മൃഗശാലയിലേക്ക് പുതിയ അതിഥികൾ; സീബ്രയും ജാഗ്വറും ഉടനെത്തും
Mail This Article
തിരുവനന്തപുരം ∙ ഹരിയാനയിൽ നിന്നെത്തിച്ച ഹനുമാൻ കുരങ്ങുകൾക്ക് പിന്നാലെ മൃഗശാലയിൽ പുതിയ അതിഥികൾ ഉടൻ എത്തും. മുൻകാലങ്ങളിൽ മൃഗശാലയിൽ എത്തുന്നവർക്ക് മനോഹര കാഴ്ചയൊരുക്കിയിരുന്ന സീബ്ര, അമേരിക്കൻ പുലി ജാഗ്വർ എന്നിവയാണ് വീണ്ടും എത്തുന്നത്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഇവയെത്തും.
മൃഗങ്ങളെ കൊണ്ടു വരാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. കേന്ദ്രമൃഗശാല അതോറിറ്റിയുടെ അനുമതി ഉൾപ്പെടെ ഇതിന് ആവശ്യമാണ്. രാജ്യത്തിനു പുറത്ത് നിന്ന് മൃഗങ്ങളെ എത്തിക്കുന്നത് നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനാൽ രാജ്യത്തിന് അകത്ത് നിന്നുള്ള മൃഗശാലകളിൽ നിന്നാകും സീബ്രയെയും ജാഗ്വറിനെയും കൊണ്ടു വരിക.
അതേ സമയം ഹരിയാനയിൽ നിന്ന് എത്തിച്ച ഹനുമാൻ കുരങ്ങുകൾ ഊർജസ്വലരായി ക്വാറന്റീനിൽ തുടരുകയാണ്. തലസ്ഥാനത്തെ കാലാവസ്ഥയോടും രീതികളോടും ഇവ പൊരുത്തപ്പെട്ടതായി അധികൃതർ പറഞ്ഞു. ഇവയുടെ ഭക്ഷണരീതികളും ആരോഗ്യസ്ഥിതിയുമാണ് ക്വാറന്റീൻ കാലത്ത് പ്രധാനമായും നിരീക്ഷിക്കുക.
ഇവയ്ക്ക് പ്രതിരോധ വാക്സീനുകൾ നൽകുന്നതിനു ഒപ്പം രോഗങ്ങൾ വരാതെ സംരക്ഷിക്കുകയും വേണം. ഇവയ്ക്കായുള്ള കൂടുകളുടെ അറ്റകുറ്റപ്പണിയും മൃഗശാലയിൽ പുരോഗമിക്കുകയാണ്. ഹരിയാനയിൽ നിന്നുള്ളവ കൂടിയായതോടെ മൃഗശാലയിലെ ഹനുമാൻ കുരങ്ങുകളുടെ എണ്ണം ആറായി.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local