സമുദ്രാതിർത്തി ലംഘനത്തിന് 47 ദിവസം തടവിൽ; ഡീഗോ ഗാർസ്യയിൽനിന്ന് 32 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു
Mail This Article
വിഴിഞ്ഞം ∙ സമുദ്രാതിർത്തി ലംഘിച്ചു ബ്രിട്ടിഷ് അധീനതയിലുള്ള ഡീഗോ ഗാർസ്യയിൽ മത്സ്യബന്ധനം നടത്തി ഒരു മാസത്തിലധികം ജയിലിൽ കഴിയേണ്ടി വന്ന തമിഴ്നാട്ടിൽ നിന്നുള്ള രണ്ടു ബോട്ടുകളിലെ 32 അംഗ മത്സ്യത്തൊഴിലാളികളെ പിഴ ഈടാക്കി വിട്ടയച്ചു. വിഴിഞ്ഞം കോസ്റ്റ്ഗാർഡിനു കൈമാറിയ മത്സ്യത്തൊഴിലാളി സംഘത്തെ ഇന്നലെ രാത്രി 7.45ന് വിഴിഞ്ഞം തുറമുഖ വാർഫിൽ എത്തിച്ചു. പിടിയിലായ രണ്ടു ബോട്ടുകളിൽ ഒന്നു മാത്രമാണ് വിട്ടയച്ചത്. പിഴ അടയ്ക്കാത്തതിനാൽ മറ്റൊരു ബോട്ട് വിട്ടു നൽകിയിട്ടില്ല. ഇന്ത്യൻ മഹാസമുദ്രത്തിൽ ബ്രിട്ടിഷ് ഇന്ത്യൻ ഓഷ്യൻ ടെറിട്ടറിയിലെ (ബിഐഒടി) ഡീഗോ ഗാർസ്യ ദ്വീപിനോടടുത്ത് മത്സ്യബന്ധനം നടത്തിയ മത്സ്യ തൊഴിലാളികളെ സെപ്റ്റംബർ 26 നാണ് ബ്രിട്ടിഷ് കപ്പൽ പിടികൂടിയത്.
പരിശോധനയ്ക്കു ശേഷം ബോട്ട് ഒന്നിന് 25000 പൗണ്ട് വീതം പിഴ (ഏകദേശം 20 ലക്ഷം രൂപ) ചുമത്തിയതായി അധികൃതർ പറഞ്ഞു. പിഴ അടയ്ക്കാത്ത ബോട്ട് കസ്റ്റഡിയിൽ വച്ച ശേഷം 32 ജീവനക്കാരുൾപ്പെടെ വിട്ടയച്ചു. പിടിച്ച 4 ടൺ മത്സ്യം അധികൃതർ നശിപ്പിച്ചു. സെപ്റ്റംബർ 15ന് തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണത്തു നിന്നാണ് മഞ്ചുമാതാ ഒന്ന്, രണ്ട് എന്നീ രണ്ട് ബോട്ടുകളിലായി സംഘം കടലിൽ പോയത്. 26ന് ഇവർ പിടിയിലായി. തുടർന്ന് 47 ദിവസം ഇവർക്ക് തടവിൽ കഴിയേണ്ടി വന്നു. കേന്ദ്ര സർക്കാർ ഇടപെടലിനെ തുടർന്നാണ് മോചനത്തിനു വഴി തെളിഞ്ഞതെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു.
കോസ്റ്റ് ഗാർഡ് കപ്പലുകളായ അനഗ്, സി– 441 എന്നിവ എത്തിയാണ് സംഘത്തെ വിഴിഞ്ഞത്ത് എത്തിച്ചത്. കോസ്റ്റ് ഗാർഡ് വിഴിഞ്ഞം സ്റ്റേഷൻ കമൻഡാന്റ് ജി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ അസി. കമൻഡാന്റ് അരുൺ, ഡപ്യൂട്ടി കമൻഡാന്റ് പട്ടോഡിയ, കോ–ഓർഡിനേറ്റർ സതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. കോസ്റ്റ്ഗാർഡ് സ്റ്റേഷനിലെത്തിച്ച ഇവരെ വിവിധ കേന്ദ്ര സുരക്ഷ ഏജൻസികൾ ചോദ്യം ചെയ്തു. നടപടികൾക്കു ശേഷം സംഘത്തെ ഫിഷറീസ് വകുപ്പിന് കൈമാറുമെന്ന് സ്റ്റേഷൻ കമൻഡാന്റ് അറിയിച്ചു.