ആഗോള ഷിപ്പിങ് സമ്മേളനം തൽക്കാലമില്ല; വിഴിഞ്ഞത്ത് ആദ്യ കപ്പൽ 4ന് എത്തില്ല

Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യത്തെ കപ്പലെത്തുന്നതിനോടനുബന്ധിച്ചു തുറമുഖ വകുപ്പ് തീരുമാനിച്ച ‘ആഗോള ഷിപ്പിങ് സമ്മേളനം’ തൽക്കാലം ഉപേക്ഷിക്കുന്നു. ഒക്ടോബറിൽ തിരുവനന്തപുരത്തു സമ്മേളനം നടത്താനാണു തീരുമാനിച്ചിരുന്നത്. എന്നാൽ ഒക്ടോബർ 17 മുതൽ മുംബൈയിൽ ഗ്ലോബൽ മാരിടൈം സമ്മിറ്റ് നടക്കുന്നതിനാലും പിന്നാലെ 28നു കൊച്ചി തുറമുഖത്തിന്റെ നേതൃത്വത്തിൽ റോഡ് ഷോ സംഘടിപ്പിക്കുന്നതിനാലുമാണു ധൃതി വച്ചു തിരുവനന്തപുരത്തു വേണ്ടെന്ന തീരുമാനം. പകരം, മുംബൈയിലും കൊച്ചിയിലും സജീവമായി പങ്കാളിത്തം വഹിക്കും.
കഴിഞ്ഞ ഓഗസ്റ്റിൽ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ആദ്യ കപ്പൽ വരുന്നതിനോടനുബന്ധിച്ചു വിഴിഞ്ഞം തുറമുഖത്തിന്റെ വാണിജ്യ സാധ്യതകൾ ലോകത്തിനു പരിചയപ്പെടുത്താൻ ആഗോള ഷിപ്പിങ് സമ്മേളനം നടത്താൻ തീരുമാനിച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഷിപ്പിങ് കമ്പനികളെ എത്തിക്കാനായിരുന്നു പദ്ധതി. വേദി നിശ്ചയിക്കുകയും ഏകോപനത്തിനു വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡി(വിസിൽ)നെ ചുമതലപ്പെടുത്തുകയും ചെയ്തു. തുറമുഖ വകുപ്പിനു കീഴിലുള്ള കേരള മാരിടൈം ബോർഡ്, അദാനി പോർട്സ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കാനായിരുന്നു ആലോചന.
ഒക്ടോബർ 4ന് ആദ്യ കപ്പൽ എത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും വൈകാൻ ഇടയുണ്ടെന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. കപ്പലിനെ സ്വീകരിക്കാൻ വിപുലമായ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണു മുംബൈയിലെ ഗ്ലോബൽ മാരിടൈം സമ്മിറ്റ്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ മാരിടൈം ബോർഡ്, അദാനി പോർട്ട്, മലബാർ പോർട്ട്, ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ, കേരള മുസിരിസ് ലിമിറ്റഡ് എന്നിവയെല്ലാം പങ്കെടുക്കുന്നുണ്ട്. കേരള പവലിയനുമുണ്ടാകും. പ്രധാനമായും വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ സാധ്യതകളാകും കേരളം പ്രദർശിപ്പിക്കുക. 28നു കൊച്ചിയിൽ കൊച്ചി തുറമുഖത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന റോഡ് ഷോയിലും വിഴിഞ്ഞം തുറമുഖത്തിനു സർക്കാർ ഊന്നൽ നൽകും. ഇവിടെയും രാജ്യാന്തര ഷിപ്പിങ് കമ്പനികളുടെ സാന്നിധ്യമുണ്ട്.
തിരുവനന്തപുരത്തു സമ്മേളനം സംഘടിപ്പിച്ചാലും ഈ കമ്പനികളെത്തന്നെയാണു പങ്കെടുപ്പിക്കേണ്ടത്. നവംബറിൽ എല്ലാ ക്രെയിനുകളും എത്തുന്നതോടെയേ വിഴിഞ്ഞം തുറമുഖം ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാൻ സജ്ജമാവുകയുള്ളൂ. ഇതെല്ലാം കണക്കിലെടുത്താണ് തിരക്കു കൂട്ടി തിരുവനന്തപുരത്തു ഷിപ്പിങ് സമ്മേളനം നടത്തേണ്ടതില്ലെന്നു തീരുമാനിച്ചത്. എൽഡിഎഫിലെ ധാരണപ്രകാരം തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ നവംബറിൽ ഒഴിയും. എന്നാൽ താൻ ഒഴിയുന്നതിനു മുൻപു സമ്മേളനം സംഘടിപ്പിക്കണമെന്ന നിർബന്ധമില്ലെന്നു മന്ത്രി തന്നെ ബന്ധപ്പെട്ടവരോടു സൂചിപ്പിച്ചിട്ടുണ്ട്.
ആദ്യ കപ്പൽ 4ന് എത്തില്ല
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കു ചൈനയിൽനിന്നു ക്രെയിനുമായെത്തുന്ന കപ്പൽ നിശ്ചയിച്ച ദിവസം വിഴിഞ്ഞത്ത് എത്തില്ലെന്നുറപ്പായി. ഇപ്പോൾ ശ്രീലങ്കയ്ക്കു സമീപമുള്ള കപ്പൽ 28നു ഗുജറാത്തിലെ മുംദ്ര തുറമുഖത്ത് എത്തുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ഇവിടെ രണ്ടു ക്രെയിനുകൾ ഇറക്കാൻ നാലു ദിവസം സമയെമെടുക്കും. മുംദ്രയിൽനിന്നു വിഴിഞ്ഞത്ത് എത്തിച്ചേരാൻ ഒരാഴ്ചയെടുക്കുകയും ചെയ്യും. ഒക്ടോബർ 4നു വിഴിഞ്ഞത്ത് എത്തുമെന്നായിരുന്നു കരുതിയിരുന്നത്. കടലിലെ മോശം കാലാവസ്ഥയാണു തടസ്സം.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local