വാഹനത്തിന് സൈഡ് നൽകിയില്ല: തർക്കം, ബീയർ കുപ്പി കൊണ്ട് ആക്രമണം; അറസ്റ്റ്
Mail This Article
തിരുവനന്തപുരം∙ രാത്രി ശ്വാസതടസ്സം അനുഭവപ്പെട്ടു അവശനിലയിലായ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്കു പാഞ്ഞ കാറിനു സൈഡ് കൊടുക്കാത്തതിന്റെ പേരിൽ സംഘട്ടനം. ഹോൺ മുഴക്കിയിട്ടും കാർ കടത്തി വിടാത്തതിൽ പ്രകോപിതനായി കുഞ്ഞിന്റെ അച്ഛനും സുഹൃത്തും ചേർന്നു എതിരെ പോയ കാർ തടഞ്ഞു ഡ്രൈവറെ ആക്രമിച്ചു പരുക്കേൽപ്പിച്ചു. വഞ്ചിയൂർ സ്വദേശി അദിത്യ സതീഷിന് ആണ് പരുക്കേറ്റത്. ബീയർ കുപ്പി കൊണ്ടുള്ള അടിയിൽ ഇയാളുടെ മൂക്കിനു പൊട്ടലുണ്ടായി. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛൻ ചാല പുത്തൻറോഡ് ടിസി 39/1832ൽ അനസ് (28), ചാല കരിമഠംകോളനിയിൽ അപ്പൂസ് വീട്ടിൽ സുധീഷ്കുമാർ (21) എന്നിവരെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു.
ഇവർക്ക് എതിരെ പൊലീസ് വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി. ശനി രാത്രി 11ന് പാളയം എംഎൽഎ ഹോസ്റ്റലിനു സമീപത്തായിരുന്നു സംഭവം. പൊലീസ് പറഞ്ഞത്: അനസും കുടുംബവും 6 മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് കാറിൽ എസ്എടി ആശുപത്രിയിലേക്ക് പോകുകയായിരുന്നു. വേഗത്തിൽ പോകുന്നതിനിടെ എംഎൽഎ ഹോസ്റ്റലിനു സമീപത്തുവച്ചു എതിരെ പോയ കാറിനെ മറികടന്നു പോകാനായി ഹോൺമുഴക്കിയെങ്കിലും കാർ സൈഡ് നൽകിയില്ല.
ഇതിൽ പ്രകോപിതരായ അനസും സുഹൃത്തും ചേർന്നു എതിരെ പോയ കാർ തടയുകയും അദിത്യയോടും ബന്ധുവായ യുവാവിനോടും തട്ടിക്കയറി. സംഘട്ടനത്തിനിടെ കാറിൽ ഉണ്ടായിരുന്ന ബീയർ കുപ്പി എടുത്ത് അടിച്ചെന്നാണ് കേസ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.