വർക്കല, വെട്ടൂർ വില്ലേജ് ഓഫിസ് തുറക്കൽ വൈകുന്നു
Mail This Article
വെട്ടൂർ∙ പുതിയ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായിട്ടും തുറക്കാൻ കാത്തിരിക്കുന്ന പട്ടികയിൽ വെട്ടൂർ, വർക്കല വില്ലേജ് ഓഫിസുകൾ തുടരുന്നു. പുത്തൻചന്ത–കടയ്ക്കാവൂർ റോഡിൽ വെട്ടൂർ പഞ്ചായത്തിന്റെ കെട്ടിട നിർമാണം പൂർത്തിയാക്കി നാലു മാസം പിന്നിട്ടു. ചുറ്റുമതിലും കെട്ടി വില്ലേജ് ഓഫിസ് നാമകരണവും നടത്തി താഴിട്ടു പൂട്ടിക്കിടക്കുന്ന വില്ലേജ് ഓഫിസിനെ കാഴ്ചവസ്തുവായി നിർത്തി ഏതാണ്ട് നൂറു മീറ്റർ മാറിയുള്ള വാടകക്കെട്ടിടത്തിൽ കയറിയിറങ്ങുകയാണ് ഇടപാടുകാർ.
റെയിൽവേ സ്റ്റേഷൻ റോഡ് ടിഎ മജീദ് സ്മാരക മന്ദിരത്തിനു സമീപത്തെ വർക്കല വില്ലേജ് ഓഫിസ് കെട്ടിടനിർമാണവും പൂർത്തിയായിട്ടും ഏതാണ്ട് 300 മീറ്റർ അകലെ മുനിസിപ്പൽ ബസ് സ്റ്റാൻഡ് വളപ്പിലെ നേരത്തെ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസായി പ്രവർത്തിച്ച ചെറിയ കെട്ടിടത്തിലാണ് താൽക്കാലികമായി പ്രവർത്തിക്കുന്നത്. ഇവിടെ വന്നുപോകുന്നത് പ്രയാസകരമാണെന്നും മാത്രമല്ല ഫയലുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. നിർമാണ കരാറുകാർക്കു കുടിശിക മുഴുവനായി കൊടുത്തു തീർക്കാത്തതാണു ഓഫിസുകൾ പൂട്ടിയിടേണ്ട അവസ്ഥയ്ക്കു കാരണമായി പറയുന്നത്.