നിലവിൽ പുറത്തുവിട്ടത് രണ്ടാം വന്ദേഭാരതിന്റെ താൽക്കാലിക സമയക്രമം
Mail This Article
കൊച്ചി / തിരുവനന്തപുരം ∙ കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ട്രെയിൻ ആദ്യത്തെ ട്രയൽ റൺ നടത്തി. ചെന്നൈയിൽ നിന്ന് ഇന്നലെ പുലർച്ചെ 3.35ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ഓറഞ്ച് വർണശ്രേണിയിലെ വന്ദേഭാരത് ട്രെയിൻ കൊച്ചുവേളിയിലെ പിറ്റ്‌ലൈനിൽ എത്തിച്ച് പരിശോധനകൾ നടത്തിയ ശേഷമാണ് വൈകിട്ട് 4.05ന് ട്രയൽ റൺ പുറപ്പെട്ടത്.
ഇന്നലെ അർധരാത്രിയോടെ കാസർകോട് എത്തിയ ട്രെയിൻ ഇന്നു രാവിലെ 7ന് കാസർകോട്ടു നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെടും. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഇന്നാണ് വന്ദേഭാരത് ട്രയൽ റൺ നടത്തേണ്ടിയിരുന്നത്. എന്നാൽ, പെട്ടെന്നുണ്ടായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് ട്രയൽ റൺ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇന്നു വൈകിട്ട് 3ന് ശേഷം ട്രെയിൻ തിരുവനന്തപുരത്ത് തിരികെയെത്തിയ ശേഷം വീണ്ടും 4.05ന് കാസർകോട്ടേക്കു ട്രയൽ റൺ നടത്തും.നാളെ കാസർകോട് സ്റ്റേഷനിൽ നിർത്തിയിട്ട ശേഷം ഞായറാഴ്ച പ്രധാനമന്ത്രി ഓൺലൈൻ ആയി ഫ്ലാഗ് ഓഫ് ചെയ്ത ശേഷം സർവീസ് ആരംഭിക്കും.
രണ്ടാം വന്ദേഭാരതിന്റെ താൽക്കാലിക സമയക്രമമാണു നിലവിൽ റെയിൽവേ പുറത്തുവിട്ടത്. ഇതനുസരിച്ച് കാസർകോട്ടു നിന്നു രാവിലെ 7നു പുറപ്പെടുന്ന ട്രെയിൻ 11.45ന് എറണാകുളം ജംക്‌ഷനിൽ (സൗത്ത്) എത്തും. 3 മിനിറ്റാണ് ഇവിടെ സ്റ്റോപ്. ആലപ്പുഴ വഴിയുള്ള സർവീസ് വൈകിട്ട് 3.05നാണു തിരുവനന്തപുരത്ത് എത്തുക.
തിരുവനന്തപുരത്തു നിന്നു കാസർകോട്ടേക്കു വൈകിട്ട് 4.05ന് ആകും തിരിക്കുക. വൈകിട്ട് 6.35നു സൗത്തിൽ എത്തും. തൃശൂർ– രാത്രി 7.40, ഷൊർണൂർ ജംക്‌ഷൻ–8.15, കോഴിക്കോട്– 9.16, കണ്ണൂർ– 10.16, കാസർകോട്– 11.55 എന്നിങ്ങനെയാണു സമയക്രമം. തിരുവനന്തപുരത്തു നിന്നു രണ്ടര മണിക്കൂർ കൊണ്ട് എറണാകുളത്തെത്താം.ആഴ്ചയിൽ 6 ദിവസമാണു പുതിയ വന്ദേഭാരതിന്റെയും സർവീസ്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local