ADVERTISEMENT

വിതുര∙ എംപ്ലോയ്മെന്റ് എംപാനൽ ജീവനക്കാരിൽ ഒരു സംഘം പേർ മടങ്ങിയെത്തി മാസങ്ങൾ ആയിട്ടും സർവീസുകളുടെ എണ്ണം കൂട്ടാതെ വിതുര കെഎസ്ആർടിസി ഡിപ്പോ. വിതുര ഡിപ്പോയിൽ നിന്നുള്ള അവാസന ട്രിപ്പിന്റെ സമയം നീട്ടണമെന്നും സ്റ്റേ സർവീസുകൾ പുനരാരംഭിക്കണം എന്നും ആവശ്യം ഉയരുന്നുണ്ടെങ്കിലും അധികൃതർ ഗൗനിക്കുന്നില്ല. കോവിഡിന്റെ വരവിനു ശേഷം ബസ് സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിൽ കെഎസ്ആർടിസി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എംപാനൽ ജീവനക്കാരെ നേരത്തെ പിരിച്ചു വിട്ടു സാഹചര്യം കൂടി ഉണ്ടായിരുന്നതോടെ കോവിഡ് നിയന്ത്രണം നീങ്ങിയപ്പോൾ പഴയതു പോലെ സർവീസുകൾ ക്രമീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ജീവനക്കാരുടെ എണ്ണക്കുറവാണു തടസ്സം എന്നായിരുന്നു വിശദീകരണം.മുൻപു പിരിച്ചു വിട്ട എംപാനൽ ജീവനക്കാരിൽ‌ ഒരു വിഭാഗം തിരിച്ചു സർവീസിൽ പ്രവേശിച്ചിട്ടു മാസങ്ങളായി. ഇവരുടെ സേവനം കൂടി ലഭ്യമായതോടെ അവസാന ട്രിപ്പുകളും സ്റ്റേ സർവീസുകളും പഴയതു പോലെ ക്രമീകരിക്കും എന്നാണ് കരുതിയിരുന്നത് എങ്കിലും യാത്രക്കാർക്ക് അനുകൂലമായ ഇടപെടൽ നാളിതു വരെ ഉണ്ടായിട്ടില്ല. 

യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുന്ന രീതി ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ സർവീസുകളുടെ എണ്ണത്തിൽ ന്യായമായ വർധന ഉണ്ടാകാത്തതു ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. നിലവിൽ വിതുരയിൽ നിന്നും ഒരു സമയം കഴിഞ്ഞാൽ തിരുവനന്തപുരം ഭാഗത്തേക്കു പോകാനോ തിരുവനന്തപുരത്തു നിന്നും വിതുരയിലേക്കു വരാനോ ബസില്ല എന്നതു വലിയ ബുദ്ധിമുട്ടാണ്.അഞ്ഞൂറിലധികം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന വിതുരയിൽ കോവിഡിന്റെ വരവിനു മുൻപു 9.40 ന് ആയിരുന്നു തിരുവനന്തപുരത്തേക്കുള്ള അവസാന സർവീസ്. എന്നാൽ ഇന്ന് അതു വൈകിട്ടു 6.15 ന് ആണ്. 6.40 നും 7 നും 8 നും ഓരോ നെടുമങ്ങാട് ട്രിപ്പും ഒഴിച്ചാൽ വിതുരയിൽ നിന്നും തിരുവനന്തപുരത്തേക്കു പോകണമെങ്കിൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വരും.

‍തിരുവനന്തപുരത്തും നിന്നും വിതുരയിലേക്കു കോവിഡിനു മുൻപു അവസാന സർവീസ് 9.50 ന് ആയിരുന്നു. 9 നും സർവീസ് ഉണ്ടായിരുന്നു. എന്നാൽ നിലവിൽ 8 മണി കഴിഞ്ഞാൽ ബസില്ല. വൈകിട്ട് 6 ന് ശേഷം വളരെ കുറച്ച് സർവീസുകൾ‌ മാത്രമേ തിരുവനന്തപുരത്തു നിന്നും വിതുരയിലേക്കുള്ളൂ. ഈ സ്ഥിതിക്കു ജീവനക്കാരുടെ എണ്ണത്തിലും യാത്രക്കാരിലും വർധന ഉണ്ടായ സാഹചര്യത്തിൽ മാറ്റമുണ്ടാകണം. രാത്രി 8 നു തിരുവനന്തപുരത്തു നിന്നും വിതുരയിലേക്കു പുറപ്പെടുന്ന അവസാന സർവീസ് ഞായറാഴ്ച ദിവസങ്ങളിൽ ഓപ്പറേറ്റ് ചെയ്യുന്നില്ലെന്നതും പ്രശ്നമാണ്. നഗരത്തിൽ നിന്നും വിതുരയിലേക്കുള്ള അവസാന ബസ് വളരെ നേരത്തെ ആയതിനാൽ പലപ്പോഴും സ്വകാര്യ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ ഒന്നര മണിക്കൂറെങ്കിലും നേരത്തെ ജോലി മതിയാക്കി മടങ്ങേണ്ടി വരും. ഇതു വരുമാനത്തെ ബാധിക്കുന്നതയി പരാതിയുണ്ട്. കോവിഡിന്റെ ആലസ്യത്തിൽ നിന്നും നാട് മുക്തമായിട്ടും ജോലി സ്ഥലത്തു നിന്നും നേരത്തെ ഇറങ്ങണം എന്ന് ആവശ്യപ്പെടുന്നതു പലരുടെയും ജോലി നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. ബസ് സർവീസുകൾ പഴയതു പോലെ ക്രമീകരിക്കുന്നതു ഇങ്ങനെയുള്ള പലർക്കും ആശ്വാസം പകരും.  

കലക്‌ഷൻ കൂടി; ബസ് സർവീസുകൾ കൂട്ടിയില്ല

പൊന്മുടി∙ മലയോര ഡിപ്പോകളിലെ കലക്‌ഷനിൽ ഓണക്കാലത്തിനു ശേഷം കാര്യമായ വർധനയാണു രേഖപ്പെടുത്തിയത്. പ്രത്യേകിച്ചു പൊന്മുടി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ട്രിപ്പുകൾ വലിയ ലാഭത്തിലാണ്. തിരക്ക് കൂടുതലുള്ള ഇടങ്ങളിലേക്കു യഥാ സമയം കൂടുതൽ സർവീസുകൾ ഏർപ്പെടുത്താനുള്ള നീക്കം അധികൃതരുടെ ഭാഗത്തു നിന്നും ഇല്ല എന്നതും പ്രശ്നമാണ്. നിലവിൽ പൊന്മുടി ബസുകൾ പൊന്മുടിയിലേക്കും തിരിച്ചു സൂചി കുത്താൻ ഇടയില്ലാതെ ആണു സർവീസ് നടത്തുന്നത്. പൊന്മുടിയിലേക്കുള്ള ബസ് യാത്രക്കാരുടെ എണ്ണത്തിലും വർധന ദിവസേന സംഭവിക്കുന്നുണ്ട്. കലക്‌ഷനിൽ അതു പ്രതിഫലിക്കുന്നുമുണ്ട്. അതു കൂടി പരിഗണിച്ചു കൂടുതൽ സർവീസുകൾ അനുവദിക്കണം എന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com