‘50 പവൻ, 50 ലക്ഷത്തിന്റെ സ്വത്ത്, കാർ കൊടുക്കാമെന്നു പറഞ്ഞു, അവർക്ക് അതൊന്നും പോരായിരുന്നു’

Mail This Article
തിരുവനന്തപുരം ∙ ‘50 പവനും 50 ലക്ഷം രൂപയുടെ സ്വത്തും ഒരു കാറും കൊടുക്കാമെന്നു പറഞ്ഞിട്ടും പറ്റില്ലെന്നു പറഞ്ഞു. സാധാരണ ഒരു കുടുംബത്തിന് പറ്റുന്നതിനെക്കാളും കൊടുക്കാമെന്നു പറഞ്ഞിട്ടും അവർ തയാറായില്ല. അവർക്ക് അതൊന്നും പോരായിരുന്നു’ – ഡോ.ഷഹ്നയുടെ സഹോദരൻ ജാസിം നാസിന്റെ വാക്കുകൾ ഇങ്ങനെ.
ഷഹ്നയുടെ സുഹൃത്തായ ഡോക്ടറുടെ കുടുംബത്തെക്കുറിച്ചായിരുന്നു ജാസിമിന്റെ പരാമർശം. അവർ 150 പവനും 15 ഏക്കർ ഭൂമിയും ബിഎംഡബ്ല്യു കാറും സ്ത്രീധനമായി ചോദിച്ചെന്നാണ് ആരോപണം. ‘‘എന്റെ സഹോദരിയുടെ മരണത്തിൽ എനിക്ക് പരാതിയുണ്ട്. പരാതി നൽകും. എന്റെ അനിയത്തിയെ അയാൾ ഫോൺ വിളിച്ചിട്ട് പിന്നീടെന്തെങ്കിലും സംസാരിച്ചിട്ടുണ്ടോ എന്ന് എന്നെനിക്കറിയണം. അത് എന്റെ അവകാശമാണ്’’ –ജാസിം നാസ് പറഞ്ഞു.
‘‘ഒരു വിവാഹാലോചന വന്നു. മെഡിക്കൽ കോളജിലുള്ളതാണ്. എല്ലാവർക്കും അറിയാവുന്നതാണ്. ഇങ്ങോടുട് വന്ന് എന്റെ സഹോദരിയുടെ അടുത്ത് ഇഷ്ടം പറഞ്ഞതാണ്. അവർ തമ്മിൽ സംസാരിച്ചു. ഇഷ്ടമായി. വീട്ടിൽ ആലോചന വന്നു. അന്വേഷിക്കാനായി ഡോക്ടറുടെ വീട്ടിൽ പോയി. എന്നാൽ സ്ത്രീധനം കൂടുതൽ ചോദിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്റെ സമീപനം.
ഞങ്ങൾക്ക് അതു മനസ്സിലായി. സാധാരണ കുടുംബത്തിന് കൊടുക്കാവുന്നതല്ലാം കൊടുക്കാമെന്നു പറഞ്ഞു. എന്നാൽ, ഡോക്ടറുടെ അച്ഛന് അതിനോട് യോജിപ്പില്ലായിരുന്നു. സാമ്പത്തികം ഒട്ടും പോര എന്നായിരുന്നു ഡോക്ടറുടെ അച്ഛൻ പറഞ്ഞത്. വലിയ ബുദ്ധിമുട്ടാണ്, സാമ്പത്തികം പറ്റുന്നില്ലെന്നും പറഞ്ഞു. ഒരു പാട് തവണ ഇങ്ങനെ പറഞ്ഞു. സാമ്പത്തികവും സ്ത്രീധനം ഒരുപാട് ചോദിക്കുന്നുവെന്നതിനാൽ ഈ ബന്ധം വിടാമെന്നു ഞാൻ പറഞ്ഞു.
ബന്ധം വിട്ടെങ്കിലും അവർ തമ്മിൽ ഇഷ്ടമായിരുന്നതിനാൽ എന്റെ സഹോദരി മാനസിക സംഘർഷത്തിന് അടിമപ്പെട്ടു. അടുപ്പത്തിലായിരുന്ന വ്യക്തി കൈവിട്ടതോടെ ഷഹ്ന മാനസികമായി തളർന്നു, പിന്നെ തിരിച്ചു വന്നില്ല. ഒരാഴ്ച വീട്ടിൽ നല്ലതു പോലെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. ഒറ്റയ്ക്കായി പോയപ്പോൾ പെട്ടുപോയതാണ്....’’–ജാസിം നാസ് പറഞ്ഞു.
വൻ തുക സ്ത്രീധനം ചോദിച്ചു: മാതാവ് വനിതാ കമ്മിഷനോട്
തിരുവനന്തപുരം ∙ മകളുടെ വിവാഹത്തിനു വൻതുക സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നുവെന്നു ഡോ.ഷഹ്നയുടെ മാതാവ് ജലീല ബീവി വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവിയോട് പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ നിന്നു വിവാഹാലോചനകൾ വന്നിരുന്നു. അതൊന്നും ഷഹ്നയ്ക്ക് ഇഷ്ടമായിരുന്നില്ല.
എന്നാൽ, അവസാനം വന്ന ആലോചനയോട് അവൾക്ക് താൽപര്യമുണ്ടായിരുന്നു. ഷഹ്നയുടെ സീനിയർ ആയി പഠിക്കുന്ന ആൾ ആയിരുന്നു ആലോചനയുമായി എത്തിയത്. വിവാഹാലോചന നടക്കുന്ന സമയത്തു തന്നെ മകളുടെ സുഹൃത്തായ ഡോക്ടറുടെ കുടുംബത്തിന്റെ ഭാഗത്തു നിന്നു സ്വർണം, ഭൂമി, വാഹനം എന്നിവ സംബന്ധിച്ച് ആവശ്യം മുന്നോട്ടു വച്ചിരുന്നു.
എന്നാൽ അവർ ആവശ്യപ്പെട്ട തുക കുടുംബത്തിനു താങ്ങാൻ കഴിയുന്നതായിരുന്നില്ലെന്നും മാതാവ് വനിത കമ്മിഷൻ അംഗങ്ങളോടു പറഞ്ഞു. ഷഹ്നയുടെ പിതാവ് അബ്ദുൽ അസീസ് മരിച്ചത് കുടുംബത്തിന്റെ സാമ്പത്തിക നിലയെ കാര്യമായി ബാധിച്ചുവെന്നും മാതാവ് പറഞ്ഞു.