തീരാനോവായി ആരുഷിന്റെ മരണം; സുരേഷിനെ ചതച്ചരച്ചത് ജൂണിൽ: വിഴിഞ്ഞത്ത് ടിപ്പർ ലോറികൾ ഭീഷണി

Mail This Article
തിരുവനന്തപുരം ∙ ലോറികളുടെയും ടിപ്പറുകളുടെയും കൊലവിളിയിൽ ജില്ലയിൽ വിലപ്പെട്ട ഒരു ജീവൻ കൂടി നഷ്ടമായി. നിയമം ലംഘിച്ച് അമിത വേഗത്തിലോടുന്ന ലോറികളെയും ടിപ്പറുകളെയും നിയന്ത്രിക്കാൻ പൊലീസും മോട്ടർ വാഹന വകുപ്പും തയാറാകാത്തതിൽ പ്രതിഷേധം വ്യാപകം. കരമന–കളിയിക്കാവിള ദേശീയപാതയിൽ അമരവിള ഗ്രാമം ജംക്‌ഷനിലെ എക്സൈസ് ചെക്ക് പോസ്റ്റിനു സമീപത്തുണ്ടായ അപകടത്തിലാണ് കാരോട് സ്വദേശി ആരുഷ്(4)കൊല്ലപ്പെട്ടത്.
അമിത വേഗത്തിലെത്തിയ ലോറി തട്ടിയതോടെ നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നു തെറിച്ചുവീണ ആരുഷിന്റെ തലയിലൂടെ ലോറിയുടെ പിൻചക്രം കയറിയിങ്ങിയായിരുന്നു മരണം. മണലും മെറ്റലും മറ്റ് കെട്ടിട നിർമാണ സാമഗ്രികളുമായി അമിതവേഗത്തിൽ പായുന്ന ലോറികളും ടിപ്പർ ലോറികളും റോഡുകളിൽ ഭീതി വിതയ്ക്കുകയാണ്. ദേശീയപാതയിലും മറ്റു റോഡുകളിലും എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചാണ് ലോറികളും ടിപ്പറുകളും പായുന്നത്.
റിതിക കൊല്ലപ്പെട്ടത് ഒന്നര വർഷം മുൻപ്
പാറശാല ∙ അമരവിള ഗ്രാമം ജംക്‌ഷനു സമീപം ഇന്നലെ ലോറി തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ് ആരുഷ് കൊല്ലപ്പെട്ടതിന് സമാനമായി ഒന്നര വർഷം മുൻപ് പാറശാല കാരാളിയിൽ നടന്ന അപകടത്തിൽ മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്തിരുന്ന രണ്ടര വയസ്സുകാരി ദാരുണമായി കൊല്ലപ്പെട്ടിരുന്നു. കളിയിക്കാവിള ആർസി സ്ട്രീറ്റിൽ അശ്വനിയുടെ മകൾ റിതിക ആണ് മരിച്ചത്. എതിർദിശയിൽ നിന്ന് അമിത വേഗത്തിൽ എത്തിയ ടിപ്പർ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് തെറിച്ച് വീണ കുഞ്ഞിന്റെ തലയ്ക്കേറ്റ പരുക്കാണ് മരണ കാരണം.
അപകടത്തിൽ മാതാപിതാക്കൾക്കും സാരമായി പരുക്കേറ്റു. ടിപ്പർ ഡ്രൈവറുടെ അലക്ഷ്യ ഡ്രൈവിങ് ആണ് അപകടത്തിനു ഇടയാക്കിയതെന്ന് പരാതികൾ ഉയർന്നിരുന്നു. ഒരു വർഷം മുൻപ് നെയ്യാറ്റിൻകര മരുത്തൂർ പാലത്തിനു സമീപം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന പാലിയോട് സ്വദേശികളായ ദമ്പതികളുടെ വാഹനത്തിൽ, പിൻവശത്ത് നിന്നെത്തിയ ടിപ്പർ ലോറി ഇടിച്ചു കയറി ഭാര്യ തൽക്ഷണം മരിച്ചു. വീതി കുറഞ്ഞ റോഡിൽ അലക്ഷ്യമായും മദ്യപിച്ചും ചില ഡ്രൈവർമാർ വാഹനം ഒാടിക്കുന്നതാണ് നിരത്തുകൾ ചോരക്കളങ്ങളാകുന്നതെന്നും ആരോപണമുണ്ട്.
