ADVERTISEMENT

പോത്തൻകോട് ∙ വൃശ്ചിക കാർത്തിക സംസ്ഥാന കിഴങ്ങുവിള ദിനമായി പ്രഖ്യാപനം വന്നിട്ട് ഒരു വ്യാഴവട്ടം തികയുന്നു. തിരുവനന്തപുരം ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന കേന്ദ്ര കിഴങ്ങുവർഗ വിള ഗവേഷണ കേന്ദ്രത്തിന്റെ (സിടിസിആർഐ) അഭ്യർഥന മാനിച്ച് 2011ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കൃഷിവകുപ്പ് ഈ ദിവസത്തിന് ഔദ്യോഗിക പരിവേഷം നൽകിയത്. ദിനാചരണത്തോടൊപ്പം വജ്ര ജൂബിലി ആഘോഷവും 28,29ന് സിടിസിആ‍ർഐയിൽ നടക്കുന്നു. രാവിലെ 10ന് നടക്കുന്ന ദേശീയ സമ്മേളനം തെലങ്കാന ഹോർട്ടികൾചർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. നീരജപ്രഭാകർ ഉദ്ഘാടനം ചെയ്യും. മരിച്ചീനിയിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞൻ ഡോ. സ്റ്റീഫൻ വിന്റർ മുഖ്യാതിഥിയാകും. 22 സംസ്ഥാനങ്ങളിൽ നിന്നു പ്രതിനിധികൾ പങ്കെടുക്കും. 30 സ്റ്റാളുകളിലായി ഒരുക്കുന്ന കാർഷിക പ്രദർശന മേളയിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രവേശനമെന്ന് സിടിസിആർഐ ഡയറക്ടർ ഡോ. ജി. ബൈജു അറിയിച്ചു. 

മാവേ കാണ് പ്ലാവേ കാണ് ....
ഓണം , വിഷു തുടങ്ങി വൃശ്ചിക മാസത്തിലെ തൃക്കാർത്തികയും കേരളീയർക്ക് കാർഷികോത്സവമാണ്. ലക്ഷ്മിപ്രീതിക്കും ഐശ്വര്യത്തെ വരവേൽക്കാനുമായി കാർത്തിക ദീപം തെളിയിക്കുന്നതാണ് പ്രധാന ചടങ്ങ്. സന്ധ്യാ സമയത്ത് മച്ചിങ്ങകൾ (വെള്ളയ്ക്ക)  കൊണ്ട് തേരു തീർത്ത് പുതിയ മുറത്തിൽ മധ്യഭാഗത്തായി വയ്ക്കും. അതിൽ അരി, ശർക്കര, അരിമാവ്, തേങ്ങ, ദീപം, തുളസിപ്പൂവ്, അവൽ, പൊരി തുടങ്ങി പടുക്ക സാധനങ്ങളും, ചന്ദനം ഭസ്മം എന്നിവ ഒരുക്കി വയ്ക്കുന്നതിനു പുറമേ ഇടിഞ്ഞിലുകളിൽ എണ്ണയൊഴിച്ച് എള്ളുകിഴി വച്ച്  കത്തിക്കും. കൊതുമ്പിൽ തുണി കെട്ടി എണ്ണയിൽ മുക്കി കത്തിച്ച ശേഷം മുറം തലയിലേറ്റി ‘‘തെങ്ങേകാണ് ..., മാവേ കാണ്....പ്ലാവേ കാണ് ...’’. എന്നിങ്ങനെ ഓരോ വൃക്ഷങ്ങളുടെയും പേരുകൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞ് പറമ്പിലും പാടത്തും  പലയിടങ്ങളിലായി പന്തങ്ങൾ നാട്ടും.  ഇങ്ങനെ ദീപങ്ങളുടെ കൂടി ഉത്സവമാണ് തൃക്കാർത്തിക. കാർത്തികയ്ക്ക് കാച്ചിലും ചെറുകിഴങ്ങും കരിക്കുമൊക്കെയാണ് പ്രത്യേക ഭക്ഷണം.  മുൻപ് കൃഷിചെയ്തിരുന്ന കിഴങ്ങു വർഗ്ഗങ്ങളുടെ വിളവെടുപ്പുൽസവം കൂടിയായിരുന്നു വൃശ്ചികത്തിലെ കാർത്തിക. 

ശാസ്ത്രീയത 
കേരളത്തിൽ രണ്ടാം വിള നെൽക്കൃഷിയുടെ നിർണായക സമയമാണ് കാർത്തിക. നെല്ലിലെ തണ്ടുതുരപ്പനും ഇല ചുരുട്ടിയും ചാഴിയും സജീവമായി രംഗത്തുണ്ടാകും. രാത്രിയിലെത്തുന്ന നിശാശലഭങ്ങൾ ചെടികളിൽ മുട്ടയിട്ടു പോകും . അത് വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ ചെടികളെ തിന്നു തീർക്കും. ഇത്തരം കീടങ്ങളെയെല്ലാം നശിപ്പിച്ച് കൃഷി സംരക്ഷിക്കാൻ എല്ലായിടത്തും ഒരേ സമയം വയ്ക്കുന്ന വിളക്കു കെണി കൂടിയാണ് ഈ ആചാരമെന്നു കൃഷി ഗവേഷകർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com