പിഎസ്‌സി ജോലി തട്ടിപ്പ്; നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ രൂപ

Mail This Article
തിരുവനന്തപുരം∙ പിഎസ്‌സി വഴി ജോലി വാഗ്ദാനം ചെയ്തു അഞ്ചംഗ സംഘം നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി ഒരു കോടിയിലേക്ക്. പണം നഷ്ടമായ 84 ഉദ്യോഗാർഥികളിൽ ഇരുപത്തഞ്ചോളം പേരുടെ ബാങ്ക് രേഖകൾ പരിശോധിച്ചപ്പോൾ തന്നെ 81 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. പരിശോധന പൂർത്തിയാകുമ്പോൾ തട്ടിപ്പിന്റെ വ്യാപ്തി ഒരു കോടി കടക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഉദ്യോഗാർഥികളിൽ നിന്നു 2 മുതൽ 4 ലക്ഷം രൂപ വരെയാണ് തട്ടിയത്. പണം നഷ്ടമായവർക്ക് പൊലീസ് നോട്ടിസ് അയച്ചെങ്കിലും കുറച്ചുപേർ മാത്രമേ ഹാജരായിട്ടുള്ളൂ. വളഞ്ഞ വഴിയിൽ ജോലി തരപ്പെടുത്താൻ ശ്രമിച്ചതിന്റെ ജാള്യം കാരണം പലരും പണം നഷ്ടപ്പെട്ട വിവരം പുറത്തു പറയുന്നില്ല. കേസിൽ പ്രതികളാകുമോ എന്നു ഭയപ്പെടുന്നവരുമുണ്ട്.
വായ്പ എടുത്തും സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയും പണം നൽകി പ്രതിസന്ധിയിലായ ചിലർ മാത്രമാണ് പൊലീസിൽ മൊഴി നൽകാൻ തയാറായത്. തട്ടിപ്പുസംഘം പണം നൽകിയ ഉദ്യോഗാർഥികൾക്കായി രൂപീകരിച്ച വാട്സാപ് ഗ്രൂപ്പിൽ നിന്നു തട്ടിപ്പിന് ഇരയായവരെ കണ്ടെത്തി നോട്ടിസ് നൽകിയാണ് വിളിപ്പിക്കുന്നത്. പണം നഷ്ടമായതിൽ പരാതി ഇല്ലെന്നും തുടർ നടപടികളിൽ നിന്നു ഒഴിവാക്കണമെന്നുമാണ് പലരും പറയുന്നത്.
രണ്ടു പ്രതികൾ കൂടി ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു. ഒന്നാം പ്രതി അടൂർ സ്വദേശി രാജലക്ഷ്മിയുടെ ഭർത്താവ് ജിതിൻ ലാൽ, രണ്ടാം പ്രതി തൃശൂർ സ്വദേശി രശ്മിയുടെ ഭർത്താവ് ശ്രീജേഷ് എന്നിവർ ഒളിവിലാണ്. നാലാം പ്രതി ജിതിൻ ലാലിന്റെ അക്കൗണ്ടിലേക്ക് ആണ് തട്ടിയെടുത്ത പണം മുഴുവൻ എത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. രാജലക്ഷ്മിയുടെ സുഹൃത്ത് ജോയ്സിയാണ് കേസിലെ അഞ്ചാം പ്രതി. 2022 മുതൽ ആണ് തട്ടിപ്പ് തുടങ്ങിയത്.
പണം വീട് പണിയാനും ആഭരണം വാങ്ങാനും
തട്ടിപ്പിലൂടെ ലഭിച്ച പണം പുതിയ വീട് പണിയാനും ആഭരണങ്ങൾ വാങ്ങാനും ചെലവഴിച്ചെന്ന് രാജലക്ഷ്മി മൊഴി നൽകിയതായി മെഡിക്കൽകോളജ് പൊലീസ് പറഞ്ഞു. അടൂർ സ്വദേശിയായ രാജലക്ഷ്മി തൃശൂരിലാണ് പുതിയ വീട് പണിതത്. ഒട്ടേറെ ആഭരണങ്ങളും വാങ്ങിക്കൂട്ടി. രാജലക്ഷ്മിയാണ് പിഎസ്‌സിയുടെ പേരിലുള്ള കത്ത് നിർമിച്ചത്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
തട്ടിയെടുത്ത പണത്തിന്റെ ഇടപാടുകളെല്ലാം ഭർത്താവ് ജിതിന്റെ നിയന്ത്രണത്തിലായിരുന്നു. പിഎസ്‌സി ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഉദ്യോഗാർഥികൾക്ക് ഓൺലൈൻ അഭിമുഖം നടത്തിയത് ശ്രീജേഷ് ആണെന്നും കണ്ടെത്തി. ചില ഉദ്യോഗാർഥികൾക്ക് ജോയ്സിയാണ് ഓൺലൈൻ അഭിമുഖം നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ നേരത്തേ പൊലീസ് പുറത്തുവിട്ടിരുന്നു.