വട്ടിയൂർക്കാവിൽ കൂറ്റൻ ആൽമരം കടപൂഴകി വീണു; ഗതാഗതസ്തംഭനം 8 മണിക്കൂർ

Mail This Article
തിരുവനന്തപുരം∙ വട്ടിയൂർക്കാവ് മേലത്തുമേല ജംക്‌ഷനിൽ കൂറ്റൻ ആൽമരം കടപുഴകി വീണു 8 മണിക്കൂർ ഗതാഗതം സത്ംഭിച്ചു. ലോറിയും ഇരുചക്രവാഹനളും ഉൾപ്പെടെയുള്ള വാഹനങ്ങൾ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് ഒഴിവായത്. തുടരെ വാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ ഇന്നലെ രാവിലെ 5ന് ആയിരുന്നു അപകടം. രണ്ട് വൈദ്യുതി തൂണുകൾ തകർന്നു വൈദ്യുതി ബന്ധം താറുമാറായി. ടെലഫോൺ കേബിളുകൾ, പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ എന്നിവയ്ക്കും കേടുപാട് സംഭവിച്ചു.മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ നൂറു വർഷത്തിലേറെ പഴക്കമുള്ള മരം കടപുഴകി വീഴുകയായിരുന്നു. ചെങ്കചൂളയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേന വളരെ പണിപ്പെട്ട് മരം മുറിച്ചു നീക്കി ഉച്ചയോടെ ഗതാഗതം പുനസ്ഥാപിച്ചു.
ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു വീണു കിടന്നത് ആശങ്കയ്ക്ക് ഇടയാക്കി. പിന്നീട് കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. മരം വീഴുന്ന ശബ്ദം കേൾക്കുമ്പോഴേക്കും ഒരു ചരക്കുലോറിയിം ഇരുചക്രവാഹനവും ഇതു വഴി പോയിരുന്നു. വാഹനങ്ങൾ തലനാരിഴ്ക്കാണു രക്ഷപ്പെട്ടതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. വട്ടിയൂർക്കാവ് പൊലീസ് എത്തി വാഹനങ്ങളെ മറ്റു വഴിക്ക് തിരിച്ചുവിട്ടു. മരത്തിന്റെ ചുവട് വളരെക്കാലമായി ദ്രവിച്ച അവസ്ഥയിൽ ആയിരുന്നു. അപകടാവസ്ഥയിൽ ആയിരുന്ന മരം മുറിച്ചുമാറ്റണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നു നാട്ടുകാർ പറഞ്ഞു. അഗ്നി രക്ഷാ നിലയത്തിലെ അസി.സ്റ്റേഷൻ ഓഫിസർ എ.ഷാജിഖാൻ, എസ്.ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മരം നീക്കിയത്.