തുടർച്ചയായ മഴ: രണ്ടു വീടുകൾ തകർന്നു, മരങ്ങൾ നിലംപതിച്ചു

Mail This Article
വെഞ്ഞാറമൂട്∙ തുടർച്ചയായ മഴയിൽ വീടുകൾ തകർന്നു. മരങ്ങൾ വൈദ്യുതി ലൈനിലേക്ക് വീണ് വൈദ്യുതി വിതരണം നിലച്ചു. ഗതാഗതം തടസ്സപ്പെട്ടു. എംസി റോഡിൽ കീഴായിക്കോണം ആലന്തറയ്ക്കു സമീപം റോഡിനു കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. റോഡു സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിനും സാരമായ കേടു സംഭവിച്ചു.പാങ്ങോട് മൈലമൂടിനു സമീപം പാലോട് റോഡിൽ വലിയ മരുത് മരം വൈദ്യുതി ലൈനിലേക്ക് പിഴുത് വീണ് കെവി ലൈൻ കടന്നുപോകുന്ന 4 ഇരുമ്പ് പോസ്റ്റുകൾ ഒടിഞ്ഞു വീണു. റോഡിൽ 2 മണിക്കൂർ ഗതാഗതം സ്തംഭിച്ചു.
അഗ്നിശമന വിഭാഗം, കെഎസ്ഇബി എന്നിവരെത്തിയാണു തടസ്സങ്ങൾ നീക്കിയത്. വാമനപുരം വാഴ്‌വേലിക്കോണം വടക്കതിൽ വീട്ടിൽ സുനന്ദന്റെ വീടിന്റെ മേൽക്കൂരയ്ക്ക് സാരമായ കേടുപറ്റി. ഓട് മേഞ്ഞ മേൽക്കൂര തകർന്നു. ഭിത്തികൾക്കും കേടു സംഭവിച്ചു.പാങ്ങോട് കൊച്ചാലുംമൂട് കന്യാരുകുഴി വീട്ടിൽ സഫിയാബീവിയുടെ വീടിന്റെ ഭിത്തി തകർന്നു വീണു. വീട് വാസയോഗ്യമല്ലാതായി. വാമനപുരത്തും പാങ്ങോടും അപകടാവസ്ഥയിലായ വീട്ടിലുണ്ടായിരുന്നവരെ അധികൃതർ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി താമസിപ്പിച്ചു.