ഓർമയാകുമോ അതിർത്തിയിലെ അടയാളങ്ങളും? കേരളപ്പിറവി സ്മാരക സ്തൂപങ്ങൾ തകർന്നുതന്നെ

Mail This Article
പാറശാല∙കേരളപ്പിറവിയുടെ ഒാർമയ്ക്കായി സംസ്ഥാന അതിർത്തിയിൽ സ്ഥാപിച്ചിരുന്ന അശോക സ്തംഭം പതിച്ച സ്തൂപം തകർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും പുനർ നിർമിക്കാൻ നടപടികളില്ല. കന്യാകുമാരി ജില്ല തമിഴ്നാടിനു കൈമാറിയതിന്റെ സ്മരണയ്ക്കായി 1956ൽ ആണ് കളിയിക്കാവിള അതിർത്തിയിലെ രണ്ട് വശങ്ങളിലും സർക്കാർ സ്തൂപങ്ങൾ സ്ഥാപിച്ചത്. അതിർത്തി മേഖലയിൽ പതിറ്റാണ്ടുകളോളം പൈതൃകമായി നിലകൊണ്ട സ്തൂപങ്ങളിൽ വലതു വശത്തുള്ളത് വർഷങ്ങൾക്ക് മുൻപ് വാഹനം ഇടിച്ചാണ് തകർന്നത്.
സ്തൂപത്തിന്റെ അവശിഷ്ടങ്ങൾ മാസങ്ങളോളം റോഡ് വശത്ത് കിടന്നു. മാധ്യമ വാർത്തകളെ തുടർന്ന് അവശിഷ്ടങ്ങൾ മാറ്റി എങ്കിലും പുനർ നിർമാണ നടപടികൾ ഉണ്ടായില്ല. നിലവിൽ സ്തൂപം നിർമിച്ചിരുന്ന അസ്ഥിവാരം മാത്രം ആണ് അവശേഷിക്കുന്നത്. സ്തൂപം പുനർ നിർമാണം ആവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകർ ഒട്ടേറെ തവണ ജനപ്രതിനിധികൾക്ക് പരാതി നൽകി എങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ദേശീയപാതയുടെ വലതു ഭാഗത്ത് നിലവിലുള്ള അശോക സ്തംഭവും അവഗണനയിൽ ആണ്. പെയിന്റിങ് നടത്തിയിട്ടു വർഷങ്ങൾ കഴിഞ്ഞതോടെ പല ഭാഗവും അടർന്ന നിലയിൽ ആണ്.