നവകേരള സദസ്സ് സംഘാടക സമിതി: സിപിഎം–സിപിഐ പോര്
Mail This Article
പാറശാല∙നവകേരള സദസ്സ് കുളത്തൂർ പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണ യോഗത്തിൽ സിപിഎം–സിപിഐ പോര്. പരിപാടികളിൽ സിപിഐക്കു വേണ്ടത്ര പ്രാതിനിധ്യം നൽകിയില്ലെന്ന് ആരോപിച്ച് പ്രാദേശിക നേതാക്കൾ അടക്കം പ്രതിഷേധവുമായി സദസ്സിലേക്കു എത്തുകയായിരുന്നു. വാക്കേറ്റത്തിനൊടുവിൽ ബഹിഷ്കരണത്തിലാണ് യോഗം എത്തിയത്. ഇന്നലെ വൈകിട്ട് കുളത്തൂർ വിഎച്ച്എസ്‌സി സ്കൂൾ വളപ്പിൽ നടന്ന യോഗത്തിൽ ആണ് സംഭവം.വാർഡ് തല ചെയർമാൻ അടക്കം ഭാരവാഹികളെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അനൗൺസ് ചെയ്തതോടെ ആണ് തർക്കങ്ങൾക്ക് തുടക്കം.
യോഗത്തിൽ പങ്കെടുക്കാത്ത പാർട്ടി നേതാക്കൾക്ക് വരെ ഭാരവാഹി സ്ഥാനം നൽകിയിട്ടും അഞ്ചു വാർഡുകളിൽ മത്സരിച്ച സിപിഐ പ്രവർത്തകരെ ഒഴിവാക്കി എന്നായിരുന്നു പ്രധാന പരാതി. തർക്കം മുറുകിയതോടെ വിഷയത്തിൽ ഇടപെട്ട പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഐ നേതാക്കളും തമ്മിൽ നേരിയ വാക്കേറ്റം നടന്നു. തർക്കത്തിനിടയിൽ ചിലർ മോശം പദപ്രയോഗം നടത്തിയതായും ആരോപണം ഉണ്ട്. സ്ഥലത്ത് ഉണ്ടായിരുന്ന എംഎൽഎ അടക്കം മുതിർന്ന നേതാക്കൾ ഇടപെട്ടതോടെ ആണ് രംഗം ശാന്തമായത്. പ്രതിഷേധത്തിനൊടുവിൽ അഞ്ചു വാർഡുകളിൽ ഭാരവാഹി സ്ഥാനം നൽകാം എന്ന് സിപിഎം നേതാക്കൾ അറിയിച്ചെങ്കിലും സിപിഐ പ്രവർത്തകർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.
സിപിഎം–സിപിഐ ഭിന്നത നിലനിൽക്കുന്ന കാരോട് പഞ്ചായത്തിലും ഇന്നലെ വൈകിട്ട് നടന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിൽ സിപിഐക്ക് ക്ഷണം ലഭിച്ചില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒട്ടേറെ വാർഡുകളിൽ സിപിഐ സ്ഥാനാർഥികളുടെ തോൽവിക്കു കാരണം സിപിഎമ്മിന്റെ രഹസ്യ ഇടപെടൽ ആണെന്ന് സിപിഐയുടെ ആരോപണം ആണ് ഒഴിവാക്കുന്നതിനു പിന്നിൽ എന്ന് സിപിഐ നേതാക്കളുടെ വിലയിരുത്തൽ. പ്രതിപക്ഷ പാർട്ടികൾ പൂർണമായും വിട്ടു നിന്ന യോഗത്തിൽ സിപിഎം പ്രവർത്തകരും ഉദ്യോഗസ്ഥരും മാത്രം ആണ് കാരോട് പഞ്ചായത്തിലെ യോഗത്തിൽ പങ്കെടുത്തത്.
നെയ്യാറ്റിൻകരയിൽ സംഘാടകസമിതി ഓഫിസ് തുറന്നു
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ അടുത്ത മാസം 22ന് നടത്തുന്ന നവകേരള സദസ്സിനു വേണ്ടി നെയ്യാറ്റിൻകര ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പൈതൃക മന്ദിരത്തിൽ ആരംഭിച്ച സംഘാടക സമിതി ഓഫിസ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കെ.ആൻസലൻ എംഎൽഎ, നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻ ഡാർവിൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ.സാദത്ത്, സിപിഎം ഏരിയ സെക്രട്ടറി ടി.ശ്രീകുമാർ, കൊടങ്ങാവിള വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രാഥമിക മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.
അതിയന്നൂരിൽ സ്വാഗത സംഘം രൂപീകരണം
നെയ്യാറ്റിൻകര ∙ നവ കേരള സദസ്സിന്റെ ഭാഗമായി അതിയന്നൂർ പഞ്ചായത്തിൽ നടത്തിയ സ്വാഗത സംഘം രൂപീകരണം കെ.ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ അധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബി.ബി.സുനിതാ റാണി, നേതാക്കളായ വി.രാജേന്ദ്രൻ, സുധാമണി, അജിത, ബീന, ശ്രീകല, വിജയകുമാർ, അശ്വതി ചന്ദ്രൻ, എം.പൊന്നയ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.