വിമാനത്താവളം തകർക്കുമെന്ന് ഭീഷണി: യുവാവിനെ മുംബൈയിൽ എത്തിച്ചു; കോടതിയുടെ അനുമതിയോടെ കൊണ്ടുപോയത് എടിഎസ്

Mail This Article
കിളിമാനൂർ ∙ മുംബൈ വിമാനത്താവളം തകർക്കുമെന്ന് ഇമെയിൽ ഭീഷണി സന്ദേശം അയച്ചതിന് അറസ്റ്റിലായ കിളിമാനൂർ സ്വദേശിയായ യുവാവിനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) കോടതിയുടെ അനുമതിയോടെ മുംബൈയിലേക്കു കൊണ്ടുപോയി. കിളിമാനൂർ ചൂട്ടയിൽ കടവിള വീട്ടിൽ എസ്.ഫെബിൻ ഷാ (23) ആണ് അറസ്റ്റിലായത്. പത്തു ലക്ഷം യുഎസ് ഡോളർ മൂല്യമുള്ള ബിറ്റ്കോയിൻ കൈമാറിയില്ലെങ്കിൽ മുംബൈ വിമാനത്താവളം തകർക്കുമെന്നായിരുന്നു ഭീഷണി. ഇയാൾക്കു തീവ്രവാദ ബന്ധമില്ലെന്നും ഓഹരി ഇടപാടിൽ നഷ്ടം നേരിട്ടതാണ് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയയ്ക്കാൻ കാരണമെന്നാണ് വിവരം.
23നു രാവിലെ 8 മണിക്കാണ് ഫെബിന്റെ ഇമെയിലിൽ നിന്നു രണ്ടു ഭീഷണി സന്ദേശങ്ങൾ അയച്ചത്. ഇമെയിലിലെ ഐപി വിലാസം ഉപയോഗിച്ച് കേരള സൈബർ പൊലീസിന്റെ സഹായത്തോടെ എടിഎസ് സംഘം ഫെബിന്റെ ലൊക്കേഷൻ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ കിളിമാനൂരിൽ എത്തിയ സംഘം ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ഫെബിന്റെ വീട്ടിൽ പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത് കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം കേരള പൊലീസ് സൈബർ ഭീകര വിരുദ്ധ സ്ക്വാഡും ഐബിയും ചോദ്യം ചെയ്തു. തുടർന്ന് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി 3 ദിവസത്തെ ട്രാൻസിറ്റ് കസ്റ്റഡി ഉത്തരവ് വാങ്ങിയ ശേഷമാണ് മുംബൈയിലേക്കു കൊണ്ടുപോയത്.
ഫെബിന്റെ മൊബൈൽ ഫോണുകളും ലാപ്ടോപ്പും ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു. അമ്മയുടെ പേരിലുള്ള ഇന്റർനെറ്റ് കണക്‌ഷൻ ഉപയോഗിച്ച് സ്വന്തം ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശം അയച്ചത്. ബിബിഎ ബിരുദധാരിയാണ് ഫെബിൻ ഷാ. വീട്ടിൽ നിന്ന് അധികം പുറത്തിറങ്ങാത്തതിനാൽ ഫെബിനു നാട്ടിൽ സുഹൃത്തുക്കൾ കുറവാണ്. ഓൺലൈൻ തട്ടിപ്പ് അന്വേഷിക്കാനാണ് പൊലീസ് സംഘം എത്തിയതെന്നാണ് നാട്ടിൽ ആദ്യം ലഭിച്ച വിവരം. വീടിനുള്ളിൽ പരിശോധന തുടങ്ങിയപ്പോഴാണ് വിമാനത്താവളം തകർക്കുമെന്ന ഭീഷണിയെക്കുറിച്ച് പുറത്തറിഞ്ഞത്.