പ്രതിഷേധങ്ങൾ ഒഴിവാക്കി പരിഹാര പാതയിൽ യൂത്ത്കോൺഗ്രസ്; ബിബിന്റെ വീട്ടിലേക്ക് ചാനൽ പാലം ഒരുങ്ങി

Mail This Article
പാറശാല∙പ്രതിഷേധങ്ങൾ ഒഴിവാക്കി യൂത്ത്കോൺഗ്രസ് പരിഹാര പാതയിലേക്ക് നീങ്ങി. പാലം തകർന്ന്് വീടിനുള്ളിൽ ഒറ്റപ്പെട്ടുപോയ ഭിന്നശേഷിക്കാരന് താൽക്കാലിക ആശ്വാസം. പാറശാല മുണ്ടപ്ലാവിള ഐത്തിക്കുഴി വീട്ടിൽ ബിബിന്റെ വീട്ടിലേക്കുള്ള ചാനൽ പാലം കഴിഞ്ഞ ഞായർ വൈകിട്ടാണ് കാലപ്പഴക്കം മൂലം തകർന്നത്. പാലം ഇല്ലാതായതോടെ വീൽ ചെയറിൽ മാത്രം സഞ്ചരിക്കാൻ കഴിയുന്ന ബിബിനു ചികിത്സകൾക്ക് പുറത്ത് പോകാൻ കഴിയാത്തത് നാടിന്റെ വേദനയായി മാറിയിരുന്നു.
ബിബിന്റെ ദുരവസ്ഥ കണ്ടറിഞ്ഞ് യൂത്ത് കോൺഗ്രസ് പാറശാല മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബ്രമിൻചന്ദ്രന്റെ നേതൃത്വത്തിൽ ഇന്നലെ താൽക്കാലിക പാലം നിർമിച്ച് നൽകി. പാലത്തിലെ കോൺക്രീറ്റ് തകർന്ന ഭാഗത്ത് വലിയ കാറ്റാടി കമ്പുകൾ നിരത്തി പ്ലൈവുഡ് ഷീറ്റുകൾ സ്ഥാപിച്ചതോടെ വീൽ ചെയറിനു കടന്നുപോകാൻ വഴിയൊരുങ്ങി. ഭിന്നശേഷി കമ്മിഷൻ അടക്കം ഇടപെട്ട വിഷയത്തിൽ പാലം നിർമാണം രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കാൻ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കഴിഞ്ഞ ദിവസം നെയ്യാർ ഇടതുകര കനാൽ അധികൃതർക്ക് നിർദേശം നൽകിയിരുന്നു.
പാലം എത്തുന്നതുവരെ യാത്ര ചെയ്യാൻ സൗകര്യം ലഭിച്ച സന്തോഷത്തിൽ ആണ് ബിബിനും ഭാര്യയും മകളും അടങ്ങുന്ന കുടുംബം. മൂന്നു വർഷം മുൻപ് കിണർ ജോലിക്കിടയിൽ കാൽ വഴുതി വീണു നട്ടെല്ലിനു ക്ഷതമേറ്റ ബിബിനു പരസഹായം ഇല്ലാതെ ഏഴുന്നേറ്റ് ഇരിക്കാൻ പോലും കഴിയില്ല. മുൻ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, നെടുവാൻവിള സുജിത്ത്, വന്യക്കോട് റോയി, മണികണ്ഠൻ, പെരുവിള ലാലു, വാർഡ് അംഗം താര, സുധ തുടങ്ങിയവർ നിർമാണത്തിനു നേതൃത്വം നൽകി.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local