‘സ്വിഫ്റ്റ്’ ബസിലെ ജോലി വാഗ്ദാനം വിശ്വസിച്ച് ഉണ്ടായിരുന്ന ജോലി കളഞ്ഞു; സ്വരൂപ് സഹപാഠിക്ക് നൽകിയത് ‘എട്ടിന്റെ പണി’

Mail This Article
തിരുവനന്തപുരം∙ കെഎസ്ആർടിസി സ്വിഫ്റ്റിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി സ്വരൂപ് കണ്ണൻ സഹപാഠിക്ക് നൽകിയത് എട്ടിന്റെ പണി. ജോലി വാങ്ങി നൽകാമെന്നു പറഞ്ഞു പണം വാങ്ങിയ സ്വരൂപ് സഹപാഠിയുടെ ഭോപാലിലെ ജോലി നിർബന്ധിപ്പിച്ച് രാജിവയ്പിക്കുകയും ചെയ്തു. അയൽവാസി കൂടിയായ ശ്രീവരാഹം സ്വദേശി സായ്കൃഷ്ണയ്ക്ക് ആണ് പണവും ജോലിയും നഷ്ടമായത്. ഭോപാലിൽ മലയാളി അസോസിയേഷൻ ബോർഡിന്റെ പ്രമുഖ ക്ഷേത്രത്തിലെ പൂജാരി ആയിരുന്നു സായ് കൃഷ്ണ. 32,000 രൂപ ആയിരുന്നു ഇവിടെ ശമ്പളം. കെഎസ്ആർടിസിയിൽ 30,000 രൂപ ശമ്പളത്തിന് അക്കൗണ്ടന്റ് ആയി നിയമനം വാങ്ങി നൽകാമെന്നു പറഞ്ഞാണ് സ്വരൂപ് സമീപിച്ചത്. സ്വരൂപിന്റെ ഉറപ്പിൽ സായ്കൃഷ്ണ ജോലി രാജിവച്ചു.
ഭാര്യയ്ക്കു ബാങ്കിൽ ഉണ്ടായിരുന്ന പാർട് ടൈം ജോലിയും കളഞ്ഞു. നാട്ടിൽ തിരിച്ചെത്തി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല. 48,000 രൂപയും 70,000 രൂപ വിലയുള്ള മൊബൈൽ ഫോണും ആണ് തട്ടിയെടുത്തത്. സ്വരൂപ് കണ്ണനെ കൂടുതൽ ചോദ്യം ചെയ്യലിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്നും ഫോർട്ട് എസ്എച്ച്ഒ ജെ.രാകേഷ് പറഞ്ഞു.
പണം നാടുചുറ്റാൻ
തട്ടിച്ചെടുത്ത പണം കൊണ്ട് സ്വരൂപ് ടൂർ പോയത് ഗോവയിലും മണാലിയിലും. കുടുംബസമേതം തിരുവണ്ണാമലയിലും യാത്ര പോയി. ഗോവയിൽ ആഡംബര ഹോട്ടലുകളിൽ താമസിച്ചും മൊബൈൽ ഫോണുകൾ വാങ്ങി കൂട്ടിയും പണം അടിച്ചു തീർത്തെന്നും പൊലീസ് പറഞ്ഞു. യാത്രയുടെ എല്ലാ ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിൽ ഇയാൾ ഷെയർ ചെയ്തിരുന്നു. തുവണ്ണാമലയിൽ പോകുന്നതിനു ഒരാഴ്ച്ച മുൻപ് ഉദ്യോഗാർഥികളിൽ നിന്നു 3000 രൂപ വീതം പിരിച്ചെടുത്തിരുന്നു. ജോലിക്കൊന്നും പോകാത്ത സ്വരൂപ് ആഡംബര ജീവിതത്തിനു വേണ്ടിയാണ് തട്ടിപ്പ് നടത്തിയതെന്നും പൊലീസ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local