ADVERTISEMENT

തിരുവനന്തപുരം ∙ മിക്ക റോഡുകളും പൊട്ടിപ്പൊളിഞ്ഞിട്ടും കോർപറേഷനുമായി കരാറിൽ ഏർപ്പെട്ട മരാമത്തുപണികൾ ആരംഭിക്കാതെ കരാറുകാരുടെ ഒത്തുകളി. ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച്, ടെൻഡർ നടപടികൾ പൂർത്തിയാക്കിയ പണികളിൽ 10% പോലും ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് കണക്കുകൾ. കുണ്ടും കുഴിയുമായ റോഡുകളിലൂടെ സ‍ഞ്ചരിച്ച് ജനത്തിന്റെ നടുവൊടിഞ്ഞിട്ടും പണി ആരംഭിക്കാത്തത് എന്തെന്ന് കരാറുകാരോട് ചോദിക്കാ‍ൻ ഭരണസമിതിക്ക് മുട്ടിടിക്കുന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ എല്ലാ പ്രവൃത്തികളും ഒരുമിച്ച് നടത്തുമ്പോൾ ഗുണനിലവാരം ഉറപ്പാക്കാൻ കഴിയുമോയെന്നും ആശങ്കയുണ്ട്. 

ഈ സാമ്പത്തിക വർഷം കോർപറേഷന്റെ 682 മരാമത്ത് പണികൾക്കാണ് ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. എല്ലാ പണികൾക്കും സാങ്കേതിക അനുമതിയും ലഭിച്ചു. 60 % പണികൾക്കായി കോർപറേഷനും കരാറുകാരുമായി കരാറിൽ ഒപ്പിട്ടിട്ടുണ്ട്.. എന്നാൽ പത്തു ശതമാനം പണികൾ പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. മഴയെ പഴിചാരിയാണ് കരാറുകാർ ഉഴപ്പുന്നതെന്നാണ് ആക്ഷേപം. ടാറിങ്, റീ ടാറിങ് പണികൾ നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടെങ്കിലും മറ്റു മരാമത്തു പണികളും തുടങ്ങിയിട്ടില്ല. 

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം 5 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ ട്രഷറിയിൽ മാറുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതു കാരണം സമയത്ത് ബില്ലുകൾ മാറാൻ കഴിയുമോയെന്ന് കരാറുകാർക്ക് ആശങ്കയുണ്ട്. സാമ്പത്തിക വർഷത്തിന്റെ അവസാനം കൂട്ടത്തോടെ പണികൾ ചെയ്യുമ്പോൾ ഉദ്യോഗസ്ഥരുടെ പരിശോധന പരമാവധി ഒഴിവാക്കാൻ കഴിയുമെന്നതാണ് പണി താമസിപ്പിക്കാൻ കരാറുകാരെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. ഒരാഴ്ച മുൻപ് പദ്ധതി പുരോഗതി വിലയിരുത്താൻ യോഗം ചേർന്നെങ്കിലും പണി ആരംഭിക്കാത്തതിനെക്കുറിച്ച് ചർച്ചയേ നടന്നില്ല. 

തദ്ദേശ സ്ഥാപനങ്ങൾക്ക് രണ്ടാം ഗഡുവായി ആയിരം കോടി 
ഇതിനിടെ റോഡ്– റോഡ് ഇതര ഗ്രാന്റ് ഇനത്തിൽ ഈ സാമ്പത്തിക വർഷത്തെ രണ്ടാം ഗഡുവായി ആയിരം കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ അനുവദിച്ചു. എന്നാൽ ട്രഷറി നിയന്ത്രണം കാരണം  തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതിന്റെ ഗുണം ഉടനെ കിട്ടാൻ സാധ്യത കുറവാണ്. റോഡിന്റെ നീളം, കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള ആസ്തി എന്നിവ കണക്കാക്കിയാണ് 3 ഗഡുക്കളായി തദ്ദേശ സ്ഥാപനങ്ങൾക്ക് ഗ്രാന്റ് അനുവദിക്കുന്നത്. കോർപറേഷന് രണ്ടാം ഗഡുവായി പത്തു കോടിയോളം ലഭിക്കുമെങ്കിലും ബില്ല് മാറിക്കിട്ടാൻ വൈകുന്നതിനാൽ അറ്റകുറ്റപ്പണികളും നടക്കുന്നില്ല. റോഡ്, റോഡിതര അറ്റകുറ്റപ്പണികൾക്കായി 350 പദ്ധതികളാണ് പട്ടികയിൽപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT