ആൽത്തറ – അട്ടക്കുളങ്ങര റോഡ് നവീകരണം: മോഹങ്ങൾ മരവിച്ചു..
Mail This Article
തിരുവനന്തപുരം ∙ നഗര ഹൃദയത്തിൽ ഇത്രയും ഗതികെട്ട ഒരു റോഡ് വെറെ ഉണ്ടാകില്ല. റോഡിനെ ഈ ഗതിയിലാക്കിയ ഉദ്യോഗസ്ഥർ സുഖ സവാരി നടത്തുമ്പോൾ പൊട്ടിപ്പൊളിഞ്ഞ ആൽത്തറ – അട്ടക്കുളങ്ങര റോഡിലൂടെ നരക സവാരി നടത്താനാണ് ജനങ്ങളുടെ വിധി. നഗര ഹൃദയത്തിലെ മറ്റു റോഡുകൾ രാജ്യാന്തര നിലവാരത്തിൽ ആയെങ്കിലും 'ഈ റോഡിനു മാത്രം ഈ ഗതിയെന്ത് ' എന്നു ചോദിക്കാൻ ഇതുവഴി സഞ്ചരിക്കുന്ന ജനപ്രതിനിധികൾക്കും ശബ്ദമില്ല.
ഏഴാം തവണയും ടെൻഡർ ഏറ്റെടുക്കാൻ കരാറുകാർ തയാറാകാത്തതോടെ സ്മാർട് റോഡ് പദ്ധതിക്കായി പൊളിച്ച ആൽത്തറ– അട്ടക്കുളങ്ങര റോഡിന്റെ നവീകരണം ഉടനെയെങ്ങും നടക്കുന്ന ലക്ഷണമില്ല. നഗര വികസനത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം വികസന അതോറിറ്റിയുടെ (ട്രിഡ) ഓഫിസ് ഈ റോഡിലാണ്. സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫിസും രണ്ട് പ്രമുഖ ഓഡിറ്റോറിയങ്ങളും സാംസ്കാരിക പരിപാടികളുടെ സ്ഥിരം വേദിയായ ടഗോർ തിയറ്ററും ഈ റോഡിന്റെ വശത്താണ്.
സർക്കാർ ഉദ്യോഗസ്ഥരും വിദ്യാർഥികളും ഉൾപ്പെടെ തിരുമല ഭാഗത്തു നിന്ന് വരുന്ന നൂറു കണക്കിന് യാത്രക്കാർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. വെള്ളയമ്പലം ഭാഗത്തു നിന്ന് റെയിൽവേ സ്റ്റേഷനിലേക്കും ബസ് ടെർമിനലിലേക്കും പോകാനുള്ള എളുപ്പ വഴിയും ഇതു തന്നെ. മന്ത്രിമാരും മേയറും ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സ്ഥിരം സഞ്ചരിക്കുന്നത് ഇതുവഴിയാണ്. അടുത്തിടെ നവീകരിച്ച മാനവീയം വീഥിയിലേക്ക് എത്താനുള്ള വഴി കൂടിയാണിത്. എന്നിട്ടും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് നന്നാക്കാൻ നടപടിയില്ല.
യാത്ര ദുസ്സഹം
ആൽത്തറ മുതൽ ചെന്തിട്ട വരെ 3.030 കിലോമീറ്ററും ചെന്തിട്ട മുതൽ അട്ടക്കുളങ്ങര വരെ 1.166 കിലോമീറ്ററും നവീകരിക്കാനാണ് റോഡ് ഫണ്ട് ബോർഡ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇതിൽ ആൽത്തറ മുതൽ പൊലീസ് ആസ്ഥാനം വരെ ഡക്ട് നിർമിച്ചപ്പോൾ കരാറുകാരനെ മാറ്റി. അതോടെ പണി നിലച്ചു. ഡക്ട് നിർമിച്ച ഭാഗത്തു താൽക്കാലിക ടാറിങ് നടത്തിയെങ്കിലും മെറ്റൽ ഇളകി യാത്ര ദുസ്സഹമായി.
റോഡിന്റെ ബാക്കിയുള്ള ഭാഗത്ത് കോൺക്രീറ്റ് ഡക്ട് ഒഴിവാക്കാനാണ് തീരുമാനം. പഴക്കം ചെന്ന ഡിവൈഡറിൽ പലയിടത്തും കുഴികളാണ്. റോഡ് കടക്കാൻ കാലെടുത്തു വയ്ക്കുന്നത് ഈ കുഴികളിലായിരിക്കും. മീറ്റർ ചാർജിലും കൂടുതൽ തുക നൽകാമെന്നും പറഞ്ഞാലും ആൽത്തറ – തൈക്കാട് വഴിയും കിള്ളിപ്പാലം – അട്ടക്കുളങ്ങര വഴിയും സവാരി നടത്താൻ ഓട്ടോറിക്ഷക്കാർക്കു മടിയാണ്.