കണ്ടല സർവീസ് സഹ. ബാങ്ക്: കണ്ണീരിലായത് ആയിരങ്ങൾ
Mail This Article
കാട്ടാക്കട ∙ വായ്പ വിതരണത്തിലും നിക്ഷേപം സ്വീകരിക്കുന്നതിലും ചട്ടങ്ങൾ ലംഘിച്ച് കണ്ടല സർവീസ് സഹകരണ ബാങ്ക് പ്രവർത്തിച്ചതോടെ കണ്ണീരിലായത് ആയിരങ്ങൾ. ഇവരിൽ നിന്ന് നിക്ഷേപമായി സ്വീകരിച്ച 173 കോടി രൂപ ആര് നൽകുമെന്ന ചോദ്യത്തിനു ഉത്തരമില്ല. സിപിഐ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലത്താണ് വൻ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തത്. ബാങ്കിന്റെ തകർച്ചയ്ക്ക് കാരണക്കാർ ഭരണസമിതിയും ഉദ്യോഗസ്ഥരുമെന്ന് സഹകരണ സംഘം ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ, നഷ്ടം ഈടാക്കാൻ 2003 മുതൽ 2021 ഡിസംബർ വരെയുള്ള ഭരണസമിതി അംഗങ്ങൾക്കും സെക്രട്ടറിമാർക്കും സർചാർജ് ചുമത്താനും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. അനധികൃത നിയമനം, അനധികൃത ഉദ്യോഗ കയറ്റം, അനർഹമായ ശമ്പളം, അനുമതിയില്ലാതെ ലക്ഷങ്ങൾ ചെലവഴിച്ച് വാഹനം വാങ്ങൽ, നിർമാണ പ്രവർത്തനം തുടങ്ങി ഒട്ടേറെ നിയമവിരുദ്ധ പ്രവൃത്തികളിലൂടെ ബാങ്കിന്റെ പണം നഷ്ടപ്പെട്ടു. ഈ തുക ഉത്തരവാദികളിൽനിന്ന് തിരികെ പിടിച്ച് നിക്ഷേപകർക്ക് നൽകണം എന്നും റിപ്പോർട്ടിൽ പറയുന്നു.
ഭരണസമിതി അംഗങ്ങളുടെയു, ജീവനക്കാരുടെയും ബന്ധുക്കളുടെ പേരിൽ നൽകിയ എംഡിഎസ്, വായ്പ കുടിശികയായി. ഇത് തിരികെ പിടിക്കാൻ ഭരണ സമിതി ഒന്നും ചെയ്തില്ല. സംഘം നിയമാവലിക്ക് വിരുദ്ധമായി പ്രവർത്തനം നിലച്ച ക്ഷീരയ്ക്ക് ഭീമമായ തുക വായ്പ നൽകി ബാങ്കിനു നഷ്ടം വരുത്തി. ഒരു ജാമ്യ വസ്തു കാണിച്ച് അനവധി വായ്പ നൽകി. 3 സെന്റിനു താഴെ ഭൂമി ജാമ്യം സ്വീകരിച്ച് ലക്ഷങ്ങൾ വായ്പ നൽകി. ഇങ്ങനെ തുടങ്ങി ക്രമക്കേടുകളുടെ ഘോഷയാത്രയാണ് സിപിഐ നേതാവിന്റെ ബാങ്കിൽ നടന്നിരുന്നത്– റിപ്പോർട്ടിൽ പറയുന്നു.
ചോർച്ചയുടെ വഴി
കാട്ടാക്കട ∙ സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിച്ച പലിശ നിരക്കിനെക്കാൾ കൂടുതൽ തുക പലിശ നൽകി നിക്ഷേപം സ്വീകരിച്ചതും, എംഡിഎസ് തുക ബാങ്കിൽ സാങ്കൽപിക നിക്ഷേപമായി കാണിച്ച് ഇല്ലാത്ത നിക്ഷേപത്തിനു കൂടിയ പലിശ നൽകിയതും ക്രമക്കേടുകൾക്ക് ആക്കം കൂട്ടി. സ്വന്തം താൽപര്യം സംരക്ഷിക്കാൻ സംഭാവനകളും പരസ്യങ്ങളും നൽകി. അനുമതി ഇല്ലാതെ കൂടിയ തുക ചെലവഴിച്ച് നിർമാണ പ്രവർത്തനങ്ങളും സാധന സാമഗ്രികളും വാങ്ങി. നിക്ഷേപം ക്യാൻവാസ് ചെയ്യാൻ ജീവനക്കാരെ നിയോഗിച്ചു.
നിക്ഷേപത്തുക തന്നെ പലിശ നൽകാൻ വിനിയോഗിച്ചു. അനധികൃത നിയമനം നടത്തി. ജീവനക്കാർക്ക് ക്രമവിരുദ്ധമായി പ്രമോഷനും അനധികൃത ശമ്പളവും നൽകി. നിക്ഷേപം സ്വീകരിക്കുന്നതിനു ജീവനക്കാർക്ക് കമ്മിഷൻ നൽകി. എംഡിഎസിൽ (ചിട്ടിയിൽ) ചിറ്റാളൻമാരെ ചേർക്കുന്നതിനു ജീവനക്കാർക്ക് കമ്മിഷൻ കൊടുത്തു. –തുടങ്ങിയവയാണ് കോടികളുടെ നിക്ഷേപ ചോർച്ചയ്ക്ക് കാരണമെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
സർചാർജ്
കാട്ടാക്കട ∙ അന്വേഷണ ഭാഗമായി കണ്ടെത്തിയ ക്രമക്കേടുകൾക്ക് ഉത്തരവാദികളിൽ നിന്നു പണം ഈടാക്കാനാണ് സർചാർജ് ചുമത്തുക. സർചാർജ് ചുമത്താനുള്ള ശുപാർശ നൽകുന്നതിനു മുന്നോടിയായി അന്വേഷണ കാലഘട്ടത്തിലെ ഭരണ സമിതി അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും പറയാനുള്ളത് കേൾക്കാൻ നോട്ടിസ് നൽകിയിരുന്നു. കമ്മിറ്റി ആരംഭിക്കും മുൻപേ മിനിറ്റ്സ് ഒപ്പിട്ട് വാങ്ങുകയായിരുന്നു പതിവെന്നും മിനിറ്റ്സ് വായിച്ച് കേട്ടശേഷം ഒപ്പിട്ട് വാങ്ങുക പതിവല്ലെന്നും തങ്ങൾക്ക് ക്രമക്കേടിൽ ഇതിൽ യാതൊരു പങ്കുമില്ലെന്നും ഭരണ സമിതിയിലെ ചിലർ മൊഴി നൽകി.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗൻ, രണ സമിതി അംഗങ്ങളായിരുന്ന സലിം, എ.രവീന്ദ്രൻ,ആർ.രഘുവരൻ നായർ,തിലോത്തമ, എസ്.ജലജകുമാരി, എൽ.ശശിധരൻ, എസ്.പുരുഷോത്തമൻ, പത്മാവതിയമ്മ, എം.ആർ.വിനോദ് എന്നിവർ സഹകരണ വകുപ്പ് 65 പ്രകാരം നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പും മറുപടി നൽകാൻ കൂടുതൽ സമയവും ആവശ്യപ്പെട്ടു.റിപ്പോർട്ടിന്റെ പകർപ്പ് അടക്കമാണ് വിശദീകരണം നൽകാൻ ഒരു മാസം മുൻപ് അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടിസ് നൽകിയത്. ഇനി ജോയിന്റ് റജിസ്ട്രാറുടെ ഹിയറിങിൽ ഇവർക്ക് പറയാനുള്ളത് വിശദീകരിക്കാൻ അവസരമുണ്ട്.
ആശുപത്രി
∙ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലക്ഷ്യമിട്ടാണ് കണ്ടല സഹകരണ ആശുപത്രി സ്ഥാപിച്ചത്. മെഡിക്കൽ ഓഫിസർ ഉൾപ്പെടെ12 ജീവനക്കാരെ നിയമിക്കാനാണ് അനുമതി. റജിസ്ട്രാറുടെ സർക്കുലറിനു വിരുദ്ധമായി 21 പേരെ അധികമായി നിയമിച്ച് ശമ്പളവും ആനുകൂല്യങ്ങളും നൽകി. 32 പേരെ ദിവസവേതന അടിസ്ഥാനത്തിലും നിയമിച്ചു.
ഇങ്ങനെ വന്ന സാമ്പത്തിക നഷ്ടത്തിനു പുറമെ ആശുപത്രിയുടെ പേരിൽ 22.22 കോടി രൂപയുടെ ആസ്തിമൂല്യ ശോഷണം ബാങ്കിനു സംഭവിച്ചുവെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അഡ്മിനിസ്ട്രേറ്റർ ഭരണം വന്നതോടെ 8 ജീവനക്കാരെ ഒഴിവാക്കാൻ നിർദേശിച്ചു. ആശുപത്രി ലാഭകരമാകുന്ന മുറയ്ക്ക് ഇവരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കും.
സർചാർജ് ശുപാർശ
∙കൂടുതൽ കാലം പ്രസിഡന്റായിരുന്ന എൻ.ഭാസുരാംഗന് പുറമേ, കൂടുതൽ കാലം ഭരണ സമിതി അംഗങ്ങളായിരുന്ന ടി.പത്മാവതിയമ്മ,സി.കൃഷ്ണൻകുട്ടി,എ.സലിം എന്നിവർക്ക് 51,11,36,21.64 രൂപ വീതമാണ് സർചാർജ് ചുമത്താൻ ശുപാർശ ചെയ്തിട്ടുള്ളത്. പി.ശശിധരൻ–36,98,145.85 രൂപ,എം.മഹേന്ദ്രൻ–3698145.85, എം.ഷാജുകുമാർ–23,41,002.95, പി.ആർ.ഗോപാലകൃഷ്ണ പിള്ള–47,41,54,75.79. എ.ജോൺസൻ–25,37,22,57.41, എ.രവീന്ദ്രൻ–47,415,475.79, ആർ.രഘുവരൻ നായർ–25,37,22,57.41,എ.കെ.രവീന്ദ്രദാസ്–25,37,22,57.41,
സി.തിലോത്തമ–42,07,56,20.48, എസ്.ജലജ കുമാരി–42,07,56,20.48, എൽ.ശശിധരൻ–22,04,3218.38, എം.ആർ.വിനോദ്–22043218.38, എസ്.പുരുഷോത്തമൻ–22043218.38, സെക്രട്ടറിമാരുടെ ചുമതല വഹിച്ചിരുന്ന കെ.മോഹനേന്ദ്ര കുമാർ– 80,82,77.2, എം.രാജേന്ദ്രൻ– 16,16,55,42.3, കെ.ശാന്തകുമാരി–18,40,76,95.58, ബൈജു രാജൻ– 16,16,55,4.4 രൂപ.
ഭരണ സമിതി അംഗങ്ങളായിരുന്ന എ.കൃഷ്ണൻകുട്ടി, പി.ആർ. ഗോപാലകൃഷ്ണ പിള്ള, എ.ജോൺസൻ, എ.കെ.രവീന്ദ്രദാസ് എന്നിവർ വിവിധ കാലങ്ങളിൽ മരണപ്പെട്ടു. ശുപാർശയിൻമേൽ സഹകരണ സംഘം ജോ.റജിസ്ട്രാർ ഓരോരുത്തരെയും ഹിയറിങ് നടത്തും. ഇതിനു ശേഷമാകും ഓരോരുത്തരുടെയും സർചാർജ് തുക സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുക.