ആര്യനാട് പാലം ജംക്‌ഷനിൽ ഗതാഗത നിയന്ത്രണം പാളി
Mail This Article
ആര്യനാട്∙ പഞ്ചായത്തും പൊലീസും ചേർന്ന് കൈക്കൊണ്ട നടപടികൾ എങ്ങുമെത്താതായതോടെ ആര്യനാട് പാലം ജംക്‌ഷനിൽ ഗതാഗത നിയന്ത്രണം പാളി. ഇപ്പോൾ റോഡിന്റെ വശങ്ങളിൽ തലങ്ങും വിലങ്ങും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടെ പൊലീസ് സ്ഥാപിച്ച നോ പാർക്കിങ് ബോർഡുകൾ നോക്കുകുത്തിയായി. ഗതാഗത നിയന്ത്രണം നടപ്പാക്കുന്നതിൽ പൊലീസ് കാട്ടുന്ന അലംഭാവം ആണ് പദ്ധതി പാളാൻ ഇടയായത്. അതേസമയം കച്ചവടത്തെ ബാധിക്കാത്ത തരത്തിൽ വേണം പാലം ജംക്‌ഷനിൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്താൻ എന്ന് വ്യാപാരികൾ പറയുന്നു. ദൂരസ്ഥലങ്ങളിൽ ജോലിക്ക് പോകുന്നവർ വരെ കടകൾക്ക് മുന്നിൽ വാഹനങ്ങൾ കൊണ്ടു വയ്ക്കുകയാണ്.
ആര്യനാട് പൊലീസ് മുൻ ഇൻസ്പെക്ടർ എൻ.ആർ.ജോസിന്റെ കാലത്താണ് പഞ്ചായത്തും പൊലീസും ചേർന്ന് പാലം ജംക്‌ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ അവലോകന യോഗം ചേർന്നത്. തുടർന്ന് റോഡിന്റെ വശങ്ങളിൽ പൊലീസ് നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചു. കുറച്ച് ദിവസം ഗതാഗത നിയന്ത്രണം നടപ്പാക്കിയെങ്കിലും പുതിയ ഇൻസ്പെക്ടർ എത്തിയതോടെ ഇത് തകിടം മറിഞ്ഞു. സ്റ്റേഷന്റെ മൂക്കിൻ തുമ്പത്താണ് പാലം ജംക്‌ഷൻ എങ്കിലും പൊലീസ് നടപടി സ്വീകരിക്കാൻ മെനക്കെടാത്തതാണ് ഗതാഗത പാർക്കിങ് പിന്നെയും പഴയപടി ആയത്. ഇപ്പോൾ നോ പാർക്കിങ് ബോർഡ് മാറ്റി നൽകിയാൽ അവിടെയും കൂടി ഒരു ഇരുചക്രവാഹനം പാർക്ക് ചെയ്യാമെന്ന നിലയിലായി. പൊലീസിന്റെ സഹകരണത്തോടെ നിയന്ത്രണം നടപ്പാക്കി മുന്നോട്ടുപോകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ അറിയിച്ചു.
പാർക്കിങ്ങ് നിബന്ധനകൾ
മുൻപ് ഉണ്ടായിരുന്ന പൊലീസ് ഇൻസ്പെക്ടറുടെ കാലത്ത് ചേർന്ന അവലോകന യോഗത്തിൽ ആണ് പാർക്കിങ്ങിനെ സംബന്ധിച്ച് തീരുമാനമെടുത്തത്. ആര്യനാട് പോസ്റ്റ് ഓഫിസ് ജംക്‌ഷൻ– പാലം ജംക്‌ഷൻ റോഡിലും കാഞ്ഞിരംമൂട്– പാലം ജംക്‌ഷൻ റോഡിലും വാഹന പാർക്കിങ് ഒരു വശത്ത് മാത്രം. വീതി കുറവായ കെഎസ്ആർടിസി ഡിപ്പോയുടെ മുൻവശം മുതൽ പാലം ജംക്‌ഷൻ വരെ വാഹനങ്ങൾ ഒതുക്കാൻ പാടില്ല. ഇരുചക്രവാഹനങ്ങൾ പാലം ജംക്‌ഷനിലെ ശ്രീനാരായണ ബിൽഡിങിന് മുൻവശത്തെ സ്ഥലത്ത് പാർക്ക് ചെയ്യണം. മറ്റ് വാഹനങ്ങൾ പൊതുമരാമത്ത് റസ്റ്റ് ഹൗസിന് സമീപത്തെ ഇടറോഡിലും സബ്റജിസ്ട്രാർ ഓഫിസിന് മുൻവശത്തെ സ്ഥലത്തും ഒതുക്കണം എന്നായിരുന്നു തീരുമാനം.