കലാപഠനത്തിനു മിഴിവേകിയ ‘ഗുരു’ ചിത്രകാരൻ
Mail This Article
തിരുവനന്തപുരം ∙ കലയിലും കലാധ്യാപനത്തിലും പുതുവഴികൾ തുറന്നിടുകയും ഇന്ത്യൻ ചിത്ര– ശിൽപകലയിൽ ലാളിത്യപൂർവം തന്റെ സ്ഥാനമുറപ്പിക്കുകയും ചെയ്ത കലാകാരനായിരുന്നു അന്തരിച്ച പ്രഫ.സി.എൽ.പൊറിഞ്ചുക്കുട്ടി (91).
കലാധ്യാപന രംഗത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം വലിയ മാറ്റങ്ങൾക്കാണ് ഇട വരുത്തിയത്. തിരുവനന്തപുരം, മാവേലിക്കര കോളജുകൾ ഇന്നു കാണുന്ന നിലയിലെത്തിയതിനു പിന്നിൽ അദ്ദേഹത്തിന്റെ വിയർപ്പുണ്ട്. തിരുവനന്തപുരത്ത് കോളജ് ഓഫ് ഫൈൻ ആർട്സ് രൂപീകരണവുമായി ബന്ധപ്പെട്ട് പൂച്ചെണ്ടുകൾക്കൊപ്പം മുൾക്കിരീടങ്ങളും അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നു. തലസ്ഥാനത്തു നേരത്തെ പ്രവർത്തിച്ചിരുന്ന സ്കൂൾ ഓഫ് ആർട്സിനെ കോളജ് ആക്കി ഉയർത്താൻ ഏറെ പരിശ്രമിക്കേണ്ടി വന്നു.
അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോനെ ഈ ആവശ്യത്തിനായി പലതവണ കണ്ടു. വാസ്തുശിൽപ വൈഭവം തുളുമ്പി നിന്നിരുന്ന കെട്ടിടം പൊളിച്ചു പുതിയ കോൺക്രീറ്റ് മന്ദിരം നിർമിക്കാനൊരുങ്ങിയപ്പോൾ അതിനെതിരെ ആദ്യം പ്രതിഷേധവുമായി രംഗത്തു വന്നതും കുട്ടികളുടെ പ്രിയപ്പെട്ട ‘പൊറിഞ്ചു മാഷാ’യിരുന്നു. ലാളിത്യമാർന്ന വരകളും വർണങ്ങളും രൂപങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ രചനകളിൽ.
തൃശൂർ ജില്ലയിൽ കേച്ചേരിയിലെ കർഷക കുടുംബത്തിലാണ് ജനനം. പ്രമുഖ ചിത്രകാരനും ശാന്തിനികേതനിലെ വിദ്യാർഥിയുമായിരുന്ന ഇട്ടൂപ്പിന്റെ കീഴിൽ ആദ്യമായി ചിത്രകല പഠിച്ചു. തുടർന്ന് മദ്രാസ് സർക്കാരിന്റെ ഡിപ്ലോമ കരസ്ഥമാക്കി. ഉദയ്‌പുർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡിഗ്രിയും എംഎഫ്എയും നേടി. കേരളത്തിൽ മടങ്ങിയെത്തി മാവേലിക്കര രാജാരവിവർമ സ്‌കൂൾ ഓഫ് ആർട്‌സിൽ കലാധ്യാപകനായി.
1966ൽ പ്രിൻസിപ്പലും. 1975ൽ അദ്ദേഹം തിരുവനന്തപുരം സ്‌കൂൾ ഓഫ് ആർട്‌സിന്റെ മേധാവിയായി എത്തി. 1987ൽ ഇവിടെ നിന്ന് വിരമിച്ചു. കേരള ലളിതകലാ അക്കാദമി ചെയർമാൻ, വിവിധ യൂണിവേഴ്‌സിറ്റികളിൽ ബോർഡ് ഓഫ് സ്‌റ്റഡീസ് അംഗം. രാജ്യാന്തര പ്രദർശന സമിതികളിൽ ജൂറി അംഗം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചു.
വിരമിച്ച ശേഷം തിരുവനന്തപുരത്തെ പാറോട്ടുകോണത്ത് ലാറി ബേക്കർ രൂപകൽപന ചെയ്ത വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ വിശ്രമജീവിതം.2019ൽ ദുബായിൽ കഴിയുന്ന മകൻ ബൈജുവിന്റെ അടുത്തേക്ക് പോയി. അന്ത്യവും അവിടെയായിരുന്നു. അദ്ദേഹത്തിന്റെ കലാരംഗത്തെ സംഭാവനകൾ വിശദമാക്കുന്ന ‘സി.എൽ.പൊറിഞ്ചുക്കുട്ടി: വ്യക്തിയും കലാജീവിതവും’ എന്ന പുസ്തകം നവതി വേളയിൽ പുറത്തിറങ്ങിയിരുന്നു.
തലസ്ഥാന നഗരം കർമരംഗമാക്കിയ പൊറിഞ്ചുമാഷിന്റെ ഭൗതികദേഹം വൈകാതെ തിരുവനന്തപുരത്ത് എത്തിക്കും. അദ്ദേഹത്തിനു യാത്രാമൊഴി നൽകാനുള്ള തയാറെടുപ്പിലാണ് കേരളത്തിലെ കലാകാരന്മാരും സഹൃദയരും.