ADVERTISEMENT

വിതുര∙ കോവിഡ് കാലത്തു നിർത്തലാക്കിയ കെഎസ്ആർടിസിയുടെ ബോണക്കാട് സ്റ്റേ ബസ് സർവീസ് ജി. സ്റ്റീഫൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. മൂന്നു വർഷത്തോളമായി സ്റ്റേ ബസ് സർവീസ് ഇല്ലാതിരുന്നതോടെ പ്രദേശവാസികൾക്ക് ഉണ്ടായ ബുദ്ധിമുട്ട് സംബന്ധിച്ചു ‘മനോരമ’ നിരന്തരം വാർത്തകൾ പ്രസിദ്ധീകരിച്ചതോടെയാണു അധികൃതർ സ്റ്റേ ബസ് വീണ്ടും ആരംഭിക്കാൻ നിർബന്ധിതരായത്.

ഫ്ലാഗ് ഓഫ് ചടങ്ങിൽ വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി. ആനന്ദ്, വൈസ് പ്രസിഡന്റ് ബി.എസ്. സന്ധ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ. ശ്രീലത, ഗ്രാമപ്പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ നീതു രാജീവ്, അംഗങ്ങളായ ഷാജിത അൻഷാദ്, ആർ. വത്സല, കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കോഓർഡിനേറ്റർ വാഴിച്ചൽ ഹരി കുമാർ എന്നിവർ സംബന്ധിച്ചു. 

സ്റ്റേയ്ക്കു ശേഷം രാവിലെ 6 ന് ആണു ബോണക്കാട് നിന്നും തിരുവനന്തപുരത്തേക്കു ബസ് പുറപ്പെടുന്നത്. തിരുവനന്തപുരത്ത് എത്തിയ ശേഷം രാവിലെ 11 നു പൊന്മുടിയിലേക്കും തിരിച്ചു 2.50 നു തിരുവനന്തപുരത്തേക്കും സർവീസ് നടത്തും. വൈകിട്ട് 5.45 നു തിരുവന്തപുരത്തു നിന്നും ബോണക്കാട്ടേയ്ക്കു തിരിക്കുന്ന ബസ് രാത്രി 8.30നു ബോണക്കാട്ടെത്തും.

സർക്കാരിന്റെ നേട്ടമായി കാണേണ്ടെന്ന് ഒരു വിഭാഗം ജീവനക്കാർ

വിതുര∙ ബോണക്കാട് സ്റ്റേ ബസ് പുനരാരംഭിച്ചത് എൽഡിഎഫ് സർക്കാരിന്റെ നേട്ടമായി കാണേണ്ടതല്ലെന്ന് ഒരു വിഭാഗം കെഎസ്ആർടിസി ജീവനക്കാർ. ബോണക്കാട് സ്റ്റേ ബസ് തുടങ്ങുന്നതു സംബന്ധിച്ച വിവരം പുറത്തു വന്നതു മുതൽ സ്ഥലം എംഎൽഎ തങ്ങളുടെ ഭരണ നേട്ടമായി ഇതിനെ അവതരിപ്പിക്കുകയും മന്ത്രിമാർ ബോണക്കാട് സന്ദർശിച്ച സമയത്ത് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് അവകാശപ്പെടുകയും ചെയ്യുകയാണ്. 

സമൂഹ മാധ്യമങ്ങളിലൂടെ ഇതു സംബന്ധിച്ച് അസംഖ്യം പോസ്റ്റുകൾ പ്രചരിക്കുന്നുമുണ്ട്. എന്നാൽ പൂർണമായും സർക്കാരിന്റെ നേട്ടമായി ഇതിനെ കാണാനാകില്ല. കെഎസ്ആർടിസി മാനേജ്മെന്റ് നെടുമങ്ങാട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ പരീക്ഷണാർഥം മൾട്ടിപ്പിൾ ഡ്യൂട്ടി സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചതിനെ തുടർന്നു നെടുമങ്ങാട് ഡിപ്പോയിലെ മൂന്ന് അംഗീകൃത യൂണിയനുകൾ ചേർന്നു ഷെഡ്യൂളുകൾ തയാറാക്കിയപ്പോൾ പൊന്മുടി, ബോണക്കാട് എന്നിവിടങ്ങളിലേക്കുള്ള ജനങ്ങൾക്ക് ഉപയോഗ പ്രദമായ രീതിയിൽ സർവീസുകൾ ക്രമീകരിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും അവർ പറയുന്നു

പൊന്മുടി സ്റ്റേ സർവീസിന് എത്രനാൾ കാത്തിരിക്കണം..

വിതുര∙ കോവിഡിന്റെ വരവോടെ നിർത്തലാക്കിയ ബോണക്കാട് സ്റ്റേ ബസ് സർവീസ് പുനരാരംഭിച്ച പശ്ചാത്തലത്തിൽ പൊന്മുടി സർവീസും പുനരാരംഭിക്കണമെന്ന് ആവശ്യം ഉയരുന്നു. നെടുമങ്ങാട് ബസ് ഡിപ്പോയിൽ നിന്നു രാത്രി 8.30 നു പുറപ്പെടുന്ന പൊന്മുടി സ്റ്റേ നിർത്തലാക്കിയതോടെ വിതുരയിൽ നിന്നും വൈകിട്ട് 4.30 കഴിഞ്ഞാൽ ഇവിടേയ്ക്കെത്താൻ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.

വിദ്യാർഥികൾ ഉൾപ്പെടെ ബുദ്ധിമുട്ടിലായി. ഇതു വലിയ തോതിൽ പ്രതിഷേധത്തിനു വഴി വച്ചിരുന്നു. അടിയന്തരമായി സ്റ്റേ ബസ് പുനരാരംഭിക്കണമെന്ന് ആവശ്യം ഉയർന്നു. ബോണക്കാട് സ്റ്റേ സർവീസും ഇതിനോടൊപ്പം പുനരാരംഭിക്കണമെന്ന് ആവശ്യം ഉയർന്നു. എന്നാൽ ഇന്നലെ ബോണക്കാട് സർവീസ് പുനരാരംഭിച്ചെങ്കിലും പൊന്മുടിയുടെ കാര്യത്തിൽ അനുകൂല ഇടപെടൽ നടത്താൻ കെഎസ്ആർടിസി തയാറായിട്ടില്ല.

 ബോണക്കാട് സർവീസ് പ്രദേശത്തെ താമസക്കാർക്കാണു ഗുണകരമാകുന്നതെങ്കിൽ പൊന്മുടി ബസ് തുടങ്ങിയാൽ അവിടത്തെ പ്രദേശവാസികൾക്കും രാത്രി പൊന്മുടി ഗെസ്റ്റ് ഹൗസിലും കെടിഡിസി ഹോട്ടലിലും തങ്ങുന്ന വിനോദ സഞ്ചാരികൾക്കും ഗുണകരമാകും. ഇതുവഴി മികച്ച കലക്‌ഷൻ ലഭിക്കുകയും ചെയ്യും. എന്നാൽ കെഎസ്ആർടിസി ഇതു ഗൗനിച്ച മട്ടില്ല. അതേ സമയം പൊന്മുടി സ്റ്റേജ് സർവീസിന്റെ ഷെഡ്യൂളും തയാറാക്കിയിട്ടുണ്ടെന്നും ജീവനക്കാരുടെയും ബസിന്റെയും അഭാവമാണു വിലങ്ങു തടിയാകുന്നതെന്നു സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT