‘നവകേരള ബസ്’ വിറ്റാൽ ഇരട്ടി വില കിട്ടും; മ്യൂസിയത്തിലും വയ്ക്കാം: ബാലൻ
Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ‘കാബിനറ്റ് ബസ്’ നവകേരള സദസ്സിനു ശേഷം വിൽക്കാൻ തീരുമാനിച്ചാൽ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടുമെന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ. ഇപ്പോൾ തന്നെ പലരും വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
15 വർഷത്തെ കാലാവധി കഴിഞ്ഞു ബസ് മ്യൂസിയത്തിൽ വച്ചാൽ, മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് എന്ന നിലയിൽ ലക്ഷക്കണക്കിനു പേർ കാണാൻ വരും. അതുകൊണ്ട് ബസ് നഷ്ടമാണെന്ന പ്രചാരണം വേണ്ട.
ചലിക്കുന്ന കാബിനറ്റ് ലോകത്തിലെ ആദ്യത്തെ സംഭവമാണ്. ബസ് പോകുന്ന വഴിയിൽ ഓരോ സ്ഥലത്തും പതിനായിരങ്ങൾ തടിച്ചുകൂടും. ചരിത്രപ്രസിദ്ധമായ ഈ യാത്രയിൽ നിന്നു പ്രതിപക്ഷം മാറിനിൽക്കേണ്ട ഗതികേടിലേക്ക് എത്തിയതാണ്. കേരളത്തിൽ ഇപ്പോൾ മൂന്നു പ്രതിപക്ഷ നേതാക്കളാണ്. ഉച്ചവരെ വി.ഡി.സതീശൻ, ഉച്ച തിരിഞ്ഞ് രമേശ് ചെന്നിത്തല, രാത്രിയിൽ കെ.സുരേന്ദ്രൻ എന്നിവരാണു പ്രതിപക്ഷ നേതാക്കളെന്നും ബാലൻ പറഞ്ഞു.