വീടിന്റെ അടിസ്ഥാനം ഇളകി തോട്ടിൽ പതിച്ചു ; അപകടാവസ്ഥയിൽ

Mail This Article
മലയിൻകീഴ് ∙ വീടിന്റെ അടിസ്ഥാനം ഇടിഞ്ഞു തോട്ടിലേക്കു പതിച്ചു. ശേഷിക്കുന്ന ഭാഗം ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിൽ. വിളവൂർക്കൽ പഞ്ചായത്തിലെ മലയം വാർഡിൽ തൊഴുപുരവിള വീട്ടിൽ രമ്യയുടെ വീടാണ് അപകടാവസ്ഥയിലായത്.മേൽക്കൂര കോൺക്രീറ്റ് ചെയ്ത നിർമാണം പൂർത്തിയാകാത്ത ഒരുനില വീടിന്റെ അടിസ്ഥാനം ഇളകിയതോടെ ചുവരുകൾ വിണ്ടുകീറി. കുടുംബം ബന്ധു വീട്ടിലേക്ക് മാറി. രമ്യയും രണ്ടു മക്കളും മാത്രമാണ് ഇവിടെ താമസിക്കുന്നത്. രമ്യയുടെ ഭർത്താവ് സജു ഒരു വർഷം മുൻപ് മരിച്ചു.
മലയം തോട്ടിന്റെ കരയിലായി ഉയർന്ന ഭാഗത്താണ് വീട് സ്ഥിതി ചെയ്യുന്നത്. തോടിനു സംരക്ഷണഭിത്തി ഇല്ലാത്തതിനാൽ മഴയത്ത് വെള്ളം ഉയരുമ്പോൾ വീടിനോട് ചേർന്നുള്ള ഭാഗം ഇടിഞ്ഞു തോട്ടിൽ പതിക്കുന്നത് പതിവായി. ഇങ്ങനെ മുക്കാൽ സെന്റോളം വസ്തു നഷ്ടമായി. പിന്നാലെയാണ് കഴിഞ്ഞ ദിവസം വീടിന്റെ അടിസ്ഥാനവും ഇടിഞ്ഞത്.
പലതവണ പഞ്ചായത്തിലും റവന്യു വകുപ്പിനും പരാതി നൽകിയെങ്കിലും നടപടിയില്ല. വീടിന് സംരക്ഷണഭിത്തി സ്വന്തം ചെലവിൽ നിർമിക്കാനുള്ള സാമ്പത്തിക സ്ഥിതി ഈ കുടുംബത്തിന് ഇല്ല. ഇവരുടേത് മാത്രമല്ല സമീപത്തെ ഒട്ടേറെ വീടുകളും അപകടഭീഷണിയിലാണ്. അതേസമയം, അപകടാവസ്ഥയിലായ വീടുകൾക്ക് എതിർവശത്ത് അടുത്തിടെ തോടിന് സംരക്ഷണഭിത്തി ഇറിഗേഷൻ വകുപ്പ് നിർമിച്ചു.