ബിജെപി കാട്ടാക്കട മണ്ഡലം വൈസ് പ്രസിഡന്റിനു നേരെ ഭീഷണി; റോഡ് ഉപരോധിച്ചു

Mail This Article
കാട്ടാക്കട ∙ ബിജെപി കാട്ടാക്കട മണ്ഡലം വൈസ് പ്രസിഡന്റ് തൂങ്ങാംപാറ ബാലകൃഷ്ണനെ കണ്ടല ബാങ്ക് മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗനും മകനും ചേർന്ന് ഭീഷണിപ്പെടുത്തുകയും വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചു. തന്നെ ഭീഷണിപ്പെടുത്തി മനഃപൂർവം അപായപെടുത്താൻ ശ്രമിച്ചു എന്ന് ആരോപിച്ച് ബാലകൃഷ്ണൻ മാറനല്ലൂർ പൊലീസിൽ പരാതി നൽകി. ഇന്നലെ ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. രണ്ടു മണിയോടെ ഭാസുരാംഗനും മകനും തൂങ്ങാപാറ വഴി കാറിൽ പോയി.
ഈ സമയം സ്കൂട്ടറിൽ പോകുകയായിരുന്ന ബാലകൃഷ്ണന്റെ അടുത്ത് കാർ നിർത്തി ഭീഷണിപ്പെടുത്തുകയും തുടർന്ന് കാർ തിരികെ വന്ന് മകൻ വീണ്ടും ഭീഷണി മുഴക്കിയെന്നുമാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ബിജെപി പ്രവർത്തകർ ബാലരാമപുരം കാട്ടാക്കട റോഡ് ഉപരോധിച്ചു. മഴയിൽ അപ്രതീക്ഷിതമായ വഴി തടയൽ പൊലീസ് അനുവദിച്ചില്ല. പൊലീസെത്തി ബലമായി സമരക്കാരെ നീക്കാനുള്ള ശ്രമം നടത്തിയത് പൊലീസുമായുള്ള വാക്കേറ്റത്തിനു കാരണമായി.
ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്,സംസ്ഥാന കൗൺസിൽ അംഗം ജി.സന്തോഷ് കുമാർ എന്നവർ സ്ഥലത്തെത്തി. തുടർന്ന് പ്രവർത്തകർ ഉപരോധം അവസാനിപ്പിച്ച് മടങ്ങി. വൈകിട്ട് മാറനല്ലൂരിൽ നിന്നും തൂങ്ങാംപാറയിലേക്ക് ബിജെപി പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജില്ലാ ഉപാധ്യക്ഷൻ മുക്കംപാലമൂട് ബിജു,സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജി.സന്തോഷ് കുമാർ,എരുത്താവൂർ ചന്ദ്രൻ, ഏരിയ പ്രസിഡന്റുമാരായ വണ്ടന്നൂർ അജി,കെ.പി.ബിനു,മണ്ഡലം പ്രസിഡന്റ് സുധീഷ് തുടങ്ങിയവർ നേതൃത്വം നൽകി.