ADVERTISEMENT

തിരുവനന്തപുരം∙ ഒരു മണിക്കൂർ നിർത്താതെ മഴ പെയ്താൽ നഗരത്തിന്റെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ട് പതിവാണ്. നഗരത്തിന്റെ സമീപ പ്രദേശങ്ങളിൽ വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങും. വർഷങ്ങളായി ഇതേ കാര്യം സംഭവിച്ചിട്ടും ഇതിനു പരിഹാരം കാണാൻ അധികൃതർക്കായിട്ടില്ല. ഇന്നലെ ഉച്ചയ്ക്കു ശേഷം പെയ്ത മഴയിൽ നഗരപരിധിയിൽ രണ്ടിടങ്ങളിലായി വാഹനങ്ങൾ വെള്ളക്കെട്ടിൽ‌ അകപ്പെട്ടു. ഒട്ടേറെ റോഡുകൾ വെള്ളത്തിലായി. വീടുകളിൽ വെള്ളം കയറി.

ഇവയെല്ലാം പരിഹരിക്കാൻ ജില്ലാ കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെങ്കിലും എന്ന് സാധ്യമാകും എന്ന ചോദ്യമാണ് ജനങ്ങളിൽ ശേഷിക്കുന്നത്. ഇന്നലെ കനത്ത മഴയെത്തുടർന്ന് ശാസ്തമംഗലം കൊച്ചാർ റോഡ്, ഗൗരീശപട്ടം തേക്കുംമൂട്, ഇടപഴഞ്ഞി ചിത്രാനഗർ എന്നിവിടങ്ങളിൽ വെള്ളം കയറി. മരുതംകുഴി പടയണി ഗാർഡൻസിൽ ഒട്ടേറെ വീടുകളിൽ ഇന്നലെ വൈകിട്ടോടെ വെള്ളം കയറി. 

സമീപ ഓടകളിൽ മണ്ണ് വീണ് ഒഴുക്ക് തടസ്സപ്പെട്ടതാണ് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസവും ഇതേ അവസ്ഥ ഉണ്ടായെന്നും എന്നാൽ നടപടി എടുത്തില്ലെന്നും ഇവർ ആരോപിക്കുന്നു. എസ്എസ് കോവിൽ റോഡ്, മോഡൽ സ്കൂൾ ജംക്‌ഷൻ, ഈഞ്ചക്കൽ–വള്ളക്കടവ് റോഡ്, വെള്ളയമ്പലം ജംക്‌ഷൻ തുടങ്ങിയ പ്രദേശങ്ങൾ പതിവ് വെള്ളക്കെട്ട് പ്രദേശങ്ങളാണ്. നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ടിനു കാരണം ഓട മാലിന്യം കയറി അടഞ്ഞതാണെന്ന് നാട്ടുകാർ പറയുന്നു.

രക്ഷകരായി ഫയർഫോഴ്സ്

തിരുവനന്തപുരം∙ ഇന്നലെ മാത്രം നഗരത്തിന്റെ പലയിടങ്ങളിലായി നടന്ന പത്തോളം സംഭവങ്ങളിൽ നേരിട്ടെത്തി ദൗത്യനിർവഹണം നടത്തി തിരുവനന്തപുരം ഫയർഫോഴ്സ് യൂണിറ്റ്. വെള്ളക്കെട്ടും മരം വീണതും വീട് തകർന്നതും ഉൾപ്പെടെയുള്ള സംഭവങ്ങളിൽ ഇവർ രക്ഷാ പ്രവർത്തനം നടത്തി.  അഗ്നിരക്ഷാ നിലയത്തിൽ നിന്നു ഗ്രേഡ് അസിസ്റ്റന്റ് എസ്.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളാണ് പങ്കെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com