ഏത് സേവനവും വീട്ടുപടിക്കൽ; ‘ ഇക്കരപ്പച്ച ’ കൂട്ടായ്മ നാലാം വർഷത്തിലേക്ക്

Mail This Article
മലയിൻകീഴ് ∙ നാടൻ കാർഷിക ഉൽപന്നങ്ങൾ, ഭക്ഷണ സാധനങ്ങൾ, പുസ്തകങ്ങൾ മുതൽ വിവിധ സേവനങ്ങൾ ആവശ്യപ്പെട്ടുള്ള ഒട്ടേറെ സന്ദേശങ്ങൾ ദിവസവും നിറയുന്ന ഒരു വാട്സാപ് കൂട്ടായ്മ. ഒന്നാം ലോക്ഡൗൺ കാലത്ത് വീട്ടുകാരെ വീട്ടിൽ തന്നെ ഇരുത്തുക ലക്ഷ്യത്തോടെ ശാസ്ത്ര സാഹിത്യ പരിഷത്ത് മലയിൻകീഴ് യൂണിറ്റ് തുടങ്ങിയ ‘ ഇക്കരപ്പച്ച ’ എന്ന വാട്സാപ് ഗ്രൂപ്പ് 4 വർഷങ്ങൾക്കിപ്പുറം സജീവം. 342 അംഗങ്ങൾ ഇതിലുണ്ട്. വീട്ടുകാർ തങ്ങളുടെ കൈവശമുള്ള ഉൽപന്നങ്ങൾ വിൽക്കാനായി ഗ്രൂപ്പിൽ അവതരിപ്പിക്കും . മറ്റു ചിലർ തങ്ങൾക്ക് വേണ്ട സാധനങ്ങൾ ആവശ്യപ്പെടുന്നു. കൂടാതെ ലഭ്യമായ വസ്തുക്കളുടെ ഫോട്ടോയും അളവും ഇടയ്ക്കിടെ ഗ്രൂപ്പ് അഡ്മിൻ പാനൽ പ്രദർശിപ്പിക്കും.
പരിഷത്ത് അംഗങ്ങൾ തന്നെ ആവശ്യമായ സാധനങ്ങൾ വീടുകളിൽ എത്തിക്കുന്നതാണു വിപണനരീതി. അനാവശ്യ മെസേജുകൾക്ക് വിലക്കുണ്ട്. മലയിൻകീഴ് പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലുമാണ് പ്രവർത്തനം. ഇലക്ട്രിഷ്യൻ സേവനം, കൃഷിപ്പണി അങ്ങനെ എന്ത് ആവശ്യം അറിയിച്ചാലും ഉടൻ പരിഹാരം. പാഴ്‌വസ്തു പുനരുപയോഗ മാർഗങ്ങളും പ്രോത്സാഹിപ്പിക്കുന്നു. വ്യത്യസ്ത മേഖലകളിലെ വിദഗ്ധരെ അണിനിരത്തി വെബിനാറും ഗ്രൂപ്പിൽ സംഘടിപ്പിച്ചിട്ടുണ്ട്. വ്യക്തി ബന്ധങ്ങൾ നിലനിർത്താനും പ്രതിസന്ധിഘട്ടങ്ങളിൽ ആളുകളെ സഹായിക്കാനും ഇക്കരപ്പച്ച വഴി സാധിക്കുന്നുണ്ടെന്ന് പ്രവർത്തകർ പറഞ്ഞു.
English Summary: Join the Ikkarapacha WhatsApp group and find everything you need - from local products to expert advice