ഗേറ്റിന് മുന്നിൽ കൂറ്റൻ കുഴി; വീടിന് പുറത്തിറങ്ങാനാകാതെ ദമ്പതികൾ

Mail This Article
ആറ്റിങ്ങൽ∙ റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി ഓട നിർമിക്കാനായി എടുത്ത കുഴി മൂടാത്തത് കാരണം വയോധിക ദമ്പതികൾ ദുരിതത്തിൽ. കുഴിയെടുത്തിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ഓട പൂർത്തിയാക്കിയില്ല. ഒൻപത് മാസമായി ഓട നിർമാണം നിലച്ചിരിക്കുകയാണ്. ഗേറ്റിന് മുന്നിലെ വലിയ കുഴിയും മഴ പെയ്യുമ്പോഴുള്ള വെള്ളക്കെട്ടും നിമിത്തം വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ് ആറ്റിങ്ങൽ വിളയിൽമൂല പുത്തൻവിള വീട്ടിൽ സത്യദേവൻ (81) – ഗിരിജ (72) ദമ്പതികൾ കഴിയുന്നത്.
ഓട നിർമാണത്തിന്റെ ഭാഗമായി വീട്ടിലേക്കുള്ള പൈപ്പ് ലൈൻ മുറിച്ചിരിക്കുന്നതിനാൽ മാസങ്ങളായി കുടിവെള്ളവും മുട്ടിയിരിക്കുകയാണെന്ന് വീട്ടുകാർ പറഞ്ഞു. ഇതിന് പുറമേ രണ്ടാഴ്ച മുൻപ് ഗേറ്റിന് പുറത്തിറങ്ങുമ്പോൾ ഗിരിജ ഓടയിലേക്ക് മറിഞ്ഞ് വീണ് ഇടത് കൈക്ക് പൊട്ടലുണ്ടായി. ഗുരുതരമായി പരുക്കേറ്റ ഗിരിജ ചികിത്സയിലാണ്. ചെറുവള്ളിമുക്ക്-ആറ്റിങ്ങൽ റോഡിന്റെ നവീകരണത്തിന്റെ ഭാഗമായാണ് ഓട നിർമാണം നടത്തിയത്. സത്യദേവന്റെ വീടിന്റെ മതിലിനോട് ചേർന്നാണ് ഓട നിർമിക്കാനായി കുഴിയെടുത്തത്. ഗേറ്റിന്റെ പകുതി ഭാഗത്ത് വരെ ഓട സ്ഥാപിച്ച് സ്ലാബ് സ്ഥാപിച്ച് മൂടി.
ശേഷിക്കുന്ന ഭാഗം വലിയ കുഴിയായി കിടക്കുകയാണ്. വീട് റോഡിൽ നിന്നും ഏറെ ഉയരത്തിലാണ്. ഓട പൂർത്തിയാക്കി സ്ലാബ് ഉറപ്പിച്ചാൽ മാത്രമേ വീട്ടിലേക്ക് കയറാനുള്ള വഴി ഇവർക്ക് ശരിയാക്കിയെടുക്കാൻ കഴിയുകയുള്ളു . റോഡിൽ നിന്ന് വീട്ടിലേക്ക് കയറുന്നതിനായി ഓടയുടെ സ്ലാബിന് മുകളിൽ ഇന്റർ ലോക്ക് കട്ടകൾ അടുക്കി വച്ചിട്ടുണ്ട്. എന്നാൽ പരസഹായം കൂടാതെ ഇവർക്ക് ഇതിലൂടെ കയറിയിറങ്ങാൻ കഴിയില്ല. പിഡബ്ല്യു ഡി, കെഎസ്ഇബി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടികൾ വൈകുകയാണെന്നാണ് ആക്ഷേപം.
കെഎസ്ഇബിക്ക് ഏപ്രിലിൽ കത്തു നൽകി : പിഡബ്ല്യുഡി
ആറ്റിങ്ങൽ∙ ഇലക്ട്രിക് പോസ്റ്റ് മാറ്റാത്തതാണ് ഓട നിർമാണം പൂർത്തിയാക്കാൻ തടസമാകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നു. വൈദ്യുതി പോസ്റ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 4 ന് കെഎസ്ഇബി അധികൃതർക്ക് കത്തു നൽകിയിരുന്നു. ഒരു മാസം മുൻപ് വീണ്ടും കത്തു നൽകിയിട്ടുണ്ടെന്നും പിഡബ്ല്യു ഡി അധികൃതർ പറഞ്ഞു. പോസ്റ്റ് മാറ്റുന്നതിനുള്ള തുകയുടെ എസ്റ്റിമേറ്റ് ലഭിക്കുന്ന മുറക്ക് കരാറുകാരനെ കൊണ്ട് പണം അടപ്പിച്ച് തുടർ നടപടികൾ വേഗത്തിലാക്കുമെന്നും പൊതുമരാമത്ത് അധികൃതർ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local