പുത്തൻകട ചന്ത ലേലം കഴിഞ്ഞെങ്കിലും വൈദ്യുതി എത്തിയില്ല, കടമുറികൾ ലേലത്തിൽ പോയില്ല

Mail This Article
നെയ്യാറ്റിൻകര ∙ ചന്ത ലേലം കഴിഞ്ഞെങ്കിലും വൈദ്യുതി എത്തിയില്ല, കടമുറികൾ ലേലത്തിൽ പോയില്ല; ഭാഗികമായി നവീകരണം പൂർത്തിയാക്കിയ പുത്തൻകട ചന്തയിൽ കച്ചവടക്കാർ കയറാനുള്ള സാധ്യത മങ്ങുന്നു. നിലവിൽ റോഡരികിൽ കൂടുന്ന ചന്ത ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുമ്പോൾ തിരുപുറം പഞ്ചായത്ത് അധികൃതർക്ക് മൗനം. തിരുപുറം പഞ്ചായത്തിന്റെ പുത്തൻകട ചന്ത നവീകരണത്തിന്റെ പേരിൽ 2 വർഷമായി അടച്ചിട്ടിരിക്കുകയാണ്. അര ഏക്കറോളം ഉള്ള ഭൂമിയിൽ പ്രവർത്തിക്കുന്ന ചന്ത, കഴിഞ്ഞ ദിവസം 1.18 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയെങ്കിലും അവിടെ പ്രവർത്തനം തുടങ്ങാൻ സാധ്യതയില്ലെന്നാണ് ജനം പറയുന്നത്.
ശുദ്ധജലം, വൈദ്യുതി തുടങ്ങിയവ എത്തിയിട്ടില്ല. ശുചിമുറികൾ ഉണ്ടെങ്കിലും വാതിൽ ഇല്ല. (വാതിൽ നേരത്തെ സ്ഥാപിച്ചതാണെന്നും സാമൂഹിക വിരുദ്ധർ ഇളക്കിക്കൊണ്ടു പോയതെന്നും വിശദീകരണം.) കടമുറികൾ ഉണ്ടെങ്കിലും ലേലത്തിൽ പോകാത്തതും പ്രതിസന്ധികളാണ്. കഴക്കൂട്ടം – കാരോട് ബൈപാസ് കടന്നു പോകുന്ന പുറുത്തിവിളയ്ക്കു സമീപത്താണ് പുത്തൻകട. പുറുത്തിവിളയിൽ നിന്ന് തിരിഞ്ഞ് പഴയകട, നെയ്യാറ്റിൻകര ഭാഗത്തേക്കു പോകേണ്ട ഒട്ടേറെ വാഹനങ്ങൾ ഇതുവഴിയാണ് കടന്നു പോകുന്നത്.

റോഡരികിൽ ചന്ത പ്രവർത്തിക്കുന്നത് കാരണം ഗതാഗതക്കുരുക്ക് പതിവാണ്. അപകടങ്ങളും ഒട്ടേറെയുണ്ടായി.മാലിന്യ പ്രശ്നവും ഇവിടെയുണ്ട്. മാലിന്യ സംസ്കരണ സംവിധാനം ഉണ്ടായിട്ടും മാലിന്യം തള്ളുന്നതു മുഴുവൻ നിരത്തിലാണ്.മഴ കഴിഞ്ഞപ്പോൾ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ളവ ഒലിച്ച് പ്രധാന ജംക്‌ഷനായ പഴയകട വരെ എത്തി. മത്സ്യ അവശിഷ്ടം അടക്കമുള്ള മാലിന്യം കുന്നുകൂടുന്നത് കാരണം തെരുവ് നായ്ക്കളുടെ ശല്യവും വർധിക്കുകയാണ്. മാലിന്യം നീക്കാൻ പഞ്ചായത്ത് അധികൃതരും തയാറാകുന്നിമില്ല. ചന്തയുടെ നവീകരണം മുഴുവൻ അടിയന്തരമായി പൂർത്തിയാക്കണം എന്നതാണ് ജനത്തിന്റെ ആവശ്യം.