മഴയെ തോൽപ്പിച്ച് സ്പോർട്സ് ഹബ്ബ്; മഴ മാറി നിന്നതോടെ ഗ്രൗണ്ട് മത്സരസജ്ജമായത് ദ്രുതഗതിയിൽ; ഗ്രൗണ്ട് സ്റ്റാഫിനും കയ്യടി

Mail This Article
തിരുവനന്തപുരം∙ അസാധ്യം എന്ന് കരുതിയത് സാധ്യമാക്കുന്ന മികവ് വീണ്ടും സാക്ഷ്യപ്പെടുത്തിയാണ് സ്പോർട്സ് ഹബ് സ്റ്റേഡിയം ക്രിക്കറ്റ് ലോകകപ്പ് സന്നാഹ മത്സര ആവേശത്തിനു തിരി കൊളുത്തിയത്. തലസ്ഥാനത്ത് വെള്ളിയാഴ്ച രാവിലെ തുടങ്ങിയ മഴ ഇന്നലെയും ശക്തമായി തുടർന്നു. കാര്യവട്ടത്ത് ഉച്ചയ്ക്കു രണ്ടര വരെയും ഇടവിട്ട് കനത്ത മഴ തന്നെ പെയ്തു. മഴ മാറിയിട്ടും ആകാശവും അന്തരീക്ഷവും മൂടിക്കെട്ടിക്കിടന്നു. ഏതു നിമിഷവും വീണ്ടും മഴ പെയ്യാവുന്ന സാഹചര്യം. കേരളം വേദിയാകേണ്ട രണ്ടാമത്തെ ലോകകപ്പ് സന്നാഹ മത്സരവും മഴയിൽ ഉപേക്ഷിക്കേണ്ടി വരുമെന്ന് എല്ലാവരും ചിന്തിച്ച മണിക്കൂറുകൾ.
പക്ഷേ തുച്ഛമെങ്കിലും നേരത്തെയെത്തി കാത്തിരുന്ന കാണികളുടെ പ്രാർഥന പോലെ പിന്നീട് കാര്യമായ മഴയുണ്ടായില്ല. പിച്ചും ബോളർ റണ്ണപ്പ് ഏരിയയും മൂടിയിരുന്നു. മൂടാത്ത ഔട്ട് ഫീൽഡിലായിരുന്നു പ്രശ്നം. കളി തുടങ്ങാൻ തീരുമാനിച്ചിരുന്ന രണ്ടിനു മുൻപേ നെതർലൻഡ്സ് ടീം ഗ്രൗണ്ടിൽ എത്തിയെങ്കിലും ഓസ്ട്രേലിയൻ ടീം വന്നിരുന്നില്ല. നാലരയ്ക്ക് ഗ്രൗണ്ട് പരിശോധന നടത്തിയ മാച്ച് ഒഫിഷ്യലുകൾക്ക് തൃപ്തികരമായിരുന്നില്ല സാഹചര്യം. അഞ്ചരയ്ക്ക് അടുത്ത പരിശോധന നിശ്ചയിച്ചു. പിന്നീടാണ് കോവളത്തെ ഹോട്ടലിൽ നിന്ന് ഓസ്ട്രേലിയൻ ടീം ഗ്രൗണ്ടിലേക്കു തിരിച്ചത്.
തുടർച്ചയായി പെയ്ത മഴയുടെ ആഘാതത്തെ തോൽപ്പിക്കാനുള്ള ഗ്രൗണ്ട് സ്റ്റാഫിൻ്റെ അധ്വാനം അതിനിടെ തുടങ്ങിയിരുന്നു. മികച്ച ഡ്രെയിനേജ് സംവിധാനമുള്ളതിനാൽ ഔട്ട്ഫീഫീൽഡിലും കാര്യമായ വെള്ളക്കെട്ട് ഉണ്ടായില്ല. ഫീൽഡിലെ ഈർപ്പം സുപ്പർ സോപ്പർ ഉപയോഗിച്ച് ഗ്രൗണ്ട് സ്റ്റാഫ് നീക്കം ചെയ്തു. കെസിഎ ക്യുറേറ്റർ എ.എം.ബിജുവിൻ്റെ നേതൃത്വത്തിൽ പിച്ചും മത്സരത്തിനായി ഒരുക്കി. അഞ്ചരയ്ക്ക് വീണ്ടും പരിശോധന നടത്തിയ മാച്ച് ഒഫിഷ്യൽ സ് ഗ്രൗണ്ട് മത്സരത്തിന്ന് സജ്ജമെന്നു വിലയിരുത്തിയപ്പോൾ വിജയിച്ചത് ഗ്രൗണ്ടിൻ്റെ മികവും ഗ്രൗണ്ട് സ്റ്റാഫിൻ്റെ അധ്വാനവുമാണ്. 23 ഓവറായി ചുരുക്കിയ മത്സരം 7 ന് ആരംഭിക്കാൻ തീരുമാനിച്ചതോടെ കൂടുതൽ കാണികളെത്തി.

വിശാലമായ ഗാലറിയിൽ കാണികൾ തുച്ഛമായിരുന്നെങ്കിലും എത്തിയവർ കളിയാവേശം തീർത്തു. ഇരു ടീമുകളുടെയും കളിക്കാർക്ക് പിന്തുണ നൽകുന്ന പോസ്റ്ററുമായാണ് പലരും എത്തിയത്. എത്തിയ കാണികളിൽ ഭൂരിപക്ഷത്തേയും തൽസമയ സംപ്രേഷണത്തിലൂടെ ലോകമെങ്ങും കാണുകയും ചെയ്തു. ഓസ്ട്രേലിയൻ സൂപ്പർ താരം സ്റ്റീവ് സ്മിത്താണ് അർധ സെഞ്ചുറിച്ചായി കാണികളെ വിരുന്നൂട്ടിയത്. കൂറ്റൻ സിക്സറുകളിൽ ഗാലറിയിലേക്ക് പറന്നെത്തിയ പന്ത് ഒറ്റ കയ്യിലടക്കം ക്യാച്ചെടുത്തവർ ഗാലറിയിലെ താരങ്ങളായി ടിവിയിലും നിറഞ്ഞു. 2017ൽ ഇവിടെ ആദ്യമായി നടന്ന ഇന്ത്യ - ന്യൂസീലൻസ് ട്വൻറി20 മത്സരവും 7 കനത്ത മഴയെ തോൽപ്പിച്ചാണു നടന്നത്.