ദേശീയ പാതയിൽ പതിവ്
പാറശാല∙അലക്ഷ്യമായുള്ള ഡ്രൈവിങ് ജീവൻ എടുക്കുന്നത് ദേശീയപാതയിൽ പതിവാകുന്നു. ഇന്നലെ ഗ്രാമത്തിനു സമീപം ലോറി ബൈക്കിൽ തട്ടി പിഞ്ചു കുഞ്ഞ് മരിച്ചതിനു സമാനമായി ഒന്നര വർഷം മുൻപ് പാറശാല കാരാളിയിൽ നടന്ന അപകടത്തിൽ മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്തിരുന്ന രണ്ടര വയസ്സുകാരി ദാരുണമായി മരിച്ചിരുന്നു. കളിയിക്കാവിള ആർസി സ്ട്രീറ്റിൽ അശ്വനിയുടെ മകൾ റിതിക ആണ് മരിച്ചത്. എതിർദിശയിൽ നിന്ന് അമിത വേഗത്തിൽ എത്തിയ ടിപ്പർ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് തെറിച്ച് വീണ കുഞ്ഞിന്റെ തലയ്ക്കേറ്റ പരുക്കാണ് മരണ കാരണം.
അപകടത്തിൽ മാതാപിതാക്കൾക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ടിപ്പർ ഡ്രൈവറുടെ അലക്ഷ്യ ഡ്രൈവിങ് ആണ് അപകടത്തിനു ഇടയാക്കിയതെന്ന് പരാതികൾ ഉയർന്നിരുന്നു. ഒരു വർഷം മുൻപ് നെയ്യാറ്റിൻകര മരുത്തൂർ പാലത്തിനു സമീപം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന പാലിയോട് സ്വദേശികളായ ദമ്പതികളുടെ വാഹനത്തിൽ പിൻ വശത്ത് നിന്നെത്തിയ ടിപ്പർ ലോറി ഇടിച്ചു കയറി ഭാര്യ തൽക്ഷണം മരിച്ചു. വീതി കുറഞ്ഞ റോഡിൽ അലക്ഷ്യമായും മദ്യപിച്ചും വാഹനം ഒാടിക്കുന്നതാണ് നിരത്തുകൾ കൊല്ലക്കളങ്ങളായി മാറുന്നതിനു പിന്നിൽ.
സുരേഷിനെ ചതച്ചരച്ചത് കഴിഞ്ഞ വർഷം ജൂണിൽ
പോത്തൻകോട് ∙ മംഗലപുരം ജംക്ഷനു സമീപം സ്കൂട്ടറിൽ നിന്നും റോഡിലേക്ക് മറിഞ്ഞുവീണ യുവാവിന്റെ മരണത്തിനിടയാക്കിയതും ടിപ്പർ ലോറിയുടെ അമിതവേഗം. ഊരുപൊയ്ക സ്വദേശി ജി. സുരേഷ് (48 ) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ജൂൺ 9ന് നായിരുന്നു അപകടം. ജോലിക്കായി പോത്തൻകോടേക്ക് പോകുകയായിരുന്നു സുരേഷ്. തിരക്കേറിയ മംഗലപുരം ജംക്ഷനു സമീപത്ത് വച്ച് നടന്നു പോകുകയായിരുന്നയാളിന്റെ ദേഹത്തു തട്ടിയാണ് സുരേഷ് സഞ്ചരിച്ച സ്കൂട്ടർ റോഡിലേക്ക് മറിഞ്ഞു വീണത്. സുരേഷിന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ടിപ്പർ ലോറിയുടെ പിൻചക്രം കയറിയിറങ്ങി.
മെറ്റൽ കയറ്റി വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് മറ്റൊരു ടോറസ് ലോറിയിലും എതിർദിശയിൽ വന്ന കാറിലും തട്ടിയ ശേഷം ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇട്ടിരുന്ന മൺകൂമ്പാരത്തിലിടിച്ചു നിന്നതും കഴിഞ്ഞ വർഷം മേയ് 27ന്. അപകടത്തിൽ ലോറി ഡ്രൈവറുടെ കാലുകൾക്ക് ഗുരുതര പരുക്കേറ്റു. ഡ്രൈവറെ ആദ്യം ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. ദേശീയ പാതയിൽ തോന്നയ്ക്കൽ എജെ കോളജ് ജംക്ഷനു സമീപത്തായിരുന്നു അപകടം. മംഗലപുരം ഭാഗത്തു നിന്നും തോന്നയ്ക്കൽ ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. എതിർ ദിശയിൽ വന്ന കാറിൽ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ലോറിയുടെ നിയന്ത്രണം വിട്ടത്.
ഭീഷണി ഒഴിയുന്നില്ല
വിഴിഞ്ഞം ∙ രാജ്യാന്തര തുറമുഖ പദ്ധതി നിർമാണം തുടങ്ങിയ അന്നു മുതൽ വിഴിഞ്ഞം മേഖലയിൽ ടിപ്പർ ലോറികൾ അപകട ഭീഷണി ഉയർത്തുകയാണ്. ഇവയുടെ അമിത വേഗവും പരിധി കഴിഞ്ഞുള്ള ലോഡും നിമിത്തം ചെറുതും വലുതുമായ അപകടങ്ങൾ പതിവ്. ഡിസംബർ 19ന് വിഴിഞ്ഞം ജംക്‌ഷനിൽ ടിപ്പർ കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ അധ്യാപികയുടെ കാൽ പൂർണമായി മുറിച്ചു മാറ്റിയ അപകടമാണ് സമീപകാലത്തെ ദാരുണ സംഭവം. ഈ സംഭവത്തിനു പിന്നാലെ വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിയ പ്രതിഷേധ സമരത്തിനൊടുവിൽ ട്രാഫിക് വാർഡന്മാരെ നിയോഗിച്ചുവെങ്കിലും വാഹന വേഗതക്കു ശമനമില്ലെന്നാണ് പരാതി.
അമിത വേഗതക്കൊപ്പം ഇവയുടെ അനധികൃത പാർക്കിംഗും അപകടത്തിനിടയാക്കുന്നു. കഴിഞ്ഞ 8ന് രാത്രി മുക്കോല–മുല്ലൂർ റോഡിൽ ഇരുട്ടിൽ പാർക്കു ചെയ്ത ടിപ്പറിന്റെ പിന്നിൽ ഇടിച്ച സ്കൂട്ടർ യാത്രികനു മുഖത്ത് ഗുരുതര പരുക്കേറ്റ സംഭവമുണ്ടായി. വിഴിഞ്ഞം കല്ലുവെട്ടാൻകുഴി–മുക്കോല സർവീസ് റോഡിൽ അശ്രദ്ധമായി നിർത്തിയിട്ടിരുന്ന കൂറ്റൻ ട്രെയിലറിനു പിന്നിൽ സ്കൂട്ടർ ഇടിച്ചു യാത്രികനായ 7 വയസ്സുകാരൻ മരിച്ച സംഭവം ഡിസംബർ 28നായിരുന്നു. ഫിറ്റ്നസ് പരാധീനതകളുള്ള ടിപ്പറുകളാണ് ഈ ഭാഗത്ത് ഓടുന്നതെന്ന പരാതിയും വ്യാപകം. ലോഡുമായി വന്ന ടിപ്പറുകളിൽ ചിലതിന്റെ ടയർ വൻ ശബ്ദത്തോടെ പൊട്ടിയ സംഭവങ്ങളിൽ കഷ്ടിച്ചാണ് അപകടം ഒഴിവായത്.
ലോറി തട്ടി സ്കൂട്ടർ മറിഞ്ഞു; തെറിച്ചുവീണ 4 വയസ്സുകാരൻ മരിച്ചു
നെയ്യാറ്റിൻകര ∙ അമിത വേഗത്തിലെത്തിയ ലോറി തട്ടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ടു മറിഞ്ഞ സ്കൂട്ടറിൽ നിന്നു തെറിച്ചുവീണ് 4 വയസ്സുകാരന് ദാരുണാന്ത്യം. കാരോട് പുല്ലുവിള ക്ഷേത്രത്തിനു സമീപം പ്രോമിസ് ലാൻഡിൽ ജിതിൻ – രേഷ്മ ദമ്പതികളുടെ മകൻ ആരുഷ് (4) ആണ് മരിച്ചത്. രാവിലെ ഒൻപതോടെ കരമന – കളിയിക്കാവിള ദേശീയപാതയിൽ അമരവിള ഗ്രാമം ജംക്‌ഷനിലെ എക്സൈസ് ചെക്ക് പോസ്റ്റിനു സമീപമായിരുന്നു അപകടം. സംസ്കാരം നടത്തി.രേഷ്മയുടെ പിതാവ് സ്റ്റീഫൻ ആണു സ്കൂട്ടർ ഓടിച്ചിരുന്നത്. സ്കൂട്ടറിൽ രേഷ്മയും ആരുഷും മൂത്ത മകൻ ആരോണും ഉണ്ടായിരുന്നു.
അമിത വേഗത്തിൽ പിന്നിൽ നിന്നെത്തിയ ലോറി സ്കൂട്ടറിനെ മറികടക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ലോറിക്കടിയിലേക്കു തെറിച്ചു വീണ ആരുഷിന്റെ തലയിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങി. സംഭവസ്ഥലത്തു തന്നെ മരിച്ചു. സ്റ്റീഫൻ, രേഷ്മ, ആരോൺ എന്നിവർക്ക് പരുക്കുകളുണ്ട്. ഇവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളജിലേക്കും മാറ്റി. പത്തനംതിട്ടയിൽ സിവിൽ പൊലീസ് ഓഫിസറാണ് ജിതിൻ. കാരോടിലെ രേഷ്മയുടെ വീട്ടിൽ നിന്ന് നെയ്യാറ്റിൻകര മണലൂരിലെ ജിതിന്റെ വീട്ടിലേക്കു പോകും വഴിയാണ് അപകടം. ആരുഷ് കുളത്തൂർ എൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്.