ADVERTISEMENT

തിരുവനന്തപുരം ∙ കേരളം എന്താണെന്നും എന്തല്ലെന്നും  വിദേശികൾക്കുൾപ്പെടെ മനസ്സിലാക്കി കൊടുക്കുകയാണ് കേരളീയം 2023 പരിപാടിയുടെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.  തിരുവനന്തപുരത്ത് നവംബർ ഒന്നു മുതൽ ഏഴു വരെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ‘കേരളീയം 2023’ പരിപാടിയുടെ സംഘാടകസമിതി ഓഫിസ് ഉദ്ഘാടനവും വെബ്‌സൈറ്റിന്റെയും ലോഗോയുടെയും പ്രകാശനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കവടിയാർ മുതൽ കിഴക്കേക്കോട്ട വരെയുള്ള സ്ഥലങ്ങളിൽ കേരളീയം പരിപാടികൾ നടക്കും. കേരളത്തിന്റെ ചരിത്രവും വർത്തമാനവും വ്യക്തമാക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ പ്രത്യേക സ്ക്രീൻ ആയി സെക്രട്ടേറിയറ്റിനെ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു , മേയർ ആര്യ രാജേന്ദ്രൻ , വി.കെ.പ്രശാന്ത് എംഎൽഎ, ചീഫ് സെക്രട്ടറി ഡോ.വി.വേണു എന്നിവർ പ്രസംഗിച്ചു.തുടർന്ന് 19 സബ് കമ്മിറ്റികളുടെ കൺവീനർമാരുടെ യോഗം മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്നു. 

ലോഗോ തയാറാക്കിയത് ബോസ് കൃഷ്ണമാചാരി

മഞ്ഞയിൽ നീലനിറത്തിലുള്ള കേരളത്തിന്റെ ചെറുരൂപങ്ങളുമായി കേരളീയം 2023 ന്റെ ലോഗോ രൂപകൽപന ചെയ്തത് കൊച്ചി ബിനാലെ ഫൗണ്ടേഷൻ അധ്യക്ഷൻ ബോസ് കൃഷ്ണമാചാരി. വൃത്താകൃതിയിൽ കേരളത്തിന്റെ ഭൂപടം ചേർത്തു വച്ചതാണ് ലോഗോ. 360 ഡിഗ്രി കാഴ്ചയിൽ സൂര്യനെപ്പോലെ തോന്നുന്ന കേരളത്തിന്റെ 24 ഭൂപടങ്ങൾ ഇതിലുണ്ട്. 24 തെങ്ങിൻപട്ടകൾ ചേർത്തു വച്ച കേരവൃക്ഷത്തെ താഴെ നിന്ന് നോക്കി കാണുന്ന തരത്തിലാണ് ലോഗോയുടെ പുറം കാഴ്ച.

വിവരങ്ങളറിയാൻ വെബ്‌സൈറ്റ്

‘കേരളീയം 2023’ പരിപാടിയുടെ വെബ്സൈറ്റ്   https://web.cdit.live/keraleeyam/ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സെമിനാറുകൾ, പ്രദർശനങ്ങൾ, സാംസ്‌കാരിക പരിപാടികൾ, ചലച്ചിത്ര , പുസ്തക , പുഷ്പ, ഭക്ഷ്യ മേളകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാം വെബ് സൈറ്റിൽ അറിയാം.  പൊതു ജനങ്ങൾക്കായുള്ള വിവിധ മത്സരങ്ങളും കേരളീയം 2023 വെബ്സൈറ്റ് വഴി സംഘടിപ്പിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com