ആവേശ പൂത്തിരിയോടെ തുടക്കം; നനഞ്ഞ പടക്കം പോലെ മടക്കം
Mail This Article
തിരുവനന്തപുരം ∙ 'കളി ജയിച്ചാലും തോറ്റാലും ഇന്ത്യ തല ഉയർത്തിത്തന്നെ'– നിരാശയായിരുന്നു ഫലമെങ്കിലും സ്വന്തം രാജ്യത്തെ എല്ലാവരും നെഞ്ചോട് ചേർത്തു. ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിനൊപ്പം ചുവടു വച്ച നഗരം, ഫൈനലിലെത്തിയ ഇന്ത്യയുടെ കരുത്തിനെ ആഘോഷമാക്കി. കിഴക്കേകോട്ട ചിത്തിര തിരുനാൾ പാർക്ക്, വെള്ളയമ്പലം മാനവീയം വീഥി, പേരൂർക്കട, വഞ്ചിയൂർ തുടങ്ങി ഒട്ടുമിക്ക സ്ഥലങ്ങളിലും വലിയ സ്ക്രീനിൽ ഫൈനൽ പ്രദർശിപ്പിച്ചു. ഹോട്ടലുകളും വലിയ സ്ക്രീനിൽ ഫൈനൽ കാണാൻ അവസരം ഒരുക്കി.
ഉച്ചയ്ക്ക് മുൻപ് തന്നെ മഴ വില്ലനായി എത്തിയതോടെ വലിയ സ്ക്രീനിൽ കളി കാണാൻ ആദ്യമൊന്നും ജനം ഇരച്ച് എത്തിയില്ല. മഴ കുറഞ്ഞതോടെ കാണികളും സ്ക്രീനുകൾക്ക് മുന്നിലേക്ക് എത്തി. ഓസ്ട്രേലിയ ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചതോടെ രോഹിത് ശർമ്മയുടെയും വിരാട് കോലിയുടെ വെടിക്കെട്ട് ബാറ്റിങ് ആദ്യം തന്നെ കാണാമെന്ന സന്തോഷത്തിലായിരുന്നു ക്രിക്കറ്റ് പ്രേമികൾ.
അവരെ സന്തോഷിപ്പിക്കുന്ന രീതിയിൽ രോഹിത് ശർമയും ഗില്ലും ചേർന്ന ഓപ്പണിങ് സഖ്യം മികച്ച രീതിയിൽ മുന്നേറിയപ്പോൾ കാണികളുടെ കൈയടികൾ ഉയർന്നു. ആദ്യ പത്ത് ഓവറിൽ 80 കടന്നതോടെ ഇന്ത്യയുടെ സ്കോർ ബോർഡിൽ 300 കടക്കുമെന്ന് ചർച്ച കൊഴുത്തു. ഇതിനിടെ രോഹിത് ശർമ പുറത്തായി.
പിന്നാലെ കോഹ്‌ലിയെ സ്ക്രീനിൽ കാണിച്ചതോടെ കയ്യടിയുടെ പൂമഴ. 'വാടാ മോനെ വന്നു തകർക്ക്' എന്ന മട്ടിലുള്ള കമന്റുകളുമായി വിരാടിനെ വരവേറ്റു. കോലി ബാറ്റിങ്ങിന് എത്തി എന്നറിഞ്ഞതോടെ പൊതുയിടങ്ങളിൽ ഒരുക്കിയിരുന്ന വലിയ സ്ക്രീനുകൾക്ക് മുന്നിൽ കാഴ്ചക്കാർ നിറഞ്ഞു. പിന്നെ ഇന്ത്യയ്ക്ക് അകമഴിഞ്ഞ പിന്തുണയും കയ്യടിയുമായി എല്ലാവരും തികഞ്ഞ ആവേശത്തിലായി. കോലി 50 കടന്നതോടെ ആവേശം അണ പൊട്ടി.
ഓസ്ട്രേലിയയുടെ ഫീൽഡിങ്, ബോളിങ് മികവിൽ ഇന്ത്യൻ സ്കോർ ഇഴഞ്ഞു നീങ്ങിയതോടെ കാണികളിൽ നിരാശ പടർന്നു. ഇന്ത്യൻ ഇന്നിങ്ങ്സ് അവസാനത്തിലേക്ക് എത്തിയതോടെ സ്കോർ 250 കടക്കുമോയെന്ന ചർച്ച കൊഴുത്തു. അതും സംഭവിക്കാതെ വന്നതോടെ ബഹുഭൂരിപക്ഷവും വലിയ സ്ക്രീനുകൾക്ക് മുന്നിൽ നിന്ന് സ്ഥലം കാലിയാക്കി.
ഓസ്ട്രേലിയ ബാറ്റിങ് ആരംഭിച്ചപ്പോൾ ലിയ സ്ക്രീനുകൾക്കു മുന്നിൽ വിരലിൽ എണ്ണാവുന്നവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ത്യൻ ബോളർമാർ വിക്കറ്റ് നേടാൻ തുടങ്ങുകയും കളി ക്രിക്കറ്റിന്റെ യഥാർഥ സൗന്ദര്യത്തിലേക്ക് കടക്കുകയും ചെയ്തതോടെ വീണ്ടും കാഴ്ചക്കാരുടെ എണ്ണം കൂടി. പക്ഷേ, നിരാശയായിരുന്നു ഫലം.