വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിട്ടില്ല; ലോഗോ പ്രകാശനച്ചടങ്ങിൽ ചിത്രമുള്ള ബാഡ്ജുമായി വിൻസന്റിന്റെ പ്രതിഷേധം

Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ലോഗോ പ്രകാശനച്ചടങ്ങിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തി എം.വിൻസന്റ് എംഎൽഎയുടെ പ്രതിഷേധം. മുഖ്യമന്ത്രിയെന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ സംഭാവനയായ തുറമുഖത്തിന് അദ്ദേഹത്തിന്റെ പേരു നൽകണമെന്ന ആവശ്യം വിൻസന്റ് ഉയർത്തിയിരുന്നു. ബാഡ്ജ് ധരിച്ചു സദസ്സിന്റെ മുൻനിരയിൽ ഇരുന്ന വിൻസന്റ് ചടങ്ങ് അവസാനിച്ച ശേഷമാണു മടങ്ങിയത്.മുഖ്യമന്ത്രി പോയിക്കഴിഞ്ഞു മന്ത്രി അഹമ്മദ് ദേവർകോവിൽ എംഎൽഎയെ വേദിയിലേക്കു വിളിച്ചെങ്കിലും അദ്ദേഹം നിരസിച്ചു.
സ്ഥലം എംഎൽഎ എന്ന നിലയിൽ വിൻസന്റിനോ, എംപിയെന്ന നിലയിൽ ഡോ.ശശി തരൂരിനോ ചടങ്ങിലേക്ക് ഔദ്യോഗിക ക്ഷണം ഇല്ലായിരുന്നു. തുറമുഖത്തിനു ഉമ്മൻ ചാണ്ടിയുടെ പേരു നൽകണമെന്നു നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കാൻ അനുമതി ലഭിച്ചില്ലെന്നു വിൻസന്റ് പറഞ്ഞു. ഇതിനു പിന്നാലെയാണു തന്നെയും തരൂരിനെയും തഴഞ്ഞത്. സദസ്സിലേക്കു മാത്രമുള്ള ക്ഷണപത്രമാണ് ഓഫിസിൽ ലഭിച്ചത്. ചടങ്ങ് നടന്നതു തിരുവനന്തപുരത്തായതിനാലാണു ക്ഷണിക്കാത്തതെന്നാണു സംഘാടകർ അറിയിച്ചത്.
എങ്കിൽ തിരുവനന്തപുരത്തിന്റെ എംപിയായ തരൂരിനെ ക്ഷണിക്കേണ്ടതായിരുന്നു. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് എന്നതിനാലാണു ചടങ്ങ് ബഹിഷ്കരിക്കേണ്ടതില്ലെന്നു തീരുമാനിച്ചത്. വർഷങ്ങൾക്കു മുൻപ് പദ്ധതിയുടെ നിർമാണോദ്ഘാടനം ബഹിഷ്കരിച്ച പിണറായി വിജയനാണ് ഇപ്പോൾ ലോഗോ പ്രകാശനം ചെയ്തതെന്നും വിൻസന്റ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local