ഹൈവേ നിർമാണം; മണ്ണിടിഞ്ഞ് വീട്ടിലേക്ക് വെള്ളം കയറി

Mail This Article
പാലോട്∙ കനത്ത മഴയെ തുടർന്ന് റോഡിലെ വെള്ളം ഒലിച്ചിറങ്ങി മണ്ണിടിഞ്ഞു വീണു പെരിങ്ങമ്മല കുണ്ടാളംകുഴി നരിക്കല്ലിൽ തോടരികത്തു വീട്ടിൽ കെ. സോമരാജന്റെ വീടിന്റെ പിന്നാമ്പുറം പൂർണമായും മൂടി. വീടിനുള്ളിലേക്ക് ചെളിയും വെള്ളവും ഇരച്ചുകയറി. കൊച്ചു കുട്ടിയടക്കം ഉണ്ടായിരുന്നെങ്കിലും ആർക്കും അപകടമൊന്നുമില്ല. മഴ കനത്തതിനാൽ വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ട്. മലയോര ഹൈവേ നിർമാണം നടന്നു വരുന്ന ഇവിടെ ഓട നിർമാണത്തിലെ അപാകതയും സംരക്ഷണ ഭിത്തി നിർമിക്കാത്തുമാണ് അപകടത്തിന് കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
കരിങ്കല്ല് കെട്ടി സംരക്ഷണ ഭിത്തി നിർമിക്കണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് ഒരു വർഷത്തിനു മുൻപ് അടിസ്ഥാനത്തിന് കുഴിയെടുത്തെങ്കിലും പിന്നെ ഒന്നും നടന്നില്ല. ഇതിൽ വെള്ളം കെട്ടി നിന്ന് മാസങ്ങൾക്ക് മുൻപ് ഇന്നലെ മണ്ണിടിഞ്ഞതിനു സമീപത്തായി മണ്ണിടിച്ചിലുണ്ടായി സോമന്റെ കിണറ്റിലേക്ക് വീണു കുടിവെള്ളം മുട്ടിയിരുന്നു. അന്ന് വില്ലേജ് ഓഫിസിലും പൊതുമരാമത്തിലും മറ്റും പരാതി നൽകിയെങ്കിലും നാളിതുവരെ ഒരു പരിഹാരവും ഉണ്ടായില്ല. ഓടയില്ലാത്തതു മൂലം റോഡിന്റെ ഒരു വശത്തു നിന്നുള്ള വെള്ളം മുഴുവൻ കുത്തൊലിപ്പായി സോമന്റെ വീട്ടിലേക്കാണ് ഇറങ്ങിയിരുന്നത്.
നാട്ടുകാർ പലരും അപകടം ചൂണ്ടി കാട്ടിയെങ്കിലും ആരും ഗൗനിച്ചില്ല. സോമന്റെ വീട്ടിനുള്ളിൽ ചെളി നിറഞ്ഞതിനാൽ വാസയോഗ്യമല്ലാതായതിനെ തുടർന്ന് വാർഡ് മെംബർ സുലൈമാന്റെ നേതൃത്വത്തിൽ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. പൊതുമരാമത്ത് അധികൃതർ സ്ഥലത്തെത്തി ഓട കോരി വെള്ളം അതുവഴി തിരിച്ചു വിടാൻ ശ്രമം നടത്തുന്നുണ്ട്. പാവപ്പെട്ടവർ താമസിക്കുന്ന ഈ പ്രദേശത്ത് അടിയന്തര സംരക്ഷണ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെനന്ം അല്ലാത്ത പക്ഷം ഹൈവേ നിർമാണം തടയുമെന്നും നാട്ടുകാർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.