പട്ടാപ്പകൽ രണ്ടുപേരെ വെട്ടിയ സംഭവം; ലക്ഷ്യമിട്ടത് കൊലപാതകമെന്ന് പൊലീസ്

Mail This Article
തിരുവനന്തപുരം∙ പേട്ടയിൽ പട്ടാപ്പകൽ എതിരാളി സംഘത്തിലെ രണ്ടു പേരെ വെട്ടിവീഴ്ത്തിയ ഗുണ്ടാസംഘം പദ്ധതിയിട്ടത് കൊല്ലാനെന്ന് പൊലീസ്. ചെട്ടികുളങ്ങര സ്വദേശി ശബരിയെ വകവരുത്തുകയായിരുന്നു ലക്ഷ്യം. പൊലീസിന്റെ റൗഡി ലിസ്റ്റിൽപെട്ട ഡബ്ബാർ ഉണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം തലേ ദിവസം രാത്രി ഒത്തുകൂടുകയും ആയുധങ്ങൾ ആലയിൽ കൊണ്ടു പോയി മൂർച്ച കൂട്ടുകയും ചെയ്തു. ശബരിയെ വകവരുത്തിയില്ലെങ്കിൽ ശബരി തന്നെ ആക്രമിക്കുമെന്നു ഉണ്ണി കരുതിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ പ്രതി അച്ചുഷാനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന് പദ്ധതിയിട്ട വിവരം വെളിപ്പെടുത്തിയത്.
ശനിയാഴ്ച്ച വൈകിട്ട് 5.30ന് ആനയറ കല്ലൂംമൂട് പാലത്തിനു സമീപത്തായിരുന്നു ഗുണ്ടാ ആക്രണം. ഉണ്ണിയുടെ നേതൃത്വത്തിൽ ബൈക്കിൽ എത്തിയ മൂന്നംഗ സംഘം പാറ്റൂർ സ്വദേശി രാജേഷ് (32), ചെട്ടികുളങ്ങര സ്വദേശി ശബരി (29) എന്നിവരെ വെട്ടി വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരും മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. പ്രതികളായ ഡബ്ബാർ ഉണ്ണി, കിച്ചു എന്നിവർ ഒളിവിൽ ആണെന്നും പൊലീസ് പറഞ്ഞു. പൊലീസ് പറഞ്ഞത്: ശബരിയും ഉണ്ണിയും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളും സുഹൃ ത്തുക്കളും ആയിരുന്നു. ഒരു വർഷം മുൻപ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തെറ്റിപിരിഞ്ഞു.
പിന്നീട് രണ്ടു തവണ ഏറ്റുമുട്ടുകയും ചെയ്തു. അടിപിടി കേസിൽ പൊലീസിന്റെ പിടിയിലായ ശബരി റിമാൻഡ് കഴിഞ്ഞു കഴിഞ്ഞ മാസം ആണ് പുറത്തിറങ്ങിയത്. തന്നെ കുടുക്കിയത് ഉണ്ണിയാണെന്നു ശബരി കരുതി. ഉണ്ണിയെ കൈകാര്യം ചെയ്യുമെന്നു പലരോടും പറഞ്ഞു നടന്നു. ഇതറിഞ്ഞ് ഉണ്ണിയും സംഘവും വീണ്ടും ശബരിയുമായി തർക്കമായി. വാട്സാപ് വഴിയും ഫോൺ വിളിച്ചും ഇരുകൂട്ടരും വെല്ലുവിളി നടത്തി. ആക്രമണം പ്രതീക്ഷിച്ച് ആയുധങ്ങളുമായാണ് ഇവർ യാത്ര ചെയ്തിരുന്നത്. ഉണ്ണിയെ ആക്രമിക്കാൻ ശബരിയും സംഘവും ശബരിയെ ആക്രമിക്കാൻ ഉണ്ണിയും സംഘവും പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ദൃശ്യങ്ങൾ ലഭിച്ചു
∙ഗുണ്ടാസംഘം എതിരാളികളെ വെട്ടിപരുക്കേൽപിക്കുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു. കല്ലൂമൂട് പാലത്തിനു സമീപത്തെ കടയിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യം ആണ് ലഭിച്ചത്. പരുക്കേറ്റ കാലുമായി ശബരി ഓടി പോകുന്നതും അക്രമികൾ പിന്നാലെ ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. സ്ഥലത്തു കൂടിയ ആളുകൾ ബഹളം വച്ചതിനാലാണ് ഇവർ ബൈക്കിൽ കയറി കടന്നത്. പരുക്കേറ്റവരുടെ മൊബൈൽ ഫോണുകളിൽ നിന്നു ഇരുകൂട്ടരും തമ്മിൽ കൊലവിളി നടത്തുന്ന ശബ്ദ സന്ദേശങ്ങളും പൊലീസിനു ലഭിച്ചു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local