ADVERTISEMENT

തിരുവനന്തപുരം∙ രാജാ രവിവർമയുടെ കോടികൾ വിലമതിക്കുന്ന യഥാർഥ ചിത്രങ്ങളുടെ ശേഖരവുമായി രാജാ രവിവർമ ആർട് ഗാലറി തലസ്ഥാനത്ത് മ്യൂസിയത്തിൽ പ്രവർത്തനം ആരംഭിച്ചു. രവിവർമ ചിത്രങ്ങൾക്കായി പ്രത്യേക ഗാലറിയെന്ന അര നൂറ്റാണ്ടോളമെത്തുന്ന കേരളത്തിന്റെ സ്വപ്നമാണ് ഇതിലൂടെ യാഥാർഥ്യമായത്. ഇതോടെ രാജ്യത്ത് ഏറ്റവുമധികം രവിവർമ ചിത്രങ്ങളുള്ള ഗാലറിയായും ഇതു മാറി. കേരളത്തിന്റെ നേട്ടം രാജ്യത്തിന് അഭിമാനമായി മാറുമെന്നു ഗാലറി തുറന്നുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രവിവർമയുടെ 175-ാം ജന്മവാർഷിക വേളയിൽ തന്നെ ഗാലറി സമർപ്പിക്കാനായതു സന്തോഷകരമാണ്. ഭാരതീയ പാരമ്പര്യവും പാശ്ചാത്യ സങ്കേതങ്ങളും സമ്മേളിക്കുന്നതാണു രവിവർമയുടെ ശൈലി. ‘യശോദയും കൃഷ്ണനും’ എന്ന ചിത്രം 28 കോടി രൂപയ്ക്കാണു വിറ്റത്. നേരത്തേ ഒട്ടേറെ രവിവർമ ചിത്രങ്ങൾ കടൽകടന്നു പോയി. ഇനിയതു സംഭവിച്ചുകൂടാ.

രവിവർമ ചിത്രങ്ങൾ ദേശീയസമ്പത്തായി പ്രഖ്യാപിച്ചത് ഇതുമൂലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, ജെ.ചിഞ്ചുറാണി, വി.കെ.പ്രശാന്ത് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ.വി.വേണു, മ്യൂസിയം വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടർ ഇ.ദിനേശൻ, മ്യൂസിയം ഡയറക്ടർ എസ്.അബു, കിളിമാനൂർ പാലസ് ട്രസ്റ്റ് അംഗം കെ.ആർ.രാമവർമ പ്രസംഗിച്ചു. 

കിളിമാനൂരിൽ നിന്ന് 

രാജാ രവിവർമ ജനിച്ച കിളിമാനൂർ കൊട്ടാരത്തിൽ നിന്നു  കൈമാറിയ ചിത്രങ്ങളാണു ഗാലറിയിലുള്ളത്. അദ്ദേഹം വരച്ചു കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന ചിത്രങ്ങൾ പൊതുജനങ്ങൾക്കു കാണാനായി കൊട്ടാരം സംഭാവനയായി നൽകുകയായിരുന്നു. രാജാ രവിവർമ, സഹോദരനായ രാജരാജ വർമ, സഹോദരി മംഗളാഭായി തമ്പുരാട്ടി, മറ്റു സമകാലിക ചിത്രകാരന്മാർ എന്നിവരുൾപ്പെടെ വരച്ച 135 ചിത്രങ്ങളും സ്‌കെച്ചുകളുമാണ് ഇവിടെയുള്ളത്. 7.9 കോടി രൂപ ചെലവഴിച്ചാണു ഗാലറി നിർമാണം.  

സിനിമയ്ക്കും സംഭാവന 

ഇന്ത്യയിൽ സിനിമ യാഥാർഥ്യമാക്കുന്നതിൽ രാജാ രവിവർമയും പങ്കുവഹിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പുണെ വാസം മതിയാക്കി കേരളത്തിലേക്കു മടങ്ങാൻ തീരുമാനിച്ചപ്പോൾ രവിവർമ  സ്റ്റുഡിയോ വിറ്റു. ആ പണത്തിന്റെ വലിയൊരു പങ്ക് സ്റ്റുഡിയോയിൽ തന്റെ ശിഷ്യനായിരുന്ന ദാദാ സാഹിബ് ഫാൽക്കേയ്ക്കു നൽകി. അതുപയോഗിച്ചാണ് 1913 ൽ ഇറങ്ങിയ ‘രാജാ ഹരിശ്ചന്ദ്ര’ എന്ന ചിത്രം ഫാൽക്കേ എടുത്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT