സ്കൂട്ടറിൽ ബസിടിച്ചു പത്തുവയസ്സുകാരൻ മരിച്ചു, അമ്മയ്ക്കു പരുക്കേറ്റു; ബസ്സിന് അമിതവേഗം, ജീവനക്കാർ കടന്നു

Mail This Article
വർക്കല ∙ അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ പോകവെ അമിതവേഗത്തിലെത്തിയ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ പത്തു വയസ്സുകാരനു ദാരുണാന്ത്യം . കല്ലമ്പലം പുതുശ്ശേരിമുക്കു കരിക്കകത്തു പണയിൽ വീട്ടിൽ മുഹമ്മദ് ഷാ–താഹിറ ദമ്പതിമാരുടെ മകൻ മുഹമ്മദ് മർഹാനാണ് മരിച്ചത്. വണ്ടിയോടിച്ച താഹിറയ്ക്കു പരുക്കേറ്റു. ബസ് ജീവനക്കാർ ഓടി രക്ഷപ്പെട്ടു.
ഇന്നലെ നാലരയോടെ ആയുർവേദ ആശുപത്രി ജംക്‌ഷനു സമീപം ആറ്റിങ്ങൽ – വർക്കല – പരവൂർ റൂട്ടിലോടുന്ന ‘ഗോകുലം’ ബസ് മറ്റൊരു വാഹനത്തെ മറികടന്ന് സ്കൂട്ടറിന്റെ വശത്ത് ഇടിക്കുകയായിരുന്നു. തെറിച്ചു വീണ മുഹമ്മദ് ബസിനടിയിൽപ്പെട്ടു.തലവിള പേരുർ എംഎംയുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദിനെ സ്കൂളിൽ നിന്നു കണ്ണാശുപത്രിയിൽ കാണിക്കാനായി കൊണ്ടു പോകുന്നതിനിടെയാണ് അപകടം. മൃതദേഹം വർക്കലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സഹോദരങ്ങൾ: ഹാദിയ മറിയം, മുഹമ്മദ് ഹനാൻ.