ADVERTISEMENT

തിരുവനന്തപുരം ∙ ഐസിയു, വെന്റിലേറ്റർ നിരക്ക് വർധിപ്പിക്കാനുള്ള മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി തീരുമാനം തള്ളി ആരോഗ്യമന്ത്രി വീണാജോർജ്. ചാർജ് വർധന രോഗികളെ വലയ്ക്കുമെന്നു തിരിച്ചറിഞ്ഞാണ് വർധന നടപ്പിലാക്കേണ്ടതില്ലെന്നു മന്ത്രി അറിയിച്ചത്. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഐസിയു, വെന്റിലേറ്റർ നിരക്ക് വർധിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നു മന്ത്രി അറിയിച്ചു. നിലവിലെ സ്ഥിതി എല്ലാ മെഡിക്കൽ കോളജിലും തുടരുമെന്നും മന്ത്രി പറഞ്ഞു.

ഇതോടെ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് സെക്രട്ടറിയും കൺവീനറുമായ ആശുപത്രി വികസന സമിതിക്ക് തീരുമാനം നടപ്പാക്കാനാവില്ല എന്നുറപ്പായി. സമിതിയുടെ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനെന്ന വ്യാജേനെയാണ് ആരെയും അറിയിക്കാതെ ചാർജ് വർധന കഴിഞ്ഞ ദിവസം മുതൽ നടപ്പിലാക്കിയത്. ഇത് മനോരമ വാർത്തയിലൂടെയാണ് പുറം ലോകം അറിഞ്ഞത്. ഇതിനു പിന്നാലെയാണ് മന്ത്രി വിഷയത്തിൽ ഇടപെട്ടത്.

മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

തിരുവനന്തപുരം ∙ മെ‍ഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയു, വെന്റിലേറ്റർ ചാർജ് വർധനയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. മനോരമ വാർത്തയെ തുടർന്നാണ് നടപടി. മെഡിക്കൽ കോളജ് സൂപ്രണ്ട് പതിനഞ്ചു ദിവസത്തിനകം ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നു മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ.ൈബജുനാഥ് ആവശ്യപ്പെട്ടു. ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കപ്പെടുന്ന സാധാരണക്കാരായ രോഗികളിൽ നിന്നു പണം ഈടാക്കാനുള്ള നീക്കം തടയണമെന്ന പരാതിയിലാണ് കേസ്.

ആശുപത്രിയിലെ വെന്റിലേറ്ററിന് ആയിരം രൂപയും ഐസിയുവിന് 500 രൂപയുമാണ് ഈടാക്കുന്നത്. മുൻഗണനാ വിഭാഗത്തിൽ മഞ്ഞകാർഡ് ഉള്ളവർക്ക് മാത്രമാണ് സൗജന്യം. മരുന്ന് വാങ്ങാൻ പോലും പണമില്ലാത്ത  മഞ്ഞകാർഡില്ലാത്ത ആയിരക്കണക്കിനാളുകളാണ് ആശുപത്രിയിൽ വരുന്നതെന്നും രോഗികളെ ബുദ്ധിമുട്ടിക്കുന്ന നടപടി പിൻവലിക്കണമെന്നാണ് ആവശ്യം. പൊതുപ്രവർത്തകനായ നജീവ് ബഷീർ സമർപ്പിച്ച കേസിലാണ് നടപടി.

നിരക്ക് പിൻവലിക്കും: സൂപ്രണ്ട് 

മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ഐസിയുവിനും വെന്റിലേറ്ററിനുമുള്ള പുതുക്കിയ നിരക്കുകൾ പിൻവലിക്കുമെന്ന് സൂപ്രണ്ട് ഡോ.എ.നിസാറുദീൻ അറിയിച്ചു. കോവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തിലാണ് ഐസിയുവിലെ ഫീസ് ഈടാക്കൽ താൽക്കാലികമായി നിർത്തി വച്ചത്. തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രി വികസന സമിതി  ഫീസ് പുനരാംഭിക്കാൻ തീരുമാനിച്ചത്.

ദിവസേന ഇരുപതു പോസ്റ്റുമോർട്ടം വരെ നടക്കുന്ന സാഹചര്യത്തിലും അത്രയും തന്നെ അജ്ഞാത മൃതദേഹങ്ങൾ സൂക്ഷിക്കേണ്ട അവസ്ഥയിലും പുറത്തു നിന്നു കൊണ്ടുവരുന്ന മൃതദേഹം സൂക്ഷിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. മാത്രമല്ല,  ഇടതടവില്ലാതെ പ്രവർത്തിക്കുന്നതിനാൽ അറ്റകുറ്റപ്പണിയ്ക്കായി അഞ്ചു ഫ്രീസറുകൾ വരെ മാറ്റിവയ്ക്കേണ്ടിയും വരും. ഈ സാഹചര്യത്തിലാണ് വാടക ഈടാക്കി മൃതദേഹം സൂക്ഷിക്കുന്നതിനു കഴിയാതെ വരുന്നതെന്നും നിസാറുദീൻ അറിയിച്ചു.

വികസന സമിതിയിൽ ഭിന്നത

നിരക്ക് വർധനയെ ചൊല്ലി ആശുപത്രി വികസന സമിതിയിൽ ഭിന്നത രൂക്ഷം. നടപടിക്കെതിരെ വരും ദിവസങ്ങളിൽ പ്രതിഷേധം രൂക്ഷമാകും. വികസന സമിതിയുടെ കഴിഞ്ഞ മാസം ചേർന്ന കമ്മിറ്റിയിൽ ഈ വിഷയം അജണ്ടയിൽ ഇല്ലായിരുന്നു. കമ്മിറ്റിയിൽ വയ്ക്കാതെ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട്, പ്രിൻസിപ്പൽ, ആരോഗ്യമന്ത്രിയുടെ നോമിനി, കൗൺസിലർ, കലക്ടർ എന്നിവർ ചേർന്ന ഉപസമിതിയാണ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചത്.

ചാർജ് വർധന കമ്മിറ്റിയിൽ വന്നാൽ പ്രതിപക്ഷപാർട്ടി നേതാക്കളിൽ നിന്ന് എതിർപ്പ് ഉയരുമെന്നത് മുന്നിൽ കണ്ടാണ് ഉപസമിതി ചേർന്ന് തീരുമാനം എടുത്തത്. ആശുപത്രി വികസന സമിതിയുടെ ജനറൽ ബോഡി മാസങ്ങളായി വിളിച്ച് കൂട്ടാറില്ലെന്നും സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നത് മുഴുവൻ ഭരണകക്ഷി അംഗങ്ങൾ മാത്രം ഉൾപ്പെട്ട ഉപസമിതിയിലാണെന്നും കോൺഗ്രസ് നേതാവും സമിതി അംഗവുമായ ഉള്ളൂർ മുരളി ആരോപിച്ചു. ആശുപത്രിയിലെ ഒരു ഉന്നതനാണ് ഉപസമിതിയിൽ ചാർജ് വർധനയ്ക്ക് ചുക്കാൻ പിടിച്ചതെന്നാണ് സൂചന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT