ഭിന്നശേഷിക്കാരായ 3 പേരുടെ ഉന്നത നേട്ടം; ഈ മിടുക്കികൾ ഇനി ഗവ. കോളജ് അധ്യാപകർ

Mail This Article
തിരുവനന്തപുരം∙ തിരുവനന്തപുരം നഗരത്തിൽ പഠിച്ച മൂന്നു മിടുക്കികൾ ഇന്നു മുതൽ സർക്കാർ കോളജ് അധ്യാപക സർവീസിലേക്ക്. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന ഇവർ ഉന്നത നിലയിൽ ബിരുദാനന്തര ബിരുദവും നെറ്റും ജെർആർഫും പിഎസ്‌സി പരീക്ഷയും വിജയിച്ചാണ് കോളജ് അധ്യാപകരാകുന്നത്. തിരുവനന്തപുരം സ്വദേശിനായ ഡോ.ശാരദ ദേവി, തിരുവല്ലം സ്വദേശിനിയായ ഫെബിൻ മറിയം ജോസ്, നെടുമങ്ങാട് സ്വദേശിനി ഹുസ്ന അമീൻ എന്നിവരാണ് അസി.പ്രഫസർമാരായി ഇന്നു മുതൽ വിദ്യാർഥികൾക്കു മുന്നിലെത്തുന്നത്.
ശാരദയും ഫെബിനും വിമൻസ് കോളജിൽ നിന്നും ഹുസ്ന ഗവ.ആർട്സ് കോളജിൽ നിന്നുമാണ് എംഎ പഠനം പൂർത്തിയാക്കിയത്. ഇംഗ്ലിഷിൽ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടിയ ശാരദയ്ക്ക് യൂണിവേഴ്സിറ്റി കോളജിലാണ് നിയമനം ലഭിച്ചിരിക്കുന്നത്. വിമൻസ് കോളജിൽ നിന്നു ഫിലോസഫിയിൽ എംഎ നേടിയ ഫെബിൻ മറിയം ഇതേ കോളജിൽ തന്നെ ഫിലോസഫി വിഭാഗത്തിൽ അധ്യാപികയായി നിയമിതയായി.
ഹുസ്നയ്ക്ക് കാസർകോട് ഗവ.കോളജിൽ ഇംഗ്ലിഷ് വകുപ്പിലാണു നിയമനം. അറബിക് ഭാഷയിലും പ്രാവീണ്യമുള്ള ഹുസ്ന കുറച്ചുകാലം അറബിക് അധ്യാപികയായും ജോലി നോക്കിയിട്ടുണ്ട്. വീൽചെയറിൽ ഇരുന്നാണു ഡോ.ശാരദ തന്റെ വെല്ലുവിളികളോടു പടവെട്ടി വിജയം കൈവരിച്ചിരിക്കുന്നത്. ഫെബിനും ഹുസ്നയും കാഴ്ചപരിമിതി ഉള്ളവരാണ്.
ജീവിത വെല്ലുവിളികൾ നേരിടുന്ന മറ്റു കുട്ടികൾക്കു പ്രചോദനമായിരിക്കുകയാണ് ഇവരുടെ നേട്ടമെന്ന്, ഭിന്നശേഷിക്കാരായ കുട്ടികൾക്കു സ്നേഹത്തണലൊരുക്കി പ്രവർത്തിക്കുന്ന വിമൻസ് കോളജിലെ ‘പ്രാപ്ത’ കൂട്ടായ്മയുടെ കോ–ഓർഡിനേറ്ററും ഇക്കണോമിക്സ് വിഭാഗം മേധാവിയുമായ ഡോ.വി.ഉമ ജ്യോതി പറഞ്ഞു.
ഇവർ ‘പ്രാപ്ത’യിൽ അംഗങ്ങളല്ലെങ്കിലും കുട്ടികൾക്ക് ആത്മവിശ്വാസവും പരിശീലനവും നൽകുന്നതിനായി ഇവർ പതിവായി എത്തുമായിരുന്നു. 2019–ൽ പ്രാപ്ത ഉദ്ഘാടനം ചെയ്തതു ഡോ.ശാരദയും ഹുസ്നയും ചേർന്നായിരുന്നു. 45ലേറെ കുട്ടികൾക്ക് ഇപ്പോൾ ‘പ്രാപ്ത’യുടെ കീഴിൽ വിവിധ പരിശീലനം നൽകിവരുന്നുണ്ട്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local