വാനരന്മാർ കാരണം പലരും കൃഷി നിർത്തി, വീടുകൾ തകർക്കുന്നു; വിളവൂർക്കലിൽ കുരങ്ങുകളെ വീണ്ടും പിടികൂടി തുടങ്ങി

Mail This Article
മലയിൻകീഴ് ∙ വിളവൂർക്കൽ പഞ്ചായത്തിൽ ഒരിടവേളയ്ക്കു ശേഷം നാട്ടിലിറങ്ങുന്ന കുരങ്ങുകളെ കെണിവച്ചു പിടികൂടി വനംവകുപ്പ് അധികൃതർക്ക് കൈമാറി തുടങ്ങി. കഴിഞ്ഞ ദിവസം മൂലമൺ വാർഡിലെ മലയം ഭാഗത്തു നിന്നും പിടികൂടിയ 6 കുരങ്ങുകളെയാണ് പരുത്തിപ്പള്ളി റേഞ്ച് അധികൃതർ എത്തി കൊണ്ടു പോയി. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയതും വനംവകുപ്പ് നൽകിയതും ആയ ഇരുമ്പ് കൂടുകളും ഉപയോഗിച്ചാണ് കുരങ്ങുകളെ പിടിച്ചത്. 2 വർഷം മുൻപ് ആയിരത്തോളം വാനരന്മാരെ വിളവൂർക്കൽ പഞ്ചായത്തിൽ നിന്നു പിടികൂടി .എന്നാൽ ഇവയെ കാട്ടിൽ തുറന്നുവിടുന്നതിൽ വനാതിർത്തി മേഖലകളിൽ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പ് ഇതിൽ നിന്നും പിന്മാറി.
വീണ്ടും വാനരശല്യം രൂക്ഷമായതോടെയാണ് നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് വനംവകുപ്പ് മുന്നോട്ടു വന്നത്. മൂക്കുന്നിമലയുടെ താഴ്‌വാരത്തെ വിളവൂർക്കൽ പഞ്ചായത്തിലെ മലയം, ചൂഴാറ്റുകോട്ട, പാമാംകോട്, പൊറ്റയിൽ, വേങ്കൂർ, മൂലമൺ പ്രദേശങ്ങളിൽ വാനരശല്യം രൂക്ഷമാണ്.വർഷങ്ങളായി നാട്ടുകാർ നേരിടുന്ന ദുരിതമാണിത്. വാഴ, പച്ചക്കറി, തെങ്ങ് കർഷകർക്ക് വ്യാപക നാശമാണ് കുരങ്ങുകൾ സൃഷ്ടിക്കുന്നത്. ഇവയുടെ ശല്യം കാരണം പലരും കൃഷി നിർത്തി . ഷീറ്റ്, ഓട് മേഞ്ഞ വീടുകൾക്കും വാനരന്മാർ നാശം വരുത്തുന്നു.