മുതലപ്പൊഴി: ഡ്രജിങ് തുടങ്ങുന്നതു വൈകും; പൊഴി മുനമ്പിൽ ഇന്നലെയും ബോട്ടപകടം

Mail This Article
ചിറയിൻകീഴ്∙ അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖ തീരത്തു ഡ്രജിങ് ആരംഭിക്കുന്നതു വൈകിയേക്കുമെന്നു സൂചന. അഴിമുഖത്തു അടിപ്പരപ്പിൽ ആഴ്ന്നു കിടക്കുന്ന പുലിമുട്ടുകളും കരിങ്കൽപാളികളും വീണ്ടെടുക്കുന്നതിനു എത്തിച്ച ലോങ്ബൂം ക്രെയിൻ അഴിമുഖതീരത്തെത്തിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ തുടരുന്നതാണു ഡ്രജിങ് പുനരാരംഭിക്കുന്നതിനു തടസമായിട്ടുള്ളത്. കഴിഞ്ഞ ദിവസം പ്രവർത്തന സജ്ജമാക്കിയ ലോങ്ബൂം ക്രെയിൻ തുറമുഖതീരത്തെ പുലിമുട്ടുകൾക്കു മുകളിലൂടെ അഴിമുഖത്തേക്കു കൊണ്ടുപോകാനുള്ള ശ്രമം പാതയുടെ വീതിക്കുറവുമൂലം പരാജയപ്പെടുകയാണുണ്ടായത്.
ഇതിനിടെ തുറമുഖതീരത്തുണ്ടായിരുന്ന എക്സലേറ്റർ ഉപയോഗിച്ചു പാതയൊരുക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിച്ചെങ്കിലും മന്ദഗതിയിലാണു നീങ്ങുന്നത്. വമ്പൻ ക്രെയിൻ കൂട്ടിയോജിപ്പിച്ചിട്ടുള്ള കടലിനടിത്തട്ടിൽ നിന്നു പാറകൾ നീക്കം ചെയ്യുന്നതടക്കമുള്ള ലോങ്ബൂം യന്ത്രഭാഗം ഇളക്കിമാറ്റി ക്രെയിൻ തുറമുഖ മുനമ്പിലെത്തിച്ച ശേഷം വീണ്ടും കൂട്ടിയോജിപ്പിക്കാമെന്ന കണ്ടെത്തലിലാണു ബന്ധപ്പെട്ടവർ ആലോചിക്കുന്നത്. ഒരുമാസം മുൻപു നിറുത്തിവച്ച ഡ്രജിങ് പുനരാരംഭിക്കൽ ദിവസങ്ങളോളം ഇനിയും നീളുമെന്നാണു അറിവായിട്ടുള്ളത്.
ഡ്രജിങ് അനന്തമായി നീളുന്നതിനിടെ ഇന്നലെയും മുതലപ്പപ്പൊഴി അഴിമുഖ മുനമ്പിൽ ബോട്ടപകടമുണ്ടായി. വൈകിട്ടു അഞ്ചുമണിയോടെ അഴിമുഖത്തുനിന്നു പുറംകടലിലേക്കു തിരിച്ച മത്സ്യബന്ധനബോട്ടും മീൻപിടിത്തം കഴിഞ്ഞു തീരത്തണയാനെത്തിയ ചെറിയബോട്ടും ശക്തമായ കടൽച്ചുഴിയിൽപെട്ടു നിയന്ത്രണം തെറ്റി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ചെറിയ ബോട്ടിന്റെ ഉടമയും മത്സ്യത്തൊഴിലാളിയുമായ തുമ്പ സ്വദേശി ആൽബർട്ട്(46) കടലിലേക്കു തെറിച്ചുവീണെങ്കിലും മറ്റുള്ളവർ ചേർന്നു പരുക്കൊന്നുമേൽക്കാതെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ചെറിയബോട്ടിനു സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local