സ്റ്റാച്യു– ജനറൽ ആശുപത്രി റോഡ് പണി മാർച്ച് വരെ
Mail This Article
തിരുവനന്തപുരം ∙ നവീകരണത്തിനായി വെട്ടിപൊളിച്ച സ്റ്റാച്യു– ജനറൽ ആശുപത്രി റോഡ് വഴിയുള്ള സഞ്ചാരം സാധാരണ നിലയിലേക്ക് എത്താൻ മാസങ്ങൾ എടുക്കും. നവീകരണ പ്രവർത്തനങ്ങൾ മാർച്ചിന് മുൻപ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. നിലവിൽ ടാറിങ് ഇളക്കി മാറ്റുന്ന പ്രവർത്തിയാണ് നടത്തുന്നത്. ഇതിനു ശേഷം വൈദ്യുതി കേബിൾ ഉൾപ്പെടെ ഭൂമിക്കടിയിലൂടെയാക്കി മാറ്റും.
ഇതിനൊപ്പം സ്വിവേജ് ലെയ്നിന്റെ നിർമാണം നടത്തും. 444 മീറ്ററാണ് റോഡിന്റെ നീളം. കേബിളുകൾ ഭൂമിക്കടിയിലേക്ക് മാറ്റുന്നതിനു ഒപ്പം തെരുവ് വിളക്കുകൾ സ്ഥാപിക്കും. നിലവിൽ ഇവിടെയുള്ള സ്വിവേജ് ലെയ്നുകളും ജലഅതോറിറ്റി പെപ്പുകളും പൊട്ടാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തുകയെന്നതാണ് വെല്ലുവിളി. ഇന്നലെ മഴയായിരുന്നതിനാൽ പകൽ നിർമാണം നടത്തിയില്ല.
റോഡ് ഫണ്ട് ബോർഡാണ് റോഡ് നവീകരണം നടത്തുന്നത്. നിർമാണം നടക്കുന്ന റോഡിലൂടെ ഇരുചക്രവാഹനങ്ങൾക്ക് യാത്ര അനുവദിച്ചിട്ടുണ്ട്. സ്മാർട്ട് റോഡ് പദ്ധതിപ്രകാരമാണ് സ്റ്റാച്യു ജനറൽ ആശുപത്രി റോഡ് നവീകരിക്കുന്നത്. 2011 ൽ നിർമാണം ആരംഭിച്ചുവെങ്കിലും പാതിവഴിയിൽ കരാറുകാരനെ മാറ്റി. പകുതി ഭാഗം ഡക്ട് നിർമിച്ച് ശേഷം പണി ഉപേക്ഷിച്ചതോടെ ഇതുവഴിയുള്ള യാത്ര ദുരിതമായി. ഇടയ്ക്ക് ടാർ ചെയ്തുവെങ്കിലും കാര്യക്ഷമമായില്ല.
നിലവിൽ മാർച്ച് ആദ്യവാരം വരെയാണ് കരാർ നൽകിയിട്ടുള്ളത്. അതിനു മുൻപ് റോഡ് നവീകരണം പൂർത്തിയാക്കുമെന്നാണ് റോഡ് ഫണ്ട് ബോർഡിന്റെ പ്രതീക്ഷ. സെന്റ്ജോസഫ്സ് സ്കൂളിലേക്കും ജനറൽ ആശുപത്രിയിലേക്കും പോകാനാണ് ഒട്ടേറെ പേർ ഉപയോഗിച്ചിരുന്ന റോഡാണ് അപ്രതീക്ഷിതമായി നിർമാണത്തിനായി കുത്തിപൊളിച്ചത്.