോവിഡ് നിറഞ്ഞാടിയ പല ഘട്ടത്തിലും വാഹന ഗതാഗതം വരെ അതിർത്തിയുടെ പല ഭാഗത്തും നിലച്ചിരുന്നു. 

രണ്ടാം ലോക്ഡൗൺ പിൻവലിച്ച് മാസങ്ങൾക്ക് ശേഷം ആണ് ഇരു സംസ്ഥാനങ്ങളിലെയും ട്രാൻസ്പോർട്ട് ബസുകൾ സർവീസ് പുനരാരംഭിച്ചത്. നാഗർകോവിൽ പോകേണ്ടവർ ഇഞ്ചിവിള ബസ് ഇറങ്ങി കാൽനടയായി ഇരുന്നുറു മീറ്ററോളം നടന്ന് കളിയിക്കാവിള ബസ് സ്റ്റാൻഡിലും തിരുവനന്തപുരത്തേക്ക് പോകേണ്ടവർ കളിയിക്കാവിള ഇറങ്ങി നടന്ന് ഇഞ്ചിവിളയിൽ എത്തേണ്ടതും യാത്രക്കാർക്ക് കടുത്ത ബുദ്ധിമുട്ട് തന്നെ സൃഷ്ടിച്ചു. രാത്രി എട്ടു മണി കഴിഞ്ഞാൽ ബസ് സർവീസ് നിലയ്ക്കും. ലോക്ഡൗണിൽ ഏറെ ദുരിതം അനുഭവിച്ചത് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പെട്ട അതിർത്തിക്ക് സമീപത്തെ താമസക്കാർ ആയിരുന്നു. കർശന നിയന്ത്രണങ്ങൾ മൂലം രോഗബാധിതർക്ക് ചികിത്സ പോലും കിട്ടാത്ത സാഹചര്യങ്ങൾ വരെ ഉണ്ടായി. 

ഉറ്റ ബന്ധുക്കളുടെ മരണങ്ങളിൽ പോലും പങ്കെടുക്കാൻ ഉദ്യോ‍ഗസ്ഥരുടെ കനിവിനായി കാത്തു നിന്ന കാലം ഇരുസംസ്ഥാനങ്ങളിലെയും അതിർത്തി നിവാസികൾക്ക് ഇന്നും ഭീതിപ്പെടുത്തുന്ന ഒ‍ാർമ ആണ്. കാൻസർ അടക്കം ചികിത്സകൾക്ക് തലസ്ഥാനത്തെ ആശുപത്രികളെ ആശ്രയിച്ചിരുന്ന കന്യാകുമാരി ജില്ലയിൽ പെട്ട ഒട്ടേറെ പേർക്ക് തുടർ പരിശോധനകൾ മുടങ്ങിയ സംഭവം വരെ ഉണ്ടായി. ലോക്ഡൗൺ നാളിൽ നാഗർകോവിൽ സ്വദേശിയായ പിഞ്ചു കുഞ്ഞിനു അടിയന്തര ഹൃദയ ശസ്ത്രക്രിയകൾക്ക് വേണ്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കാനും തിരിച്ചു കെ‍ാണ്ടുവരാനും ഉന്നത ഇടപെടൽ തന്നെ വേണ്ടി വന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com