സിപിഎം നേതാക്കളുടെ ഭാര്യമാരെ സമൂഹമാധ്യമളിലൂടെ അധിക്ഷേപം: കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ

Mail This Article
തിരുവനന്തപുരം ∙ സിപിഎം നേതാക്കളുടെ ഭാര്യമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശിയും കോൺഗ്രസ് കോടങ്കര വാർഡ് പ്രസിഡന്റുമായ അബിൻ കോടങ്കരയെ (27) ആണു സിറ്റി സൈബർ പൊലീസ് അറസ്‍റ്റ് ചെയ്തത്. എ.എ.റഹീം എംപിയുടെ ഭാര്യ അമൃത റഹീം നൽകിയ പരാതിയിലാണ് അറസ്റ്റ്. തിരുവനന്തപുരം ഡപ്യൂട്ടി പൊലീസ് കമ്മിഷണർ നിതിൻ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
ഫെയ്സ്ബുക്കിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് അമൃത റഹീം പരാതി നൽകിയത്. കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഐഡിയിൽ നിന്നാണു ചിത്രങ്ങൾ പ്രചരിപ്പിച്ചത്. അബിനാണ് ഇതു തയാറാക്കിയതെന്നു സൈബർ പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
ഇടതുപക്ഷ വനിതാ നേതാക്കൾക്കും കുടുംബാംഗങ്ങൾക്കും എതിരെ ഇതേ വ്യാജ പ്രൊഫൈലിൽ നിന്നും പ്രചാരണം നടത്തിയിരുന്നതായും സൈബർ പൊലീസ് കണ്ടെത്തി. സിപിഎം നേതാവായിരുന്ന പി.ബിജുവിന്റെ ഭാര്യ ഹർഷ ബിജുവിനെതിരെയും വ്യാജ ഐഡിയിൽ നിന്നു പോസ്റ്റിട്ടു. ഹർഷ ബിജു സംസ്ഥാന പൊലീസ് മേധാവിക്കും, അമൃത റഹീം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്കും റൂറൽ എസ്പിക്കും പരാതി നൽകിയിരുന്നു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local