സ്റ്റാച്യു – ജനറൽ ആശുപത്രി റോഡിൽ ഗതാഗതനിരോധനം
Mail This Article
തിരുവനന്തപുരം ∙ സ്മാർട് നിലവാരത്തിലേക്ക് ഉയർത്താനുള്ള നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റാച്യു – ജനറൽ ആശുപത്രി റോഡ് വഴിയുളള ഗതാഗതം പൂർണമായി നിരോധിച്ചു. നിലവിലെ നിരപ്പിൽ നിന്ന് 4 അടിയോളം താഴ്ചയിൽ മണ്ണ് പൂർണമായി നീക്കം ചെയ്ത ശേഷമാണ് നിർമാണം നടത്തുന്നത്. റോഡ് അടച്ചതോടെ സെന്റ് ജോസഫ്സ് സ്കൂൾ, ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് പോകാൻ വേറെ വഴി കണ്ടെത്തേണ്ട അവസ്ഥയാണ്. 444 മീറ്ററാണ് റോഡിന്റെ നീളം. ഇതിൽ പകുതിയോളം ഭാഗത്ത് നേരത്തെ ഡക്ടുകൾ നിർമിച്ചിരുന്നു.
ടാറിങ് നടത്തിയാലും റോഡ് ഈടു നിൽക്കുന്ന തരത്തിലുള്ള അടിസ്ഥാനമില്ലെന്ന് മണ്ണ് പരിശോധനയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് റോഡ് പൂർണമായി കുഴിച്ച് നിർമാണം നടത്തുന്നത്. ബാക്കിയുള്ള ഭാഗത്ത് ഡക്ടുകൾ നിർമിക്കുന്നതിനും തൊഴിലാളികൾക്ക് എളുപ്പത്തിൽ കേബിളുകൾ ഡക്ടുകൾക്കുള്ളിലാക്കുന്നതിനും മണ്ണ് നീക്കം ചെയ്യുന്നത് സഹായിക്കുമെന്നാണ് കേരള റോഡ് ഫണ്ട് ബോർഡിന്റെ വിലയിരുത്തൽ.
ഡക്ടുകൾ നിർമിച്ച ശേഷം മണ്ണിട്ട് റോഡ് നിരപ്പാക്കിയ ശേഷമാകും മറ്റു പ്രവർത്തനങ്ങൾ നടത്തുകയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.സെന്റ് ജോസഫ് സ്കൂളിലും ജനറൽ ആശുപത്രിയിലും പോകാൻ പുളിമൂട് വഴിയോ സ്പെൻസർ ജംക്‌ഷൻ വഴിയോ ചുറ്റണം. ഈ വഴികൾ അറിയാത്തവർ ശരിക്കും ചുറ്റുകയാണിപ്പോൾ.